വെസ്റ്റ് ബാങ്ക് ജോർദാൻ രാജാവിന് നൽകാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു-വെളിപ്പെടുത്തൽ

ട്രംപിന്റെ ഓഫർ കേട്ട് നെഞ്ചുവേദന വന്ന് ശ്വാസം മുട്ടുന്ന പോലെയാണ് തോന്നിയതെന്ന് ജോർദാന്റെ അബ്ദുല്ല രാജാവ് വെളിപ്പെടുത്തിയത്

Update: 2022-09-15 11:19 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്ക് ജോർദാന് നൽകാമെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തൽ. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനോടായിരുന്നു ട്രംപിന്റെ ഓഫർ. 2018ൽ ട്രംപ് അധികാരത്തിലിരിക്കെയായിരുന്നു ഇത്.

ദി ന്യൂയോർക്ക് ടൈംസിന്റെ വൈറ്റ് ഹൗസ് റിപ്പോർട്ടർ പീറ്റർ ബെയ്ക്കറും ന്യൂയോർക്കറിലെ സൂസൻ ഗ്ലെയ്‌സറും ചേർർന്ന് എഴുതിയ The Divider: Trump in the White House 2017-2021 എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. ഉടൻ വിപണിയിലെത്താനിരിക്കുന്ന പുസ്തകത്തിൽനിന്നുള്ള ഭാഗം ഇന്ന് വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലെ വിചിത്രകരമായ വിവരമുള്ളത്. ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകൾ അടങ്ങിയതാണ് പുസ്തകം.

2018ൽ അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപ് ഒട്ടും ചിന്തിക്കാതെ ഇത്തരമൊരു ഓഫർ മുന്നോട്ടുവച്ചത്. വെസ്റ്റ് ബാങ്കിന്‍റെ സമ്പൂര്‍ണമായ നിയന്ത്രണം നല്‍കാമെന്നായിരുന്നു അവകാശവാദം. ഇത് കേട്ട് ഹൃദയാഘാതം വരുന്ന പോലെയാണ് തോന്നിയതെന്നായിരുന്നു അബ്ദുല്ല രാജാവിന്റെ പ്രതികരണം. ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. തലതാഴ്ത്തി കുനിഞ്ഞിരിക്കുകയായിരുന്നു താനെന്നും ജോർദാൻ രാജാവ് വെളിപ്പെടുത്തിയതായി പുസ്തകത്തിൽ പറയുന്നു.

വലിയൊരു സഹായം ചെയ്യുന്ന പോലെയോ സമ്മാനം നൽകുന്ന പോലെയോ ആയിരുന്നു ട്രംപ് ഇത്തരമൊരു ഓഫർ അവതരിപ്പിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ട്രംപിനു ബോധ്യമുണ്ടായിരുന്നില്ല. വെസ്റ്റ് ബാങ്കിന്റെ ചരിത്രവും ജോർദാൻ രാജകുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളുമൊന്നും ട്രംപിന് അറിവുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്നതാണ് പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ട്രംപിന്റെ വാഗ്ദാനത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് ഭരണകൂടം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ സംഭവമെന്നതും കൗതുകമുണർത്തുന്നതാണ്. കടുത്ത അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കിടയിലും തെൽഅവീവിൽനിന്ന് യു.എസ് എംബസി ജെറൂസലേമിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ട്രംപിന്റെ ഓഫറിനു പിന്നാലെ കൂടുതൽ വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ പിടിച്ചടക്കുമെന്ന് നെതന്യാഹു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Summary: Former United States president Donald Trump offered complete control of the West Bank to Jordan's King Abdullah II in 2018

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News