ഹിതപരിശോധന പൂർത്തിയായി; നാല് യുക്രൈൻ പ്രവിശ്യകളെ റഷ്യയോട് ചേർക്കുന്ന പ്രഖ്യാപനം ഉടനുണ്ടായേക്കും
ഹിതപരിശോധനയുമായി സഹകരിക്കുന്ന പൗരന്മാർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയും അഞ്ചു വർഷം ജയിൽവാസം വിധിക്കുകയും ചെയ്യുമന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്
നാല് യുക്രൈൻ പ്രവിശ്യകളെ റഷ്യയോട് ചേർക്കുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കേഴ്‌സൺ, സപറേഷ്യ, ഡൊണസ്‌ക്, ലുഹാൻസ്‌ക് എന്നി പ്രവിശ്യകളെ രാജ്യത്തോട് ചേർക്കാനാണ് റഷ്യയുടെ പദ്ധതി. 23 മുതൽ ഈ നാല് പ്രദേശങ്ങളിലും ഇന്ന് ഹിതപരിശോധന തുടങ്ങിയിരുന്നു. നടപടികൾ ഇന്ന് പൂർത്തിയായിരിക്കുകയാണ്. റഷ്യൻ അനുകൂല ഭരണകൂടമാണ് ഹിത പരിശോധന നടത്തിയിരുന്നത്.
ഈ ഹിതപരിശോധനാ ഫലം ഉടൻ പുറത്തുവിടുകയും തുടർന്ന് ഈ പ്രവിശ്യകളെ റഷ്യയുടെ ഭാഗമാക്കിയതായി വ്‌ളാഡ്മിർ പുടിൻ വെള്ളിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്യും. എന്നാൽ ഹിതപരിശോധനാ ഫലം റഷ്യ മുൻകൂട്ടി തയ്യാറാക്കിയതെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. റഷ്യൻ സഖ്യകക്ഷികളായ സെർബിയ, കസാഖിസ്ഥാൻ എന്നിവയൊന്നും പുതിയ ഹിതപരിശോധന അംഗീകരിക്കുന്നില്ല. അതേസമയം, ഹിതപരിശോധനയുമായി സഹകരിക്കുന്ന പൗരന്മാർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയും അഞ്ചു വർഷം ജയിൽവാസം വിധിക്കുകയും ചെയ്യുമന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്. ഹിതപരിശോധനയിൽ ഇടപെട്ടവരുടെ പട്ടികയുണ്ടെന്നും എന്നാൽ വോട്ടു ചെയ്യാൻ നിർബന്ധിതരായ യുക്രൈൻ പൗരന്മാർക്കെതിരെ നടപടിയെടുക്കില്ലെന്നും പ്രസിഡൻറിന്റെ ഉപദേശകൻ മിഖൈലോ പോഡോലൈക് പറഞ്ഞു. 2014 ൽ യുക്രൈന്റെ ഭാഗമായ ക്രൈമിയയെ റഷ്യ രാജ്യത്തോട് ചേർത്തിരുന്നു. അന്ന് 97 ശതമാനം ജനങ്ങളും റഷ്യയിൽ ചേരുന്നതിനെ അനുകൂലിക്കുകയായിരുന്നു.
നാലു പ്രവിശ്യകളെ കൂടി ചേർക്കുന്നതോടെ യുക്രൈൻ സൈനികമായി നേരിട്ടേക്കും. ഇത് മുൻകൂട്ടി കണ്ട് റഷ്യ സൈനിക ശേഷി വർധിപ്പിച്ചിരുന്നു. സാധാരണക്കാരെ വരെ സൈന്യത്തിന്റെ ഭാഗമാക്കുമെന്ന് കണ്ട് റഷ്യയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ സൈനിക ശക്തി കൂട്ടാൻ കഴിഞ്ഞയാഴ്ച തുടങ്ങിയ നടപടികളിൽ തെറ്റുണ്ടെന്ന് റഷ്യൻ അധികൃതർ സമ്മതിച്ചിരിക്കുകയാണ്. യുദ്ധപരിചയമില്ലാത്തവരെയും പ്രായാധിക്യമുള്ളവരെയും സൈന്യത്തിൽ ചേർക്കില്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഖാർകീവിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ 11 സാധാരണക്കാർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ അറിയിച്ചു. നോർത്ത് ഈസ്‌റ്റേൺ ഖാർകീവിലെ പെർവോമൈസ്‌കി ടൗണിൽ നടന്ന ആക്രമണത്തിൽ 15കാരനടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടതെന്നും വ്യക്തമാക്കി.
The annexation of four Ukrainian provinces to Russia may be announced soon.