Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വെസ്റ്റ്ബാങ്ക്: റൊണാൾഡോയാകാൻ കൊതിച്ച ഫലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം വധിച്ചു. പതിനാലുകാരനായ നാജി അൽ ബാബയാണ് ഇസ്രായേൽ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു.
പന്തുതട്ടി തുടങ്ങിയ കാലം മുതൽ ലോകമെമ്പാടുമുള്ള കുട്ടികളെപ്പോലെ വലിയ സ്വപ്നങ്ങളായിരുന്നു നാജിയ്ക്കും ഉണ്ടായിരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു അവന്റെ ഇഷ്ടതാരം. റൊണാൾഡോയെപ്പോലെ ഒരു അന്താരാഷ്ട്ര ഫുട്ബോളറാകാനായിരുന്നു അവൻ സ്വപ്നം കണ്ടത്. എന്നാൽ ഇസ്രായേൽ ആക്രമണത്തിൽ ആ പതിനാലുകാരന്റെ സ്വപ്നങ്ങളെല്ലാം അവസാനിച്ചു.
ഹീബ്രൂണിനടുത്തുള്ള ഹൽഹുല്ലിലെ സ്പോർട്സ് ക്ലബ്ബിൽ മണിക്കൂറുകളോളം ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു നാജി. സ്കൂൾ വിട്ട് വന്നാൽ കൂട്ടുകാരോടൊപ്പമുള്ള ഫുട്ബോളായിരുന്നു അവന്റെ ലോകം. നവംബർ മൂന്നിന് പതിവുപോലെ മാതാപിതാക്കളോട് യാത്ര പറഞ്ഞ് ഫുട്ബോൾ കളിക്കാൻ പോയ നാജിയെ ഇസ്രയേൽ സൈന്യം നിഷ്കരുണം തോക്കിനിരയാക്കുകയായിരുന്നു എന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
സ്കൂളിൽ നിന്നെത്തിയ ശേഷം കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകട്ടെയെന്ന് അവൻ മാതാപിതാക്കളോട് ചോദിച്ചു. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് തോക്കുമായെത്തിയ ഇസ്രായേൽ സേന വെടിവെപ്പു തുടങ്ങിയത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ നാജിയുടെ ജീവൻ രക്ഷിക്കാനായില്ല. ഫലസ്തീനികൾക്ക് വിലക്കപ്പെട്ട സ്ഥലത്താണ് നാജിയും കൂട്ടുകാരുമുണ്ടായിരുന്നത് എന്നാണ് ഇസ്രായേൽ സേന വെടിവെപ്പിന് നൽകിയ ന്യായീകരണം.
നാലുവെടിയുണ്ടകളാണ് നാജിയുടെ ശരീരത്തിൽ പതിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ഒരെണ്ണം ഇടുപ്പിലും, മറ്റൊന്ന് ഹൃദയത്തിലും, മൂന്നാമത്തെ വെടിയുണ്ട കാലിലും നാലാമത്തേത് തോളെല്ലിലുമാണ് പതിച്ചത് എന്നാണ് റിപ്പോർട്ട്. വെടിയേറ്റ ശേഷം 30 മിനിറ്റോളമാണ് വൈദ്യസഹായം നൽകാതെ നാജി വീണ് കിടന്നത്.
നാജി മരിച്ച ദിവസം അസ്വാഭാവികമായി ഒന്നും തോന്നിയില്ല എന്ന് പിതാവ് നിദാൽ അബ്ദുൽ മോത്തി അൽ ബാബ, അൽ ജസീറയോട് പറഞ്ഞു. 'ഞാൻ രാവിലെ ബെത്‌ലഹേമിൽ ജോലിക്ക് പോയി. നാജി സ്കൂളിലേയ്ക്കും പോയി. ഉച്ചയ്ക്ക് 12 മണിയോടെ ഞാൻ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വീട്ടിലേക്ക് പോകുന്ന നാജിയെ അവൻ്റെ സ്കൂളിനടുത്ത് വെച്ച് കണ്ടു. എൻ്റെ ട്രക്കിൽ കയറി ഞങ്ങളൊരുമിച്ചാണ് വീട്ടിലെത്തിയത്. ഉച്ചഭക്ഷണത്തിനായി സഹോദരിമാർ നാജിയുടെ പ്രിയപ്പെട്ട ഭക്ഷണമായ ചിക്കനോടുകൂടിയ മൊലോകിയ തയ്യാറാക്കിയിരുന്നു. പിന്നീട് വീടിനോട് ചേർന്നുള്ള മുത്തച്ഛൻ്റെ പലചരക്ക് കടയ്ക്ക് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോകാൻ അവൻ അനുവാദം ചോദിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അവൻ വീട്ടിൽ നിന്നും കൂട്ടുകാർക്കൊപ്പം കളിക്കാനായി ഇറങ്ങി. അപ്പോഴായിരുന്നു അവനെ ജീവനോടെ അവസാനമായി കാണുന്നത്' എന്ന് നിദാൽ പറഞ്ഞു.
അരമണിക്കൂറിനു ശേഷം വീട്ടിലേയ്ക്ക് ഓടിയെത്തിയ ബന്ധുവാണ് നാജിയ്ക്ക് വെടിയേറ്റ വിവരം വീട്ടുകാരെ അറിയിക്കുന്നത്. ഉടൻ തന്നെ നാജിയുടെ പിതാവും അമ്മാവൻ സമീറും സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തി. നിദാൽ മകനെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം തുടർന്നതോടെ ഇസ്രയേലി സൈനികർ കൈകൾ കെട്ടിയിട്ട് നിദാലിനെ 40 മിനിറ്റിലധികം നിലത്ത് കിടത്തി. തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ 40 മിനിറ്റ് എന്നാണ് ഈ സമയത്തെക്കുറിച്ച് നിദാൽ പറഞ്ഞത് എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
നിങ്ങൾക്ക് എങ്ങനെ പതിനാല് വയസ്സുള്ള കുട്ടിയെ കൊല്ലാനാകുമെന്നും അവൻ നിങ്ങളോട് എന്താണ് ചെയ്തത് എന്നുമുള്ള നിദാലിന്റെ ചോദ്യങ്ങൾക്ക് ഫലസ്തീനികൾ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്ന പ്രദേശത്താണ് നാജി ഉണ്ടായിരുന്നത് എന്നായിരുന്നു സൈനികരുടെ മറുപടി.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.