കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ട്; തുറന്നു സമ്മതിച്ച് ട്രൂഡോ
രാജ്യത്ത നരേന്ദ്രമോദി അനുകൂലികളായ ഹിന്ദുക്കളുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി
ഒട്ടോവ: ഇന്ത്യ കാനഡ നയതന്ത്ര തർക്കങ്ങൾക്കിടെ കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ടെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻ സർക്കാർ സിഖ് വിഘടനവാദികൾക്ക് അഭയം നൽകുന്നെന്ന ഇന്ത്യയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് ട്രൂഡോയുടെ വെളിപ്പെടുത്തൽ. 'കാനഡയിൽ ഖലിസ്ഥാനികൾ ഉണ്ട് എന്നാൽ അവർ രാജ്യത്തെ സിഖ് സമുദായത്തെ മൊത്തമായി പ്രതിനിധീകരിക്കുന്നില്ല' എന്നായിരുന്നു ട്രൂഡോയുടെ പ്രസ്താവന.
കാനഡിയിൽ നരേന്ദ്രമോദി അനുകൂലികളായ ഹിന്ദുക്കളുണ്ടെന്നും അവർ ഹിന്ദു സമൂഹത്തെ മൊത്തമായി പ്രതിനിധീകരിക്കുന്നില്ലെന്നും ട്രൂഡോ പറഞ്ഞു.
പാർലമെന്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെയായിരുന്നു കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഖലിസ്ഥാനി നേതാവ് ഹർദീപ സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ കാനഡ ബന്ധമുലയുന്നത്.
സിഖ് വിഘടനവാദി നേതാവിൻ്റെ കൊലപാതകത്തിൽ ബന്ധമുണ്ടെന്നാരോപിച്ച് ഒക്ടോബറിൽ ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ മണ്ണിൽ ഖലിസ്ഥാൻ വാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്ക് പിന്നിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കാനഡ ആരോപിച്ചിരുന്നു.