'സമാധാനശ്രമങ്ങള്‍ക്കേറ്റ പ്രഹരം, വലിയ നിരാശ'; മോദിയുടെ റഷ്യാ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സെലന്‍സ്കി
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള മോദിയുടെ ആദ്യ റഷ്യാസന്ദര്‍ശനമാണിത്
കിയവ്: പ്രധാനമന്ത്രി നരന്ദ്രേ മോദിയുടെ റഷ്യ സന്ദര്‍ശനത്തിനെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. കിയവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയ അതേ ദിവസം തന്നെ മോദി മോസ്കോ സന്ദര്‍ശിക്കുകയും പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും ചെയ്തതിനെതിരെയാണ് സെലന്‍സ്കി രംഗത്തെത്തിയത്. സമാധാനശ്രമങ്ങള്‍ക്കേറ്റ പ്രഹരമാണെന്നും വലിയ നിരാശ തോന്നുന്നുവെന്നും സെലന്‍സ്കി പറഞ്ഞു.
"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ്," സെലന്‍സ്കി എക്സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനുമായി മോസ്‌കോക്ക് പുറത്തുള്ള നോവോ-ഒഗാരിയോവോയിലെ വസതിയിൽ കൂടിക്കാഴ്ച ത്തുമ്പോൾ 900 കിലോമീറ്റർ (560 മൈൽ) അകലെ യുക്രൈന്‍ നഗരങ്ങളിൽ റഷ്യൻ മിസൈലുകൾ കടുത്ത നാശം വിതക്കുകയായിരുന്നു. റഷ്യൻ ആക്രമണത്തിൽ നിരവധി കുട്ടികളടക്കം 37 പേരാണ് കൊല്ലപ്പെട്ടത്. 170 പേർക്ക് പരിക്കേറ്റു.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള മോദിയുടെ ആദ്യ റഷ്യാസന്ദര്‍ശനമാണിത്. യുക്രൈനില്‍ റഷ്യ ആക്രമണമഴിച്ചു വിട്ട അതേ സന്ദർഭത്തിൽ റഷ്യൻ ടിവിയിലുടെ ലോകം കണ്ടത് രണ്ട് നേതാക്കളും പരസ്പരം ആലിംഗനം ചെയ്യുന്നതിന്‍റെയും ചായ സൽക്കാരത്തിൽ പങ്കെടുക്കുന്നതിൻറെയും ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്നതിന്‍റെയും കുതിര പ്രദർശനം കാണുന്നതിൻറെയും ചിത്രങ്ങളും വീഡിയോയുമായിരുന്നു.
അതേസമയം ഇരുപത്തിരണ്ടാമത് ഇന്ത്യ- റഷ്യ ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ഊർജ്ജം, വാണിജ്യം, പ്രതിരോധം, എന്നീ മേഖലകളിലെ പരസ്പര സഹകരണം ശക്തമാക്കാനുള്ള പദ്ധതികളിൽ ഉച്ചകോടിയിൽ ഒപ്പുവയ്ക്കും. റഷ്യയിലെത്തിയ നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മൻടുറോവ് സ്വീകരിച്ചു. മോദിയുടെ മോസ്‌കോ സന്ദർശനത്തിൻ്റെ രണ്ടാം ദിവസത്തിലായിരുന്നു സെലൻസ്‌കിയുടെ പരാമർശം.റഷ്യൻ തലസ്ഥാനത്ത് എത്തിയതിന് ശേഷം തിങ്കളാഴ്ച മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.