ഇബ്രാഹിം റഈസിക്കും വിദേശകാര്യമന്ത്രിക്കും ഇറാൻ വിടനൽകുന്നു; തെഹ്റാനിൽ ഇന്ന് വിലാപയാത്ര

നാളെ മസ്ഹദ് നഗരത്തിൽ നടക്കുന്ന സംസ്കാരത്തിൽ വിവിധ രാഷ്ട്രപ്രതിനിധികൾ പങ്കെടുക്കും

Update: 2024-05-22 00:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെഹ്റാന്‍: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പ്രസിഡന്‍റ് ഇബ്രാഹിം റഈസിക്കും വിദേശകാര്യമന്ത്രിക്കും ഇറാൻ വിടനൽകുന്നു. മൃതദേഹങ്ങൾ വിലാപയാത്രയായി തെഹ്റാനിലെത്തിക്കും. നാളെ മസ്ഹദ് നഗരത്തിൽ നടക്കുന്ന സംസ്കാരത്തിൽ വിവിധ രാഷ്ട്രപ്രതിനിധികൾ പങ്കെടുക്കും. ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച്​ ഉന്നതതല അന്വേഷണം തുടരുകയാണ്​.

പ്രിയപ്പെട്ട നേതാക്കളുടെ അപ്രതീക്ഷിത​ വിയോഗം സൃഷ്​ടിച്ച ആഘാതം മറികടക്കാൻ കഴിയാതെ ഇറാനിയൻ ജനത. തബ്​രീസ്​ പട്ടണത്തിൽ മൃതദേഹങ്ങളും വഹിച്ചുള്ള വിലാപയാത്രയിൽ ഇന്നലെ പതിനായിരങ്ങൾ സംബന്​ധിച്ചു. ഇബ്രാഹിം റഈസിയുടെയും ഹുസൈൻ അമീറബ്​ദുല്ലാഹി​യ​െന്‍റെയും മറ്റും മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്രക്കിടെ പലരും വിങ്ങിപ്പൊട്ടി. തബ്​രീസ്​ പട്ടണം ഒന്നാകെ ഇറാനിയൻ പതാകക്കൊപ്പം വിടവാങ്ങിയ ഇബ്രാഹിം റഈസിയുടെ കൂറ്റൻ ചിത്രങ്ങളും കൊണ്ട്​ നിറഞ്ഞിരുന്നു. രാജ്യത്തിനു വേണ്ടി രക്​തസാക്ഷിത്വം വരിച്ച പ്രിയപ്പെട്ടവരെ ഇറാനും ജനതയും ഒരുകാലത്തും വിസ്​മരിക്കി​ല്ലെന്ന്​ ആഭ്യന്തര മന്ത്രി അഹ്​മദ്​ വാഹിദി പറഞ്ഞു.

തബ്​രീസിൽ നിന്ന്​ ഖുമ്മിൽ എത്തിച്ച മൃതദേഹങ്ങൾ വൈകീട്ട്​ തലസഥാന നഗരിയായി തെഹ്​റാനിലേക്ക്​ കൊണ്ടുപോകും. ലക്ഷങ്ങളാകും ഇവിടെയും വിലാപയാത്രയിൽ അണിനിരക്കുക. ഇറാൻ പരമോന്നത ആത്​മീയ നേതാവ്​ ആയത്തുല്ല അലി ഖാംനഇ ഇവിടെ പ്രാർഥനാ ചടങ്ങുകൾക്ക്​ നേതൃത്വം വഹിക്കും. ഇബ്രാഹിം റഈസിയുടെ ജൻമദേശമായ മസ്​ഹദ്​ നഗരത്തിലെ ഖബർസ്​ഥാനിൽ നാളെയായിരിക്കും സംസ്​കാരം. ലോകത്തി​ന്‍റെ പല രാജ്യങ്ങളിൽ നിന്നായി നിരവധി പ്രമുഖർ സംസ്​കാര ചടങ്ങിൽ പ​ങ്കെടുക്കും.

റഷ്യൻ വിദേശകാര്യ മന്ത്രി, തുർക്കി പ്രസിഡന്‍റ്​, ഇന്ത്യൻ ഉപരാഷ്​ട്രപതി ജഗ്​ദീപ്​ ധൻകർ, ഗൾഫ്​ ഭരണാധികാരികൾ ഉൾപ്പെടെ നിരവധി പേർ സംസ്​കാര ചടങ്ങിനെത്തും. അതിനിടെ, ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചതായി ഇറാൻ. ഇറാനിയൻ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരിയാണ്​ വിദഗ്​ധർ ഉൾപ്പെട്ട സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്​. റഷ്യ ഉൾപ്പെടെ പല രാജ്യങ്ങളും അന്വേഷണത്തിൽ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. അതിനിടെ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടപ്പോൾ ഇറാൻ സഹായം തേടിയിരുന്നതായും എന്നാൽ, സാങ്കേതിക പ്രശ്നങ്ങളാൽ അതിനായില്ലെന്നും വൈറ്റ്​ഹൗസ്​ വക്താവ് മാത്യു മില്ലർ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News