ആലത്തൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; പ്രചരണം കൊഴുപ്പിച്ച് മുന്നണികള്‍
മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിനൊപ്പമെത്താന്‍ യു.ഡി.എഫിന് സാധിച്ചു
സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ആലത്തൂര്‍ മാറിക്കഴിഞ്ഞു. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പൊതു പിന്തുണയിലാണ് യു.ഡി.എഫ് പ്രതീക്ഷ. അടിത്തട്ടുകള്‍ ഭദ്രമാണെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം. സംസ്ഥാനത്തെ എല്‍.ഡി.എഫ് കോട്ടകളിലൊന്ന്. അതായിരുന്നു ആലത്തൂര്‍. എന്നാല്‍
ഈ തെരഞ്ഞെടുപ്പിലെ വലിയ പ്രത്യേകതകളിലൊന്ന് ആലത്തൂര് മണ്ഡലത്തിന്‍റെ രാഷ്ട്രീയ സ്വഭാവത്തിലുണ്ടായ മാറ്റമാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായി ആലത്തൂര്‍ മാറിക്കഴിഞ്ഞു. എല്‍.ഡി.എഫിന്‍റെ സംഘടനാ സംവിധാനത്തിന് ഒരു കോട്ടവുമുണ്ടായിട്ടില്ലെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിനൊപ്പമെത്താന്‍ യു.ഡി.എഫിന് സാധിച്ചു.
റാലികളിലും പൊതു യോഗങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും യു.ഡി.എഫ് ഓളം തീര്‍ക്കുമ്പോള്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനത്തില്‍ എല്‍.ഡി.എഫ് തന്നെയാണ് മുന്നില്‍. 37000 വോട്ടിനാണ് 2014 ല്‍ എല്‍.ഡി.എഫ് ജയിച്ച് കയറിയത്. ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാകുമെന്ന് സംസ്ഥാനത്ത് എല്‍.ഡി.എഫും ചെറിയ ഭൂരിപക്ഷത്തിന് ജയിക്കാനാകുമെന്ന് യു.ഡി.എഫും കരുതുന്നു.