''അത് നുണ, ട്രംപ് പറഞ്ഞിട്ടല്ല ഞാന്‍ ട്വിറ്റര്‍ വാങ്ങിയത്''; വാര്‍ത്ത നിഷേധിച്ച് ഇലോണ്‍ മസ്ക്

ട്വിറ്റര്‍ വാങ്ങാനായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന വാ‍ര്‍ത്ത നിഷേധിച്ച് ഇലോണ്‍ മസ്ക്

Update: 2022-08-30 06:50 GMT
Advertising

ട്വിറ്റര്‍ വാങ്ങാനായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന വാ‍ര്‍ത്ത നിഷേധിച്ച് ഇലോണ്‍ മസ്ക്. യു.എസ് ദിനപത്രമായ ന്യൂയോര്‍ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടിനെ തള്ളിയാണ് ഇലോണ്‍ മസ്ക് രംഗത്തെത്തിയത്.



ഡൊണാള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിന്‍റെ സി.ഇ.ഒ ഡെവിന്‍ ന്യൂനെസിനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക് പോസ്റ്റ് ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയ ലോകത്തെ തന്നെ ഭീമന്‍ പ്ലാറ്റ്ഫോമുകളിലൊന്നായ ട്വിറ്ററിനെ വാങ്ങാന്‍ ഇലോണ്‍ മസ്കിനെ പ്രേരിപ്പിച്ചത് ഡൊണാള്‍ഡ് ട്രംപ് ആണെന്നായിരുന്നു ഡെവിന്‍ ന്യൂനെസിന്‍റെ വാദം.

ഈ വാര്‍ത്ത ന്യൂയോര്‍ക് പോസ്റ്റ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ആ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ഇലോണ്‍ മസ്ക് വാര്‍ത്ത നിഷേധിക്കുകയായിരുന്നു. 




''ഇത് തെറ്റാണ്, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല, ട്രംപ് നേരിട്ടോ അല്ലാതെയോ ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല...''. മസ്ക് ട്വീറ്റ് ചെയ്തു.

അതേസമയം നിരോധിത ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഹരജി കാലിഫോർണിയ ഹൈക്കോടതി തള്ളി. 2021 ജനുവരി ആറിന് നടന്ന "സ്റ്റോപ്പ് ദി സ്റ്റീൽ" റാലിയിൽ ട്രംപ് പ്രസംഗം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ട് ട്വിറ്റർ ശാശ്വതമായി സസ്പെൻഡ് ചെയ്യപ്പെടുന്നത്. പ്രസംഗത്തിന് ശേഷം അദ്ദേഹം നടത്തിയ ട്വീറ്റുകൾ ജനങ്ങളെ പ്രകോപിക്കുകയും ആക്രമണങ്ങളിലേക്ക് നയിക്കുകയും ചെയ്തെന്ന അപകടസാധ്യത കണക്കിലെടുത്താണ് ട്വിറ്റർ നിരോധനമേർപ്പെടുത്തിയത്.

ട്വിറ്ററിന്‍റെ മുന്‍മേധാവി ജാക്ക് ഡോർസിയടക്കമുള്ളവരെ പ്രതികളാക്കി സമർപ്പിച്ച ഹരജിയിൽ സ്വതന്ത്ര സംഭാഷണ അവകാശങ്ങൾ ലംഘിച്ച് ഏർപ്പെടുത്തിയ നിരോധനം ശരിയല്ലെന്നും അക്കൗണ്ട് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹരജിയിലെ വാദങ്ങൾ ദുർബലമാണെന്നും ട്വിറ്ററിന്‍റെ സേവനനിബന്ധനകൾ പ്രകാരം സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന അക്കൗണ്ടുകളെയോ ഉള്ളടക്കത്തെയോ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു.

ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും ട്വിറ്ററിന്‍റെ ഉള്ളടക്കം മുഴുവന്‍ പരിഷ്കരിക്കാന്‍ തയാറെടുക്കുകയും ചെയുന്നതിനിടെയാണ് ഈ വിധി വരുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News