ആരു നയിക്കും ? സര്‍ക്കാരിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ട് താലിബാന്‍

ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രബല സ്ഥാനമാണ് അഫ്ഗാന്‍ രാഷ്ട്രീയത്തിലുള്ളത്.

Update: 2021-08-27 10:47 GMT
Editor : Suhail | By : Web Desk
Advertising

അഫ്ഗാനിസ്ഥാനില്‍ സ്ഥാപിക്കുന്ന താത്കാലിക സര്‍ക്കാരിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ട് താലിബാന്‍. രാജ്യത്തെ എല്ലാ വംശങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും സര്‍ക്കാരെന്ന് താലിബനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ ഗോത്ര വിഭാഗങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നുമുള്ള നേതാക്കളെ സര്‍ക്കാരിന്റെ ഭാഗമാക്കും. സര്‍ക്കാര്‍ രൂപീകരണത്തിനായി ഒരു ഡസനോളം പേരുകള്‍ പരിഗണനയിലുള്ളതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി എത്ര വര്‍ഷത്തേക്കാണെന്ന് വ്യക്തമല്ല.

ഇസ്‍ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ തലവനായി നിയമിക്കപ്പെടുന്നയാള്‍ 'അമീറുല്‍ മുഅ്മിനീന്‍' എന്ന് അറിയപ്പെടും. നീതിന്യായം, ആഭ്യന്തരകാര്യം, പ്രതിരോധം, ധനകാര്യം, വിവരസാങ്കേതികകാര്യം, കാബൂളിനായുള്ള പ്രത്യേക വിഭാഗം എന്നിവയായിരിക്കും മന്ത്രാലയങ്ങള്‍.

ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രബല സ്ഥാനമാണ് അഫ്ഗാനിസ്ഥാന്‍ രാഷ്ട്രീയത്തിലുള്ളത്. എന്നാല്‍ നാല്‍പ്പതു ദശലക്ഷം വരുന്ന അഫ്ഗാന്‍ ജനതയില്‍ ഒരു ഗോത്രത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല. 42 ശതമാനം വരുന്ന പഷ്‌തോ വിഭാഗമാണ് ഏറ്റവും വലിയ ഗോത്രം.

സര്‍ക്കാരിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരാനാണ് താലിബാന്‍ ഉദ്ദേശിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. താജിക്, ഉസ്‌ബെക് ഗോത്രങ്ങളുടെ നേതാക്കളുടെ മക്കള്‍ക്കും താലിബാന്‍ സര്‍ക്കാരില്‍ പ്രാതിനിധ്യം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാബൂളിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനം താലിബാന്‍ പുറത്തുവിട്ടത്. തലസ്ഥാനത്തുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 110 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 28 താലിബാനികളും 13 യു.എസ് സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടും. ഐസിസിന്റെ അഫ്ഗാന്‍ വിഭാഗമായ ഐ.എസ്.കെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News