ദിവസവും മർദനം, ഭക്ഷണവും വെള്ളവും ഉറക്കവും നിഷേധിച്ചു; ഇസ്രായേൽ സൈന്യം ക്രൂരമായി പീഡിപ്പിച്ചെന്ന് ഫലസ്തീൻ കുട്ടി​കൾ

യു.എൻ ഏജൻസികളുടെ പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കുട്ടികൾക്ക് ​നേരെ നടന്ന കൊടുംക്രൂരതകൾ വിശദീകരിക്കുന്നത്

Update: 2024-09-01 10:53 GMT
Advertising

ഗസ: ഫലസ്തീനി കുട്ടികൾ ഇസ്രായേൽ ജയിലിൽ ക്രൂരമായ പീഡനത്തിനും അക്രമത്തിനും ഇരയാകുന്നതായി റിപ്പോർട്ട്. ഇസ്രായേലിലെ ജയിലുകളിൽ കുട്ടിക​ൾക്ക് നേരെ നടക്കുന്നത് കടുത്ത നീതിനിഷേധമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണമടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ നിഷേധിക്കുന്നതിനൊപ്പം പൈശാചികമായ പെരുമാറ്റങ്ങളാണ് കുട്ടി​കളോട്  ജയിൽ അധികൃതരും സൈന്യവും കാണിക്കുന്നതെന്ന് വിവിധ  മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ ഏഴിന് ശേഷം ജയിലുകളിൽ പീഡനം വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പട്ടിണിക്കിടൽ, ചികിത്സ നിഷേധിക്കൽ, ക്രൂരമായ മർദ്ദനം എന്നിവക്കിരയായതായി ജയിൽ മോചിതരായ ഫലസ്തീനി കുട്ടികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

ഒക്ടോബർ 3നാണ് ഹുസൈൻ* എന്ന 16 കാരനെ വെടിവെച്ചു വീഴ്ത്തിയ ശേഷം ഇസ്രായേൽ ജയിലിലടക്കുന്നത്. തുറങ്കലിലടക്കുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രമായിരുന്നു നീണ്ട പത്തുമാസത്തിന് ശേഷം ജയിൽ മോചിതനാകുമ്പോഴും ഹുസൈൻ ധരിച്ചിരുന്നത്. വെടിയേറ്റ​പ്പോൾ ഒഴുകിയ രക്തം അപ്പോഴും അവന്റെ പാന്റ്സിൽ ഉണങ്ങിപ്പിടിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ  ഹെബ്രോണിലെ വാച്ച് ടവറിന് സമീപത്തുവെച്ചാണ് ഹുസൈന്റെ തുടയിൽ ഇ​സ്രാ​യേൽ സൈന്യം വെടിവെക്കുന്നത്. പ്രാണവേദനയാൽ നിലത്തുവീണ ഹുസൈ​നെ രണ്ട് സൈനികർ ക്രൂരമായി മർദ്ദിച്ചു. ബോധം നഷ്ടപ്പെടും വരെ 16 കാരന്റെ തലയിൽ ബൂട്ടിട്ട് ചവിട്ടി. മൂന്ന് ദിവസത്തിന് ശേഷം ബോധംവരുമ്പോൾ അവൻ ആശു​പത്രികിടക്കയിലായിരുന്നു. വെടിയുണ്ട കാലിൽ നിന്ന് നീക്കിയിരുന്നു. ശസ്ത്രക്രിയകൾക്കും  വിധേയനായിരുന്നു. മുറിവുണങ്ങാതെ വേദനയിൽ നീറിയ അവനെ അന്ന് തന്നെ ജയിലിൽ അടച്ചു.

ഗസയിൽ ഇസ്രായേൽ തുടർച്ചയായ ആക്രമണം അഴിച്ചുവിടുന്ന ഒക്ടോബർ ഏഴിന് ദിവസങ്ങൾക്ക് മുമ്പാണ് 16 കാരനെ കസ്റ്റഡിയിലെടുക്കുന്നത്. വർഷങ്ങളായി ഇസ്രായേൽ തടവിലാക്കിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് കുട്ടികളിൽ ഒരാളാണ് ഹുസൈൻ. ഏഴിന് ശേഷം റെയ്ഡുകളും സൈനികാക്രമണവും വ്യാപകമായതോടെ അറസ്റ്റ് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോർട്ട്.

ഫുട്ബോൾ ആയിരുന്നു ഹുസൈന്റെ ലഹരി. കൂട്ടുകാർക്കൊപ്പം അവൻ ഫുട്ബോൾ കളിച്ചിരുന്ന ആ ദിവസങ്ങളെ കണ്ണീരോടെയാണ് ഇപ്പോൾ ഓർക്കുന്നത്. കൂട്ടുകാരിൽ പലരെയും ഇസ്രായേൽ സൈന്യം കൊന്നുകളഞ്ഞു. അന്യായമായ ജയിൽ വാസത്തിനിടയിൽ മുറിവിലേറ്റ ക്രൂരമായ പീഡനം ഹുസൈനെ ഒരു മുടന്തനാക്കിയിരിക്കുന്നു. ഊന്നുവടിയുടെ സഹാ​യ​ത്തോടെ മാത്രമാണ് ഇപ്പോഴവന് നടക്കാൻ കഴിയുകയുള്ളു. ഊർജ്ജസ്വലമായി കൂട്ടുകാർക്കൊപ്പം ഓടിച്ചാടി നടന്നിരുന്ന അവനിപ്പോൾ ഒരു മുറിയിൽ ചുരുണ്ടുകൂടി കഴിയുകയാണ്. ‘എനിക്ക് ശരിയായി നടക്കാനോ എൻ്റെ സുഹൃത്തുക്കളെ കാണാനോ കഴിയുന്നില്ല’ ഹുസൈൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

വിവിധ ജയിൽഅവകാശ സംഘടനകളുടെ റിപ്പോർട്ടുകളും ജയിലിലടച്ച കുട്ടികളോട് ഇസ്രായേൽ തുടരുന്ന മനുഷ്യാവകാശ ലംഘനമാണ് വെളിപ്പെടുത്തുന്നത്. ഇസ്രായേൽ ജയിലിൽ ഫലസ്തീൻ തടവുകാർ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ശാരീരികമായ ദുരുപയോഗം, പീഡനം, അപമാനം, മോശമായ പെരുമാറ്റങ്ങൾ ഇവ മാത്രമല്ല ചികിത്സ നിഷേധിക്കലടക്കമുള്ളവയും നേരിടുന്നുവെന്നാണ് റിപ്പോർട്ട്. യു.എൻ ഏജൻസികളുടെ പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കൊടുംക്രൂരതകൾ വിശദീകരിക്കുന്നത്.

ഒക്‌ടോബർ 7 മുതൽ 700ലധികം കുട്ടികളെയാണ് ഇസ്രായേൽ അറസ്റ്റ് ചെയ്തതെന്ന് ഫലസ്‌തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ കണക്കുകൾ പറയുന്നു. നിലവിൽ അവരിൽ 250 പേർ ഇസ്രയേലിന്റെ തടങ്കലിലാണിപ്പോഴും. മുമ്പുള്ള കണക്കുകൾ വെച്ചുനോക്കുമ്പോൾ വളരെ ഉയർന്നതാണിതെന്നാണ് ഫലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ വക്താവ് അമാനി സരഹ്‌നെ പറയുന്നു. മുതിർന്ന ഫലസ്തീൻ തടവുകാരെപ്പോലെയാണ് കുട്ടികളെയും ഇസ്രായേൽ പീഡിപ്പിക്കുന്നതെന്ന് സരഹ്‌നെ കൂട്ടിച്ചേർത്തു.

എല്ലാവിധത്തിലും ഫലസ്തീനിയൻ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി ഇസ്രായേൽ സൈന്യം ഇത് തുടരുന്നുണ്ടെന്നും അവർ പറഞ്ഞു. ഫലസ്തീൻ തടവുകാരെ മർദിക്കുക മാത്രമല്ല, മണിക്കൂറുകളോളം തണുപ്പിൽ നിർത്തും. ഭക്ഷണവും,വെള്ളവും, ഉറക്കവും, ചികിത്സയും നിഷേധിക്കപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ മാസമാണ് യു.എൻ മനുഷ്യാവകാശ ഓഫീസിൻ്റെ റിപ്പോർട്ട് വെളിപ്പെടുത്തിയത്.

ഇസ്രായേൽ ജയിലുകളിൽ ഫലസ്തീൻ കുട്ടികൾ പട്ടിണയിലാണെന്നും സർഹാനെ പറഞ്ഞു. ഹുസൈനെ പോലെ ജയിലിലടക്കപ്പെട്ട മറ്റൊരു കുട്ടിയാണ് വസീം*. മരിക്കാതെ ജീവൻ നിലനിൽക്കാനുള്ള ഭക്ഷണം മാത്രമാണ് ജയിലിൽ കുട്ടികൾക്ക് നൽകുന്നതെന്നാണ് വസീം ​പറഞ്ഞത്. ജയിലിൽ കഴിയുന്ന നൂറ് കണക്കിന് കുട്ടികളിൽ വിറ്റാമിൻ, ഇരുമ്പ്, കാൽസ്യം എന്നിവയുടെ കുറവു വിവിധ എജൻസികൾ കണ്ടെത്തിയിരുന്നു. ‘ഞാൻ എല്ലാ ദിവസവും ചികിത്സ ആവശ്യപ്പെടും, പക്ഷേ ഒരിക്കൽ പോലും ഡോക്ടർമാരാർ വന്നിട്ടില്ല. ചികിത്സാ സംവിധാനങ്ങളൊന്നും ജയിലിൽ ഉണ്ടായിരുന്നില്ലെന്നും വസീം പറയുന്നു.

ജയിലിൽ വളരെ പരിമിതമായ അളവിലാണ് ഭക്ഷണം നൽകുന്നത്. തനിക്കും തൻ്റെ സെല്ലിലെ മറ്റ് ഒമ്പത് തടവുകാർക്കും ഒരു ചെറിയ പ്ലാസ്റ്റിക് കപ്പിലാണ് ഒരു ദിവസത്തെ മുഴുവൻ ഭക്ഷണവും നൽകുന്നത്. മിക്ക ദിവസങ്ങളിലും പാതിവെന്ത അരിയാകും അതിലുണ്ടാവുക. ചില ദിവസങ്ങളിൽ വേവിക്കാത്ത അരിയും ഉണ്ടായിരുന്നു. എന്നാലും ഞങ്ങൾ അത് കഴിക്കും. മിക്ക ദിവസവും ഞങ്ങൾ പട്ടിണിക്ക് സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ഹുസൈൻ പറഞ്ഞു.

കുടിവെള്ളത്തി​ന്റെ അവസ്ഥയും വളരെ മോശമാണ്. ഞങ്ങൾ വെള്ളത്തിനായി അവരോട് യാചിച്ച ദിവസങ്ങളുണ്ട്. മറ്റു വഴികളില്ലാതെ ശുചിമുറിയിലെ മലിനമായ വെള്ളം കുടിച്ചിട്ടുണ്ട്. മുന്നിൽ മറ്റ് വഴികളില്ലായിരുന്നു. തടവുകാർക്ക് ഭക്ഷണവും അടിസ്ഥാന സാമഗ്രികളും വാങ്ങാനുള്ള ജയിൽ കാന്റീൻ  ഇസ്രായേൽ അധികൃതർ അടച്ചുപൂട്ടി. കൊടുംതണുപ്പിൽ പോലും ചൂടുവെള്ളം ലഭിക്കാതിരിക്കാൻ കെറ്റിലുകളടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ജയിലിൽ നിന്ന് മാറ്റി. ശാരീരികമായും മാനസികമായും കനത്ത പീഡനത്തിനാണ് ജയിലിൽ ഓരോരുത്തരും ഇരയായത്.

ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്‍തീനികൾ നേരിടുന്ന പീഡനത്തെപറ്റി അറിഞ്ഞപ്പോൾ ഞങ്ങൾ തകർന്നുവെന്നാണ് ഹുസൈന്റെ പിതാവ് ഒമർ* പറഞ്ഞത്. രാവും പകലും കരയുകയല്ലാതെ ഞങ്ങൾക്ക് മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. തടവുകാരെ കൈമാറുന്നതുൾപ്പടെയുള്ള ​കരാറുകളുണ്ടായിട്ടും മാരകമായി പരിക്കേറ്റ ഹുസൈനെ അവർ വിട്ടയച്ചില്ല.

‘അവർ അവൻ്റെ ബാല്യകാലം മാത്രമല്ല അവൻ്റെ ജീവിതവും തകർത്തു. വീട്ടിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ഹുസൈനിപ്പോഴും ആൾക്കാരുമായി ഇടപെഴകാനാകുന്നില്ല. ആൾക്കൂട്ടങ്ങളിൽ നിന്ന് അവൻ പലപ്പോഴും ഒളിച്ചോടുകയാണ്. പല​പ്പോഴും പേടിസ്വപ്നങ്ങൾ കണ്ടവൻ ഞെട്ടി ഉണരും ഒമർ പറഞ്ഞു.

അഹമ്മദ് അബു നഈമിന്* ഇപ്പോൾ പ്രായം 18 ആണ്. 15 വയസ് മുതൽ വിവിധ കാലങ്ങളിലായി നിരവധി തവണയാണ് ഇസ്രായേൽ സൈന്യം അവനെ തടങ്കലിലാക്കിയത്. ആദ്യം അറസ്റ്റ് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിട്ടയച്ചു. പിന്നീട് അറസ്റ്റ് ചെയ്ത് ഒരുവർഷത്തിലേറെ തടങ്കലിലടച്ചു. മൂന്നാം തവണയും അറസ്റ്റ് ചെയ്ത് ആറ് മാസം തടങ്കലിലടച്ചു. കുട്ടികളാണെന്ന പരിഗണനയൊന്നും അവർ ഞങ്ങൾക്ക് നൽകിയിട്ടില്ലെന്ന് നഈം പറഞ്ഞു.‘മെഗിദോ ജയിലിലായിരുന്നു ഞങ്ങളെ പാർപ്പിച്ചിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് തടവുകാർ കഴിഞ്ഞിരുന്നത്. വളരെ വേഗം തന്നെ വിവിധ രോഗങ്ങൾ പടർന്നുപിടിച്ചു. ത്വക് രോഗം പടർന്നിട്ടും മരുന്നുകൾ നൽകാൻ തയാറായില്ല. ​ശുചിത്വ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. സോപ്പോ,ഡിറ്റർജെന്റോ ആർക്കും നൽകിയിരുന്നില്ല. സെല്ലുകളെല്ലാം തിങ്ങിനിറഞ്ഞിരുന്നു. അവയിൽ ഉൾക്കൊള്ളാനാവുന്നതിനേക്കാൾ ഇരട്ടി തടവുകാരെയാണ് പാർപ്പിച്ചത്. പലരും തറയി​ലോ പൂപ്പൽ പിടിച്ച മെത്തകളിലോ ആണ് ഉറങ്ങിയിരുന്നത്’ - നഈം ജയിലിലെ അവസ്ഥ വിവരിച്ചു.

ഒക്‌ടോബർ ഏഴിന് ശേഷം സെല്ലുകളിൽ അവർ സെർച്ചുകൾ വ്യാപകമാക്കി. ജയിൽ സുരക്ഷാ ജീവനക്കാർ സെല്ലിൽ പ്രവേശിക്കുമ്പോൾ, എല്ലാ തടവുകാരും തലയിൽ കൈവെച്ച് മുട്ടുകുത്തി കിടക്കണം, ഇല്ലെങ്കിൽ ഞങ്ങളുടെ നേർക്ക് നായ്ക്കളെ വിടും. സുരക്ഷാ ജീവനക്കാർ ആരെയും തല്ലും, നമ്മൾ മാരകമായി പരിക്കേറ്റ് കിടക്കുകയാണെങ്കിലും അവർ തല്ലും. വയറിലും വാരിയെല്ലുകളിലും തോളുകളിലും ചവിട്ടും നഈം പറഞ്ഞു.

പുറം ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. പുതിയ തടവുകാരെത്തു​​മ്പോഴാണ് പുറത്തുള്ള വിവരങ്ങൾ അറിയുന്നത്. എന്റെ ഗ്രാമം ഇസ്രായേൽ സൈന്യം തകർത്തതും പിതാവിന് വെടിയേറ്റതും വീട്ടിലെത്തിയ​പ്പോഴാണ് അറിഞ്ഞതെന്ന് നഈം പറഞ്ഞു.

ജയിലിലടക്കപ്പെട്ട കുട്ടികളെ സന്ദർശിക്കാൻ രക്ഷിതാക്കളെയോ വക്കീലിനെയോ അനുവദിച്ചിരുന്നില്ല. ഇത് കുട്ടികളുടെ മനോവീര്യത്തെയും ബാധിച്ചു. പലരും മാനസികമായി തളർന്നുവെന്ന് ഫലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി വ്യക്തമാക്കുന്നു. 

 ( യഥാർത്ഥപേരല്ല നൽകിയിരിക്കുന്നത്) 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News