ഡിനിപ്രോ വിമാനത്താവളം തകർത്ത് റഷ്യ; കിയവിൽ കർഫ്യു പ്രഖ്യാപിച്ചു

റഷ്യയുടെ കടുത്ത ആക്രമണത്തിനിടെ സൈനിക കമാന്റിന്റെ തീരുമാനപ്രകാരമാണ് കർഫ്യു ഏർപെടുത്തിയത്

Update: 2022-03-16 03:42 GMT
Advertising

യുക്രൈനിയിലെ ഡിനിപ്രോ വിമാനത്താവളം തകർത്ത് റഷ്യയുടെ റോക്കറ്റ് ആക്രമണം. റീജിയണൽ ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ റൺവേയും ടെർമിനലും തകർന്നു. ശക്തമായ ആക്രമണമാണ് നടന്നതെന്നും നഷ്ടങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അവസാനം വിജയമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഗവർണർ അറിയിച്ചു.

അതിനിടെ കിയവിൽ 35 മണിക്കൂർ കര്‍ഫ്യു ഏർപെടുത്തി. ചൊവ്വാഴ്ച രാത്രി മുതൽ കിയവിൽ 35 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. റഷ്യയുടെ കടുത്ത ആക്രമണത്തിനിടെ സൈനിക കമാന്റിന്റെ തീരുമാനപ്രകാരമാണ് കർഫ്യു ഏർപെടുത്തിയത്.ചൊവ്വാഴ്ച പുലർച്ചയോടെ കീവിൽ രണ്ട് വലിയ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. അപകടകരമായ നിമിഷത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈന്റെ തലസ്ഥാനമായ കീവിൽ പ്രതിരോധം തുടരും. കീവ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഫ്യൂ സമയത്ത് ആളുകൾ പുറത്തിറങ്ങി നടക്കാൻ പാടില്ലെന്ന കർശന നിർദേശം മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ നൽകി. ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ മാത്രമാണ് ജനങ്ങൾക്ക് അനുമതിയുള്ളതെന്ന് അവർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മരണം സംഭവിച്ചതായി റിപ്പോർട്ടുണ്ട്.

യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനാണ് റഷ്യയുടെ ഊർജിതശ്രമം. കിയവിന്റെ സമീപമെത്തിയ തങ്ങളുടെ സേന ഇന്നലെ 11 കിലോമീറ്റർ മുന്നേറിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.

അതേസമയം റഷ്യയെ സഹായിച്ചാൽ ചൈന ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജെയ്ക് സള്ളിവൻ മുന്നറിയിപ്പ് നൽകി. യുക്രൈനിന്റെ കരിങ്കടൽ തീരമേഖലയിൽ നിയന്ത്രണമുറപ്പിച്ച റഷ്യ, കടൽവഴിയുള്ള വ്യാപാരത്തിൽനിന്നും യുക്രൈനെ ഒറ്റപ്പെടുത്തിയതായി യു.കെ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അതിനിടെ രാജ്യത്തെ പ്രതിരോധിക്കുന്നവരെ പ്രശംസിച്ച് യുക്രൈൻ പ്രതിരോധമന്ത്രിയും രംഗത്തെത്തി. ഒപ്പം വ്യോമ, മിസൈൽ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും ഒലെൻസ്‍കി റെസ്‍നികോവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതിനിടെ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‍കി ഇന്ന് യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News