ഏഴ് ആഴ്ച; ഗസ്സയിൽ രണ്ടാം ലോക മഹായുദ്ധ കാലത്തിന് സമാനമായ നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്
ആക്രമണത്തിനായി ഇസ്രായേൽ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളാണ് ഇത്ര കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത്
ജറൂസലേം: വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യമുണ്ടാക്കിയ നാശനഷ്ടം രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ നഗരങ്ങളിലുണ്ടായ നാശത്തിന് സമാനമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. ജർമൻ നഗരങ്ങളിൽ വർഷങ്ങൾ കൊണ്ടുണ്ടാക്കിയ നഷ്ടമാണ് വെറും ഏഴ് ആഴ്ച കൊണ്ട് ഇസ്രായേൽ ഗസ്സയിൽ വരുത്തിവച്ചത് എന്നാണ് യുദ്ധ വിദഗ്ധരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കൻ ഗസ്സയിലെ 60 ശതമാനം കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
തീരത്തോട് ചേർന്ന മൂന്നു ലക്ഷം വീടുകളാണ് തകർക്കപ്പെടുകയോ താമസയോഗ്യമല്ലാതാക്കുകയോ ചെയ്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോംബിങ്ങിൽ ഗസ്സ ഒരു പേരു മാത്രമായി എന്നാണ് യുഎസ് സൈനിക ചരിത്രകാരൻ റോബർട്ട് പാപെ ഫിനാൻഷ്യൻ ടൈംസിനോട് പറഞ്ഞത്. വിനാശകാരിയായ നിരവധി ബോംബുകൾ ഗസ്സ മുനമ്പിൽ ഉപയോഗിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിനായി ഇസ്രായേൽ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളാണ് ഇത്ര കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത്. പരമാവധി നാശം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 250എൽബി സ്മാൾ ഡയമീറ്റർ ഉൾപ്പെടെ സൂചിമുന കൃത്യതയുള്ള ബോംബുകളാണ് ഇസ്രായേൽ ഉപയോഗിച്ചത്. ലേസർ നിയന്ത്രിത ഹെൽഫയർ മിസൈലുകളാണ് ഹെലികോപ്ടറുകൾ ഉപയോഗിച്ചത്. ഇറാഖിലും സിറിയയിലും ഐഎസ്‌ഐഎസിനെതിരെ യുഎസ സേന ഉപയോഗിച്ച ആയുധമാണിത്.
ലക്ഷ്യസ്ഥാനം കൃത്യമായി ആക്രമിക്കുന്ന ഫയർ ആന്റ് ഫോർഗറ്റ് സ്‌പൈക് മിസൈലുകളാണ് മറ്റൊന്ന്. കൊറിയൻ, വിയറ്റ്‌നാം യുദ്ധത്തിൽ യുഎസ് സേന ഉപയോഗിച്ച, ഡംബ് ബോംബുകൾ എന്നറിയപ്പെടുന്ന എം117 ബോംബുകളും ഇസ്രായേൽ ജറ്റുകൾ ഗസ്സയില്‍ വര്‍ഷിച്ചു. മൊസൂളിൽ ഐഎസിനെതിരെ യുഎസ് ഉപയോഗിച്ച 500എൽബി ബോംബുകളുടേതിന് നാലിരട്ടി ശക്തിയുള്ള 2000എൽബി ജിബിയു-31 ബോംബുകളും ജൂതരാഷ്ട്രം ഉപയോഗിച്ചതായി സൈനിക വിദഗ്ധർ പറയുന്നു.
ഹമാസിന്റെ ടണൽ ശൃംഖല ലക്ഷ്യമിട്ടാണ് ഇസ്രായേൽ ഇത്രയും വലിയ ആയുധങ്ങൾ ഉപയോഗിച്ചതെന്ന് മുൻ പെന്റഗൺ യുദ്ധ തന്ത്രജ്ഞൻ മാർക് ഗാർലാസ്‌കോ പറയുന്നു. അതിവിപുലമായി ഇവ ഉപയോഗിച്ചു എന്നതാണ് ശ്രദ്ധേയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ ഇസ്രായേലിനെതിരെ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് ഗസ്സയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചത്. ആദ്യ രണ്ടാഴ്ചയിൽ തന്നെ ആകാശമാർഗം വഴി ചുരുങ്ങിയത് ആയിരം ബോംബുകളാണ് ഇസ്രായേൽ വർഷിച്ചത്. മൊസൂളിൽ ഏറ്റവും തീവ്രതയേറിയ ആക്രമണ ഘട്ടത്തിൽ പോലും ആഴ്ചയിൽ 600 വ്യോമാക്രമണമാണ് യുഎസ് നടത്തിയത്.
ഗസ്സയില്‍ വൻതോതിൽ സിവിലിയന്മാർ കൊല്ലപ്പെട്ടത് ഇസ്രായേലിന്റെ സഖ്യകക്ഷികളെ അലോസരപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വടക്കൻ ഗസ്സയിൽ സാധാരണക്കാരുടെ ജീവൻ നഷ്ടമായതും കിടപ്പാടം ഇല്ലാതായതും തെക്കൻ ഗസ്സയിൽ ആവർത്തിക്കരുതെന്ന് യുഎസ് സറ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസിഡണ്ട് ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ ജീവന് സംരക്ഷണം നൽകാനായില്ലെങ്കിൽ അത് ഇസ്രായേലിന്റെ തന്ത്രപരമായ പരാജയമായിരിക്കും എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചത്. ദക്ഷിണഭാഗത്ത് വ്യത്യസ്തമായ സമീപനമായിരിക്കും സ്വീകരിക്കുക എന്ന് ഇസ്രായേൽ യുഎസിനെ അറിയിച്ചിട്ടുണ്ട്.
Summary: The destruction of northern Gaza in less than seven weeks has approached that caused by the years-long carpet-bombing of German cities during the second world war