Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എസെക്സ്: മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങൾക്കൊപ്പം നാല് വർഷം ജീവിച്ച യുവതിക്ക് ജീവപര്യന്തം തടവ്. 36 കാരിയായ വിർജീനിയ മക്കല്ലഫിനെ ആണ് ചെംസ്‌ഫോർഡ് ക്രൗൺ കോടതി 36 വർഷം തടവിന് ശിക്ഷിച്ചത്. പിതാവ് ജോൺ മക്കല്ലൗവിനെയും (70) അമ്മ ലോയിസ് മക്കല്ലോയെയുമാണ് (71) മകൾ വിർജീനിയ മക്കല്ലഫ് കൊലപ്പെടുത്തിയത്.
2019 ജൂണിൽ എസെക്സിലെ ഗ്രേറ്റ് ബാഡോവിലുള്ള ഇവരുടെ വീട്ടിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പിതാവിനെ മരുന്നിൽ വിഷം കലർത്തി മദ്യത്തിൽ ചേർത്താണ് കൊലപ്പെടുത്തിയത്. അമ്മയെ ചുറ്റിക കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചിൽ ഒന്നിലധികം തവണ കുത്തുകയും ചെയ്തു.
കൊലപാതകങ്ങൾക്ക് ശേഷം നാല് വർഷം പ്രതി മാതാപിതാക്കളുടെ മൃതദേഹങ്ങൾക്കൊപ്പം താമസിച്ചു. പിതാവിന്റെ മൃതദേഹം മക്കല്ലോയുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തി. ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിൽ ലക്‌ചററായി ജോലി ചെയ്തിരുന്ന പിതാവിനായി വിർജീനിയ ഒരു താൽക്കാലിക ശവകുടീരം നിർമ്മിച്ചിരുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ സ്ലീപ്പിംഗ് ബാഗിൽ പൊതിഞ്ഞ രീതിയിൽ ആയിരുന്നു ലോയിസ് മക്കല്ലോയുടെ മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കൾക്ക് സുഖമില്ല എന്നായിരുന്നു വിർജീനിയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. പ്രതി ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നു എന്നും മാതാപിതാക്കളുടെ പെൻഷൻ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ വേണ്ടിയാണ് കൊലപാതകം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.