യുക്രൈനിയൻ കുഞ്ഞുങ്ങളെ വെള്ളത്തിൽ തള്ളിയിടാൻ ആഹ്വാനം: റഷ്യൻ മാധ്യമപ്രവർത്തകന് തടവു ശിക്ഷ
അഞ്ച് വർഷം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാൾ ഒളിവിലാണെന്നാണ് വിവരം
കീവ്: യുക്രൈനിയൻ കുഞ്ഞുങ്ങളെ വെള്ളത്തിലേക്ക് തള്ളിയിടാൻ ആഹ്വാനം ചെയ്ത റഷ്യൻ മാധ്യമപ്രവർത്തകന് തടവു ശിക്ഷ. ആന്റൺ ക്രസോവ്‌സ്‌കി എന്ന ടിവി അവതാരകനാണ് യുക്രൈൻ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ച് വർഷം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാൾ ഒളിവിലാണെന്നാണ് വിവരം.
യുക്രൈനിൽ വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്നും യുക്രൈന്റെ ഭരണഘടന അട്ടിമറിക്കാൻ ന്യായവാദം നടത്തി എന്നതുമാണ് ക്രസോവ്‌സ്‌കിയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ.
കഴിഞ്ഞ ഒക്ടോബറിൽ റഷ്യയുടെ ദേശീയ ചാനലിലാണ് ക്രസോവ്‌സ്‌കി വിവാദ പരാമർശം നടത്തിയത്. റഷ്യക്കാരെ കടന്നുകയറ്റക്കാരായി കാണുന്ന കുട്ടികളെ നിലയില്ലാത്ത വെള്ളത്തിലേക്ക് തള്ളിയിട്ട് കൊല്ലണം എന്നായിരുന്നു ഇയാളുടെ പരാമർശം. സംഭവം ഏറെ വിവാദമായതിനെ തുടർന്ന് ക്രസോവ്‌സ്‌കി ഖേദം പ്രകടിപ്പിച്ചെങ്കിലും ഔദ്യോഗിക പദവികളിൽ നിന്നും യൂറോപ്യൻ യൂണിയൻ ഇയാളെ പുറത്താക്കി.
കഴിഞ്ഞ ഫെബ്രുവരി മുതൽ യുക്രൈനിലെ റഷ്യൻ അതിക്രമത്തെ ക്രസോവ്‌സ്‌കി പരസ്യമായി പിന്തുണച്ചിരുന്നു എന്നാണ് യുക്രൈൻ സെക്യൂരിറ്റി സർവീസ് ആയ എസ്ബിയു അറിയിക്കുന്നത്. യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഇയാൾ അംഗീകരിച്ചിരുന്നുവെന്നും യുക്രൈനിയൻ വംശഹത്യക്ക് ഇയാൾ ആഹ്വാനം ചെയ്തിരുന്നുവെന്നും എസ്ബിയു വ്യക്തമാക്കുന്നു. ഇയാളെ ഒളിവിൽ നിന്ന് പുറത്തു കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നാണ് എസ്ബിയു അറിയിക്കുന്നത്.
യുക്രൈനിലെ ഏത് കോടതിയാണ് ശിക്ഷ വിധിച്ചതെന്നോ എപ്പോഴാണ് ശിക്ഷ വിധിച്ചതെന്നോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.