ഇസ്രായേൽ സൈന്യത്തിനുള്ള 134 ബുൾഡോസറുകള്‍ തടഞ്ഞ് യുഎസ്; ആയുധ ഉപരോധത്തിൽ ഗസ്സ-ലബനാൻ കരയാക്രമണം പ്രതിസന്ധിയിൽ
ഫലസ്തീനിലെ വീടുകളും കെട്ടിടങ്ങളും തകർക്കാൻ ഉപയോഗിക്കുന്നുവെന്നു കാണിച്ചാണ് ബുൾഡോസർ ഇടപാട് മരവിപ്പിച്ചിരിക്കുന്നത്
വാഷിങ്ടൺ: ഭാഗികമായാണെങ്കിലും യുഎസ് ആയുധ ഉപരോധം ഗസ്സയിലും ലബനാനിലുമുള്ള സൈനികനീക്കത്തെ ബാധിക്കുന്നതായി ഇസ്രായേൽ മാധ്യമം. നടപടി ഇസ്രായേൽ സൈന്യത്തിനു വെല്ലുവിളിയാകുമെന്നാണ് 'യെദിയോത്ത് അക്രോനോത്ത്' റിപ്പോർട്ട് ചെയ്തത്. ഇസ്രായേലിലേക്ക് ആയുധങ്ങൾ നൽകുന്നത് പലതരത്തിൽ യുഎസ് നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 134 ബുൾഡോസറുകൾ നൽകുന്നത് യുഎസ് ഭരണകൂടം തടഞ്ഞതായാണു പുതിയ വിവരം. ബോയിങ്ങിൽനിന്നു വാങ്ങിയ 1,300 യുദ്ധസാമഗ്രികൾ അയയ്ക്കുന്നതും തടഞ്ഞിട്ടുണ്ട്.
ഇസ്രായേൽ നേരത്തെ ഓർഡർ ചെയ്യുകയും പണമടക്കുകയും ചെയ്ത ഡി9 ബുൾഡോസറുകൾ ഇനിയും അയച്ചിട്ടില്ല. യുഎസ് കമ്പനിയായ കാറ്റർപില്ലർ ആണ് ഈ ബുൾഡോസറുകൾ നിർമിക്കുന്നത്. ഇതിനായി ശതകോടികൾ യുഎസ് കമ്പനിക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ബുൾഡോസറുകൾ ഇസ്രായേലിനു കൈമാറുന്നത് യുഎസ് വിദേശകാര്യ മന്ത്രാലയം തടഞ്ഞിരിക്കുകയാണെന്നാന്ന് രണ്ട് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് യെദിയോത്ത് റിപ്പോർട്ട് ചെയ്യുന്നത്.
ഗസ്സയിൽ കെട്ടിടങ്ങൾ തകർക്കാനാണ് ഈ ബുൾഡോസറുകൾ എത്തിക്കുന്നത്. ഇതിനെതിരെ യുഎസിൽ വൻ വിമർശനം ഉയർന്നിരുന്നു. ജനരോഷത്തിനു പുറമെ ഭരണകൂടത്തിനകത്തും ഇടപാടിനെതിരെ ശക്തമായ സമ്മർദമുണ്ട്. ഇതേതുടർന്നാണ് ജോ ബൈഡൻ ഭരണകൂടം ബുൾഡോസർ ഇടപാട് മരവിപ്പിച്ചത്.
യുഎസ് നടപടി ഗസ്സയിൽ കരയാക്രമണം നടത്തുന്ന ഐഡിഎഫിനു വൻ തിരിച്ചടിയാകുമെന്ന് ഇസ്രായേൽ മാധ്യമം സൂചിപ്പിക്കുന്നു. ഗസ്സയിൽ മാസങ്ങളായി സൈനിക ആക്രമണത്തിന്റെ ഭാഗമായുള്ള മിക്ക ഡി9 ബുൾഡോസറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവ അറ്റകുറ്റപണി ചെയ്യേണ്ട സ്ഥിതിയിലാണുള്ളതെന്നാണ് ഗസ്സയിൽ ആക്രമണത്തിനു മേൽനോട്ടം വഹിക്കുന്ന കമാൻഡർമാർ യെദിയോത്ത് അക്രോനോത്തിനോട് വ്യക്തമാക്കിയത്. ഇതിനിടയിലാണ് തെക്കൻ ലബനാനിൽ കൂടി ഐഡിഎഫ് കരയാക്രമണം ആരംഭിച്ചത്. ഇവിടെയും വലിയ തോതിൽ ബുൾഡോസറുകൾ ആവശ്യമുണ്ട്.
അടുത്തിടെ ജബാലിയയിലെ അഭയാർഥി ക്യാംപിൽ ഉൾപ്പെടെ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിക്കിടെ നിരവധി ഐഡിഎഫ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കുപ്രകാരം 21 ഇസ്രായേൽ സൈനികരാണ് ജബാലിയയിൽ കൊല്ലപ്പെട്ടത്. ഇതിൽ പലതും സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചായിരുന്നു മരണം. മതിയായ ബുൾഡോസറുകൾ ഇല്ലാത്തതും നിലവിലുള്ളവ പ്രവർത്തനക്ഷമമല്ലാത്തതുമാണ് ഇത്രയും ആൾനാശത്തിനു കാരണമെന്നാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം ഹമാസ് തുരങ്കങ്ങൾ തകർക്കാനും ഐഡിഎഫ് പ്രയാസപ്പെടുകയാണ്.
വടക്കൻ ഇസ്രായേലിലും ലബനാൻ അതിർത്തിയിലും ഏക്കർ കണക്കിന് കാടുകളുണ്ട്. ഇവിടെ ഹിസ്ബുല്ലയുടെ രഹസ്യ തുരങ്കങ്ങളും ആയുധപ്പുരകളുമുണ്ടെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഈ ഒളിസങ്കേതങ്ങളിൽനിന്നാണ് ഗലീലി, ഹൈഫ ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങളിൽ ഹിസ്ബുല്ല ആക്രമണം നടത്തുന്നതെന്നും ആരോപണമുണ്ട്. ബുൾഡോസർ എത്തിയാലേ ഈ കാടുകളെല്ലാം നിരപ്പാക്കി സുരക്ഷാ ഭീഷണി ഒഴിവാക്കാനാകൂവെന്നാണ് ഐഡിഎഫ് വാദിക്കുന്നത്.
ഗസ്സ മുനമ്പിനും പടിഞ്ഞാറൻ നെഗേവിനും ഇടയിൽ ഒരു കി.മീറ്റർ ദൂരത്തിൽ ബഫർ സോൺ സ്ഥാപിക്കാൻ ഐഡിഎഫിന്റെ സതേൺ കമാൻഡ് നീക്കം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫലസ്തീനിലെ കെട്ടിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം നിരപ്പാക്കിയിരുന്നു. എന്നാൽ, യന്ത്രസാമഗ്രികളുടെ അപര്യാപ്തത മൂലം നടപടി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. യുഎസ് ബുൾഡോസർ ഇടപാട് തടഞ്ഞത് ഇതിനെയും സാരമായി ബാധിക്കുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നത്. അതിർത്തിയിലെ നീക്കത്തെ നേരത്തെ തന്നെ യുഎസ് ശക്തമായി എതിർത്തിരുന്നു.
യുഎസിന്റെ സാമ്പത്തിക സഹായം കൂടാതെ ഇസ്രായേൽ സ്വന്തമായി പണം നൽകി ബോയിങ്ങിൽനിന്നു വാങ്ങിയ നൂറുകണക്കിനു യുദ്ധസാമഗ്രികളാണ് അമേരിക്കയിൽ തന്നെ കിടക്കുന്നത്. ടൺകണക്കിനു ഭാരമുള്ള സാമഗ്രികളാണ് ഓരോന്നും. സാധാരണക്കാർക്കെതിരെ ഉപയോഗിക്കുമെന്നു കാണിച്ചാണ് ഇത് ഇസ്രായേലിലേക്ക് അയ്ക്കുന്നത് അമേരിക്ക തടഞ്ഞത്. ഇതോടെ സ്വകാര്യ കമ്പനികളില്‍നിന്ന് വാടകയ്‌ക്കെടുത്താണ് വിവിധ യുദ്ധസാമഗ്രികള്‍ ഐഡിഎഫ് ഉപയോഗിക്കുന്നത്.
Summary: US suspends delivery of 134 D9 bulldozers to Israel over Gaza house demolitions