കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര വിലക്കി അമേരിക്കയും ബ്രിട്ടണും; രക്ഷാദൗത്യം വേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി ഇന്ത്യ
വിമാനത്താവളത്തില്‍ നിലവിലുള്ളവര്‍ മടങ്ങിപ്പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്
കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യു.എസ് പൗരന്‍മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. സുരക്ഷാഭീഷണിയുള്ളതിനാലാണ് അമേരിക്ക യാത്ര വിലക്കിയത്. ബ്രിട്ടണും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിലവിലുള്ളവര്‍ മടങ്ങിപ്പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 31നകം വിദേശികള്‍ മടങ്ങിപ്പോകണമെന്നാണ് താലിബാന്‍റെ അന്ത്യശാസനം.
അതേസമയം അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം വേഗത്തിൽ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. അഫ്ഗാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ നിർദേശം. അഫ്ഗാൻ വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് സർവകക്ഷി യോഗം ചേരും. വിദേശകാര്യ മന്ത്രാലയം വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ അഫ്ഗാൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയേക്കും.. ഇന്ത്യയിലെക്ക് എത്തുന്ന അഫ്ഗാൻ സ്വദേശികൾക്ക് ഇ വിസ നിർബന്ധമന്നെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.