രമ്യ ഹരിദാസിന്റേത് ചരിത്ര വിജയം; 28 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് കോൺഗ്രസിന് വനിതാ എം.പി
1991 ൽ അന്നത്തെ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണാനായിരുന്നു രമ്യ ഹരിദാസിന് മുമ്പ് കൈപ്പത്തി ചിഹ്നത്തിൽ അവസാനമായി ജയിച്ച വനിതാ എം.പി.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെത് ചരിത്ര വിജയം. 28 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എം.പി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ആലത്തൂരിലെ വിജയത്തിലൂടെ രമ്യ ഹരിദാസ്. 1991 ൽ അന്നത്തെ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണാനായിരുന്നു രമ്യ ഹരിദാസിന് മുമ്പ് കൈപ്പത്തി ചിഹ്നത്തിൽ അവസാനമായി ജയിച്ച വനിതാ എം.പി. അന്ന് 12365 വോട്ടുകളായിരുന്നു സാവിത്രി ലക്ഷമണന്‍ സ്വന്തമാക്കിയിരുന്നത്.
ഇത്തവണ 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് എല്‍.ഡി.എഫിന്റെ പി.കെ ബിജുവിനെ തറപറ്റിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ തുടക്കം മുതലെ ആലത്തുരില്‍ ഏറെ മുന്നിലായിരുന്നു രമ്യ ഹരിദാസ്. ഇടതിന് വ്യക്തമായ മുന്‍തൂക്കമുള്ള ആലത്തൂരില്‍ പക്ഷെ തുടക്കം മുതലെ രമ്യ ഹരിദാസിനെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയാണ് ഇടത് പക്ഷം പിന്തുടര്‍ന്നത്. അതിനെല്ലാമുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന പ്രതികരണം.