"രേഖകളില്ലാത്ത എല്ലാവരെയും പുറത്താക്കും"; യുഎസിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ട്രംപ്

അനധികൃത ഇന്ത്യക്കാരുടെ നാടുകടത്തലിന് ഇന്ത്യ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് പരാതി

Update: 2024-12-13 12:19 GMT
Editor : ശരത് പി | By : Web Desk
Advertising

വാഷിങ്ടൺ ഡിസി: അമേരിക്കയെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി 20നാണ് ട്രംപ് അധികാരമേറ്റെടുക്കുന്നത്. നാടുകടത്തലിനായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) 15 ലക്ഷം ആളുകളുടെ പേര് ചേർത്തുള്ള പട്ടികയാണുണ്ടാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ യുഎസിൽ രേഖകളില്ലാതെ ജീവിക്കുന്ന 18,000 ഇന്ത്യക്കാരുമുണ്ട്. ICEയുടെ നവംബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം നീക്കം ചെയ്യൽ ഉത്തരവുകളുമായി 17,940 ഇന്ത്യക്കാരാണ് നാടുകടത്തലും കാത്തിരിക്കുന്നത്.

കണക്കുകൾ പ്രകാരം യുഎസിൽ ഏറ്റവുമധികമുള്ളത് മെക്‌സിക്കൻ കുടിയേറ്റക്കാരാണ്, രണ്ടാമത് എൽ സാൽവഡോറും മൂന്നാമത് ഇന്ത്യയുമാണ്. ഇന്ത്യയിൽ നിന്നും ഏകദേശം 7,25,000 ആളുകളാണ് യുഎസിലുള്ളത്.

ഒക്ടോബറിൽ, ഈ പട്ടിക പുറത്തുവിടുന്നതിന് മുമ്പ് അനധികൃതമായി രാജ്യത്ത് തങ്ങിയ ഇന്ത്യക്കാരെ പ്രത്യേക വിമാനം വഴി ഇന്ത്യയിലേക്ക് കടത്തിയിരുന്നു. ഇന്ത്യൻ ഗവൺമെന്റിന്റെ പിന്തുണയോടെയാണ് അനധികൃത ഇന്ത്യക്കാരെ നാടുകടത്തിയതെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു.

രേഖകളില്ലാത്ത ആയിരക്കണക്കിന് ഇന്ത്യക്കാർ യുഎസിൽ പൗരത്വം സുരക്ഷിതമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കെയാണ് ICE പട്ടിക പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യുഎസ് അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിച്ച 90,000 ഇന്ത്യക്കാരെയാണ് അമേരിക്കൻ അതിർത്തി സേന പിടികൂടിയത്.

2,61,651 പൗരന്മാരുമായി ഹോണ്ടൂറാസ് ആണ് നാടുകടത്തൽ പട്ടികയിൽ മുന്നിലുള്ളത്. ഇതിന് പിന്നാലെ ഗ്വോട്ടെമല, മെക്‌സികോ, എൽ സാൽവഡോർ എന്നീ രാജ്യങ്ങൾ പട്ടികയിലുണ്ട്.

രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാരുടെ നാടുകടത്തലിന് ഇന്ത്യ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യുഎസിന് പരാതിയുണ്ട്. പല തവണയും പ്രഖ്യാപിച്ച നാടുകടത്തൽ പദ്ധതികൾ നീണ്ടുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് നിന്നും തിരിച്ചയക്കാൻ ഉദ്ദേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ ദേശീയത വ്യക്തമാക്കാൻ അവർ വന്നെന്ന് പറയുന്ന രാജ്യങ്ങളിലേക്ക് യുഎസ് സന്ദേശങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനുള്ള മറുപടിയും വൈകുന്നു.

പല രാജ്യങ്ങളും യുഎസിനോട് നാടുകടത്തൽ പദ്ധതിയിൽ സഹകരിക്കുന്നില്ല. ഇത്തരം രാജ്യങ്ങളെ യുഎസ് സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

15 രാജ്യങ്ങളാണ് നിലവിൽ പട്ടികയിലുണ്ട്. ഇന്ത്യ, ഭൂട്ടാൻ, ക്യൂബ, മ്യാൻമർ, ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ, എറിത്രിയ, ഹോങ് കോങ്, ഇറാൻ, ലാവോസ്, ചൈന, പാകിസ്താൻ, റഷ്യ സോമാലിയ, വെനസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News