ഇന്ധനക്ഷാമം രൂക്ഷം; സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പ്രഖ്യാപിച്ച് ശ്രീലങ്ക

ഭക്ഷ്യക്ഷാമ ഭീതിക്കിടെ കൃഷി ചെയ്യാനായി നേരത്തെ സർക്കാർ ജീവനക്കാർക്ക് അധിക അവധി അനുവദിച്ചിരുന്നു

Update: 2022-06-18 10:20 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ശക്തമായി തുടരുന്നതിനിടെ സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' നടപ്പാക്കി ഭരണകൂടം. ഇന്ധനക്ഷാമം അതിരൂക്ഷമായതോടെയാണ് രണ്ട് ആഴ്ചത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ശ്രീലങ്കൻ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഭക്ഷ്യക്ഷാമ ഭീതിക്കിടെ കൃഷി ചെയ്യാനായി സർക്കാർ ജീവനക്കാർക്ക് അധിക അവധി അനുവദിക്കുകയും ചെയ്തിരുന്നു.

വിദേശ നാണയശേഖരം കാലിയായതിനാൽ ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ശ്രീലങ്കൻ ഭരണകൂടം. കരുതൽശേഖരത്തിലുള്ള ഇന്ധനവും ഏതാനും ദിവസങ്ങൾക്കകം തീരുമെന്നാണ് അറിയുന്നത്. ഇന്ധനക്ഷാമം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കുന്നതെന്ന് ആഭ്യന്തര, പൊതുഭരണ മന്ത്രാലയം അറിയിച്ചു.

ഇന്ധനത്തിന്റെ കരുതൽ ശേഖരവും തീർന്നുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇന്ധനക്ഷാമത്തെ തുടർന്ന് പൊതുഗതാഗതവും കാര്യമായി പ്രവർത്തിക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങളുമായി ഓഫീസിലെത്താൻ നിർദേശിക്കുന്നതും പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ കുറഞ്ഞ ആളുകളെ മാത്രം ഓഫീസുകളിൽ നിർത്തി ബാക്കിയുള്ളവരോടെല്ലാം വീടുകളിൽനിന്ന് ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ രണ്ട് ആഴ്ചത്തേക്കാണ് ആദ്യഘട്ടത്തിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്.

1948ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്യം നേടിയ ശേഷം ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമമടക്കമുള്ള കടുത്ത ദുരിതമാണ് രാജ്യത്തെ 2.2 കോടി വരുന്ന ജനം അനുഭവിക്കുന്നത്. ഭരണ കെടുകാര്യസ്ഥതയ്‌ക്കൊപ്പം കോവിഡ് മഹാമാരി കൂടി വന്നതോടെയാണ് സാഹചര്യങ്ങൾ വഷളായത്. പ്രതിസന്ധിയെ തുടർന്ന് പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങിയതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നിരുന്നു. രാജ്യാന്തര നാണയനിധി(ഐ.എം.എഫ്)യുമായുള്ള ശ്രീലങ്കൻ ഭരണകൂടത്തിന്റെ ചർച്ച പുരോഗമിക്കുകയാണ്.

Summary: 2 Weeks WFH for Sri Lanka government employees due to fuel crisis

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News