കോവിഡ് ബാധിച്ച് മരിച്ച 90കാരിയില്‍ വൈറസിന്‍റെ രണ്ടു വകഭേദങ്ങള്‍; അപൂര്‍വമെന്ന് വിദഗ്ധര്‍

ബെല്‍ജിയത്തിലെ ആല്‍സ്റ്റില്‍ ഒ.എല്‍.വി ആശുപത്രിയില്‍ കോവിഡ് ചികിത്സ തേടിയ സ്ത്രീയിലാണ് രണ്ടു വകഭേദങ്ങളും കണ്ടെത്തിയത്.

Update: 2021-07-11 10:03 GMT
Advertising

കോവിഡ് ബാധിച്ച് മരിച്ച 90കാരിയില്‍ വൈറസിന്‍റെ ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ ഒരുമിച്ച് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബെല്‍ജിയം സ്വദേശിനിയിലാണ് രണ്ടു വകഭേദങ്ങളും കണ്ടെത്തിയത്. എന്നാല്‍, കോവിഡ് രോഗികളില്‍ വൈറസിന്‍റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരേസമയം കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

ആല്‍സ്റ്റിലെ ഒ.എല്‍.വി ആശുപത്രിയില്‍ കഴിഞ്ഞ മാര്‍ച്ച് മാസം പ്രവേശിപ്പിച്ച രോഗിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യ ദിവസങ്ങളില്‍ ഓക്സിജന്‍ നിലയിലടക്കം സാരമായ പ്രശ്നങ്ങളില്ലായിരുന്നു. തുടര്‍ന്ന്, രോഗിയുടെ ആരോഗ്യനില പെട്ടെന്നാണ് ഗുരുതരമായതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

അസുഖം മൂര്‍ച്ഛിച്ച് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആല്‍ഫ, ബീറ്റ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രോഗിയിലുള്ള വൈറസ് വകഭേദങ്ങള്‍ തിരിച്ചറിയാത്തതോ വേണ്ടത്ര ഗൗരവം നല്‍കാത്തതോ ആകാം മരണത്തിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ വാക്സിനും സ്വീകരിച്ചിരുന്നില്ല. 

അതേസമയം, രണ്ടു വകഭേദങ്ങളും ഒരേ സമയം ബാധിച്ചതാണോ രോഗിയുടെ മരണകാരണമെന്നതില്‍ വ്യക്തതയില്ലെന്നാണ് ഒ.എല്‍.വി ആശുപത്രിയിലെ മോളികുലര്‍ ബയോളജിസ്റ്റായ ആന്‍ വാന്‍കീര്‍ബര്‍ഗന്‍ പറയുന്നത്. സമാനമായ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ബെല്‍ജിയത്തില്‍ ആ സമയത്ത് രണ്ടു വകഭേദങ്ങളുടെയും വ്യാപനം സ്ഥിരീകരിച്ചിരുന്നതായും വ്യത്യസ്ത വ്യക്തികളില്‍ നിന്നാകാം രോഗിക്ക് രോഗബാധയുണ്ടായതെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News