ബിജെപി നേതാവിന്‍റെ മകനെതിരെ പരാതി നല്‍കിയതിന് പ്രതികാരം; യുവതിയുടെ പിതാവിനെ താഴ്ന്ന തസ്തികയിലേക്ക് മാറ്റി
ടൂറിസം വകുപ്പില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വിരേന്ദര്‍ കുണ്ഡുവിനെ താഴ്ന്ന തസ്തികയിലേക്കാണ് മാറ്റിയത്
ഹരിയാനയില്‍ ബിജെപി നേതാവിന്റെ മകന്‍ യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ് നടക്കുന്നതിനിടെ പ്രതികാര നടപടി. പരാതിയില്‍ ഉറച്ചുനിന്ന യുവതിയുടെ പിതാവിനെ ബിജെപി സര്‍ക്കാര്‍ താഴ്ന്ന തസ്തികയിലേക്ക് സ്ഥലംമാറ്റി. ടൂറിസം വകുപ്പില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വിരേന്ദര്‍ കുണ്ഡുവിനെയാണ് സ്ഥലം മാറ്റിയത്. സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിലേക്കാണ് മാറ്റിയത്. കേസില്‍ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വിരേന്ദര്‍ കുണ്ഡു വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സ്ഥലംമാറ്റം.
ബിജെപി നേതാവ് സുഭാഷ് ബരളയുടെ മകന്‍ വികാസ് ബരളയാണ് യുവതിയെ കാറില്‍ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. മകള്‍ക്ക് നീതി കിട്ടണമെന്ന നിലപാടില്‍ ഉറച്ചുനിന്ന പിതാവിനെ ബിജെപി സര്‍ക്കാര്‍ തരംതാഴ്ത്തി ശിക്ഷിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നുമാണ് യുവതിയും പിതാവും തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നത്. നീതി ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരുമെന്നും ഇവര്‍ പറയുകയുണ്ടായി. പിന്നാലെയാണ് യുവതിയുടെ പിതാവിനെ സ്ഥലം മാറ്റിയത്.