സിനിമയിലെ കറുത്തവരുടെ പോരാട്ടങ്ങള്‍
കറുത്തവരെ അധമന്മാരായി അവതരിപ്പിക്കുക വഴി സമൂഹത്തില്‍ എക്കാലവും അവരെ അടിമകളായി നിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് അമേരിക്കന്‍ സിനിമകളില്‍ എക്കാലവും നിലനിന്നത്.
കറുത്തവരുടെ സിനിമ പ്രതിരോധത്തിന്റെ മാത്രമല്ല അതിജീവനത്തിന്റെയും സിനിമയാണ്. നൂറ്റാണ്ടുകളായി കീഴാളരായി കഴിഞ്ഞ് കൂടേണ്ടി വരികയും കറുത്തതിന്റെ പേരില്‍ ഇന്നും എല്ലാ വിധ പരിഹാസങ്ങളുമേറ്റ് നിസ്സഹായരായി നില്‍ക്കേണ്ടി വരികയും ചെയ്യുന്ന ഒരു ജനത സ്വയം തിരിച്ചറിയുകയും സ്വയം ശാക്തീകരിക്കുകയും ചെയ്യുന്നതിന്റെ ചിത്രം ഈ സിനിമകള്‍ നമുക്ക് നല്‍കുന്നുണ്ട്.
ആദ്യകാല സിനിമയില്‍ കറുത്തവരെ കഥാപാത്രങ്ങളാക്കാന്‍ അക്കാലത്തെ വെളളക്കാരായ സംവിധായകര്‍ മടി കാണിച്ചു. ഇനി അവരെ കഥാപാത്രങ്ങളാക്കിയെങ്കില്‍ തന്നെ അതൊക്കെ ''സ്റ്റീരിയോ ടൈപ്പ്'' ചെയ്യപ്പെട്ടു. ആദ്യകാലം തൊട്ട് ഹോളിവുഡ് സിനിമകളില്‍ കറുത്തവരെ വിഡ്ഢികളും മടിയന്മാരും കോമാളികളും അന്ധവിശ്വാസികളും മറ്റുമായാണ് ചിത്രീകരിച്ചത്. കറുത്തവരെ അധമന്മാരായി അവതരിപ്പിക്കുക വഴി സമൂഹത്തില്‍ എക്കാലവും അവരെ അടിമകളായി നിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് അമേരിക്കന്‍ സിനിമകളില്‍ എക്കാലവും നിലനിന്നത്.
കറുത്തവരെ മികച്ച റോളുകളില്‍ അവതരിപ്പിച്ച പല സിനിമകളിലും ആ വേഷം ചെയ്തത് വെളുത്തവരായിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഗ്രിഫിത്തിന്റെ 'ബെര്‍ത്ത് ഓഫ് എ നേഷന്‍ (The Birth of a Nation) ' ആണ് ആദ്യമായി കറുത്തവര്‍ കഥാപാത്രങ്ങളായി വന്ന മികച്ച ഒരു സിനിമയായി ലോകം പരിഗണിക്കപ്പെടുന്നത്. തോമസ് ഡിക്സന്റെ നോവല്‍ 'ദി ക്ലാന്‍സ്മാന്‍: ആന്‍ ഹിസ്റ്റോറിക്കല്‍ റൊമാന്‍സ് ഓഫ് ദി കു ക്ലക്‌സ് ക്ലാന്‍ (The Clansman: A Historical Romance of the Ku Klux Klan) ' ആണ് ഈ സിനിമയുടെ അടിസ്ഥാനം. അമേരിക്കന്‍ ചരിത്രത്തിലെ വലിയ ഒരു കാലത്തെ ഇത് പ്രതിനിധീകരിക്കുന്നുവെങ്കിലും കറുത്തവര്‍ക്കെതിരായ ഒരു വംശീയ ചിത്രമായാണ് അമേരിക്കയിലെ കറുത്ത വംശക്കാരുടെ നേതാക്കള്‍ ഈ സിനിമയെ വിലയിരുത്തിയത്. ഇതില്‍ കറുത്തവരെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് അക്കാലത്ത് തന്നെ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. കറുത്തവരെ മണ്ടന്മാരും മര്യാദയില്ലാത്തവരും, മാന്യന്മാരായ വെളുത്തവരെ ബഹുമാനിക്കാനറിയാത്തവരും, സ്ത്രീപീഢകരുമൊക്കെയായാണ് സിനിമയില്‍ ചിത്രീകരിച്ചത്. അമേരിക്കയില്‍ വെള്ളക്കാരുടെ അര്‍ധഫാസിസ്റ്റ് സംഘടനയായ ക്ലൂ ക്ലക്‌സ് ക്ലാനിന്റെ ശക്തിപ്പെടലിന് ഈ സിനിമ വലിയ സംഭാവനയാണ് നല്‍കിയത് എന്ന് അക്കാലത്തെ സിനിമാ ചരിത്രകാരന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല എബ്രഹാം ലിങ്കന്റെ വധത്തിലേക്ക് നയിച്ച കലാപങ്ങള്‍ക്ക് മരുന്നിട്ട് കൊടുത്തത് ബെര്‍ത്ത് ഒഫ് എ നാഷന്‍ ആണ് എന്നും പറയപ്പെടുന്നു. ബെര്‍ത്ത് ഓഫ് എ നേഷന്‍'' എന്ന സിനിമക്ക് ബദലായി എമ്മെറ്റ് ജെ സ്‌കോട്ട് (Emmet J. Scott) 'ബെര്‍ത്ത് ഓഫ് എ റെയിസ്''എന്ന പേരില്‍ ഒരു സിനിമ നിര്‍മിക്കുകയുണ്ടായി. അതും പ്രശസ്തമാണ്.എന്നാല്‍, കറുത്തവര്‍ അവരുടെ സിനിമാ നിര്‍മാണക്കമ്പനികള്‍ തുടങ്ങിക്കൊണ്ട് ഇതിനെതിരെ പ്രതികരിച്ചു. വില്ല്യം ഡി ഫോസറ്റര്‍ (William D Foster) എന്നയാള്‍ 1910 ചിക്കാഗോയില്‍ ''ദ ഫോസ്റ്റര്‍ ഫോട്ടോപ്ലെ കമ്പനി (The Foster Photoplay Company)' എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങി. കറുത്തവരുടെ ആദ്യ സിനിമാക്കമ്പനിയായി ഇത് അറിയപ്പെടുന്നു. കറുത്തവര്‍ മാത്രമായി അഭിനയിച്ച ആദ്യ സിനിമയായി അറിയപ്പെടുന്ന ''ദ റെയില്‍ റോഡ് പോര്‍ടര്‍ (The Railroad Porter)' എന്ന ചിത്രം നിര്‍മിച്ചത് ഇവരായിരുന്നു. 1912 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. നോബിള്‍ ജോണ്‍സന്‍ (Noble Johnson) എന്ന അക്കാലത്തെ നടനായിരുന്നു അത്തരം മറ്റൊരു ഒരു സംരഭത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം സഹോദരന്‍ ജോര്‍ജുമായി ചേര്‍ന്ന് ''ദ ലിങ്കന്‍ മോഷ്യന്‍ പിക്ച്ചര്‍ കമ്പനി (The Lincoln Motion Picture Company)' എന്ന സ്ഥാപനം 1916 ലോസ് ആഞ്ചലസില്‍ ആരംഭിച്ചു.
The birth of a nation
കറുത്തവരുടെ സിനിമയുടെ ചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തി വെക്കേണ്ട പേര് ഓസ്‌കാര്‍ മിഷ്യൂവിന്റേതാണ് (Oscar Micheaux). നോവലിസ്റ്റും വ്യവസായിയുമൊക്കെയായ മിഷ്യൂ സ്വന്തം പേരില്‍ ഒരു നിര്‍മാണക്കമ്പനി 1918 തുടങ്ങി-പേര് മിഷ്യൂ ഫിലിം ആന്റ് ബുക്ക് കമ്പനി. അദ്ദേഹം വില്ല്യം ഫോസ്റ്ററുമായി ചേര്‍ന്ന് പിന്നീട് നിരവധി സിനിമകള്‍ സംവിധാനം ചെയ്തു, നിര്‍മിച്ചു. അവയൊക്കെ കറുത്തവരുടെ പോരാട്ടത്തിന്റെ നേര്‍ സാക്ഷ്യങ്ങളായി ഇപ്പോഴും നിലകൊള്ളുന്നു. നാല്‍പതിലധികം സിനിമ സംവിധാനം ചെയ്തിട്ടുണ്ട് മിഷ്യൂ. കറുത്തവരുടെ സിനിമയുടെ പിതാവായി ആദരിക്കപ്പെടുന്ന ലോകപ്രശസ്ത വ്യക്തിയാണ് മിഷു. എന്നാല്‍, മിഷ്യൂവിന്റെ സിനിമകളെ കുറിച്ച് കറുത്ത വര്‍ഗക്കരില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ വന്നു. വെള്ളക്കാരുടെ അതേ രീതിയില്‍ കറുത്തവരെ സ്റ്റീരിയോ ടൈപ്പുകളാക്കിയാണ് മിഷ്യുവും സിനിമ ചെയ്തത് എന്നായിരുന്നു പ്രധാന പരാതി. എലോയ്‌സ് ഗിസ്റ്റ് (Eloyce Gist) എന്ന സംവിധായികയെ ആണ് വിമര്‍ശകര്‍ പകരം ചൂണ്ടിക്കാട്ടിയത്. അവരുടെ ''ഹെല്‍ബൗണ്ട് ട്രെയിനും (Hellbound Train) വെര്‍ഡിക്ള്‍റ്റ്: നോട്ട് ഗില്‍റ്റി(Verdict: Not Guilty) യുമാണ് കറുത്തവരുടെ മികച്ച സിനിമകളായി വിമര്‍ശകര്‍ അംഗീകരിച്ചത്.
Oscar Micheaux
ലിങ്കണ്‍ പിക്ചര്‍സിന്റെ ''ദി റിയലൈസേഷന്‍ ഓഫ് എ നീഗ്രോസ് അമ്പിഷന്‍'' (The Realization of a Negro's Ambition ,1916), മിഷ്യൂവിന്റെ ''ദി ഹോംസ്റ്റഡര്‍'' (The Homesteader ,1916) എന്നിവ അക്കാലത്തെ എണ്ണം പറഞ്ഞ സിനിമകളായിരുന്നു. ഇവ കറുത്തവരെ കുറിച്ച് സമൂഹത്തില്‍ വളര്‍ത്തിയെടുത്ത മുന്‍ധാരണകളെ ഒരു പരിധി വരെ തുടച്ച് നീക്കുന്നതിന് സഹായിച്ചു. എന്നാല്‍, 1898 ല്‍ തന്നെ കറുത്തവരുടെ ആദ്യത്തെ സിനിമ പുറത്ത് വന്നതായി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ''സംതിങ്ങ് ഗുഡ് നീഗ്രോ കിസ്സ് (Something Good-Negro Kiss) ' എന്ന 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ ഫൂട്ടേജ് യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെയും യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെയും ഗവേഷകരാണ് കണ്ടെത്തിയത്. നീഗ്രോ ദമ്പതികളുടെ ചുംബനമാണ് സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത് കറുത്തവരുടെ സിനിമയെ കുറിച്ച് മാത്രമല്ല, ലോക സിനിമയെ കുറിച്ചുള്ള ചരിത്രം തന്നെ തിരുത്താന്‍ മാത്രം പോന്നതാണ്. പിന്നീടിങ്ങോട്ട് നിരവധി മികച്ച സിനിമകള്‍ തന്നെ കറുത്തവരുടേതായി പുറത്തിറങ്ങി. മിഷ്യൂവിന്റെ'' വിതിന്‍ അവര്‍ ഗെയിറ്റ്‌സ് (Within Our Gates-1920)', കിങ്ങ് വിദോര്‍ (King Vidor) സംവിധാനം ചെയ്ത''ഹലേലുയ്യ (Hallelujah-1929)', പോള്‍ സ്ലോണി (Paul Sloane)യുടെ ''ഹേര്‍ട്‌സ് ഓഫ് ഡിക്‌സി (Hearts of Dixie-1929), റിച്ചാര്‍ഡ് സി കാനിന്റെ(Richard C. Kahn) ' സോങ്ങ് ഓഫ് ഇങാഗി (Song of Ingagi-1940)' സ്‌പെന്‍സര്‍ വില്യംസിന്റെ (Spencer Williams) ' ബ്ലഡ് ഓഫ് ജീസസ് (The Blood of Jesus-1941)' തുടങ്ങി നിരവധി സിനിമകള്‍ എടുത്ത് പറയാവുന്ന ആദ്യകാല സിനിമകളാണ്.
The Blood of Jesus-1941
അതുപോലെ തന്നെ കറുത്തവരുടെ സിനിമയിലെ എണ്ണപ്പെട്ട അഭിനേതാക്കളും സംവിധായകരും നിരവധിയുണ്ട്. ഹാറ്റി മക്ഡാനിയല്‍ (Hattie McDaniel) ആദ്യ ഓസ്‌കാര്‍ നേടിയ കറുത്ത വനിത, മാഡ്ലൈന്‍ ആന്‍ഡേഴ്‌സണ്‍ (Madeline Anderson)- ആദ്യ വനിതാ സംവിധായിക, സിഡ്‌നി പോയിറ്റിയര്‍ (Sidney Poitier)-ആദ്യ ഓസ്‌കാര്‍(പുരുഷന്‍), ഹെയില്‍ ബെറി ( Halle Berry)-ആദ്യ ഓസ്‌കാര്‍(വനിത) എന്നിങ്ങനെ നിരവധി പേര്‍ കറുത്തവരുടെ സിനിമയിലെ തിളങ്ങുന്ന നാഴികക്കല്ലായി ഇപ്പോഴും ചരിത്രത്തില്‍ നിലകൊള്ളുന്നു. 1976 ല്‍ പോണ്‍ സിനിമയിലഭിനയിച്ച് കൊണ്ട് ഡിസൈറി വെസ്റ്റ് (Desiree West) എന്ന നടി ആ മേഖലയിലും കറുത്തവരുടെ സാനിധ്യമറിയിച്ചു. എന്നാല്‍, ആദ്യകാലത്ത് കറുത്തവരുടെ സിനിമ നേരിട്ട ഒരു പ്രശ്‌നം പ്രദര്‍ശനശാലകളുടെ അഭാവമാണെങ്കില്‍ 1930 കളോട് കൂടി കറുത്തവരുടെ നിരവധി തിയറ്ററുകള്‍ അമേരിക്കയില്‍ ഉയര്‍ന്ന് വന്നു. വാഷിംങ്ങ്ടണ്‍, ഡി.സി.യിലെ ഹോവാര്‍ഡ് തിയേറ്റര്‍, ഇന്‍ഡ്യാനപൊളിസിലെ മാഡം സി.ജെ വാക്കര്‍ തിയേറ്റര്‍ എന്നിവ എടുത്ത് പറയാവുന്നതാണ്. മാത്രമല്ല, വെളുത്തവരുടെ ചില തിയറ്ററുകളില്‍ മാറ്റിനിയായും രാത്രിച്ചിത്രങ്ങളായും ഈ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങി. എന്നാല്‍, 1940 കളോട് കൂടി വളര്‍ന്ന് വന്ന സാമ്പത്തിക പ്രതിസന്ധി (Great Depression) ഇവര്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചു.
ലോക സിനിമയില്‍ കറുത്തവര്‍ അവരുടെ സ്വന്തം ചരിത്രം തുടക്കം മുതല്‍ അടയാളപ്പെടുത്തിയെങ്കിലും ആഫ്രിക്കയില്‍ നിന്ന് ആദ്യത്തെ കറുത്തവരുടെ സിനിമകള്‍ വരുന്നത് 1960 കള്‍ക്ക് ശേഷമാണ്. അത് വരെ കൊളോണിയല്‍ അധീനതിയിലുള്ള ആഫ്രിക്കയില്‍ നിന്ന് പുറത്ത് വന്ന സിനിമകളൊക്കെ കൊളോണിയല്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സിനിമകളായിരുന്നു. എന്നാല്‍, 1960 കളില്‍ കൊളോണിയസത്തില്‍ നിന്നും ആഫ്രിക്കയിലെ പല രാജ്യങ്ങളും മോചിതമായതോടെ നിരവധി ആഫ്രിക്കന്‍ സംവിധായകര്‍ സിനിമാരംഗത്തേക്ക് കടന്ന് വരികയും ലോക സിനിമയില്‍ തന്നെ സ്വന്തം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരനാണ് സെനെഗലിന്റെ ഉസ്മാന്‍ സെംബെനെ (Ousmane Sembène). ആഫ്രിക്കന്‍ സിനിമയുടെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. എഴുത്തുകാരനായി തുടങ്ങി സിനിമയിലെത്തിയ അദ്ദേഹം തെക്കന്‍ സെനെഗലില്‍ 1923 ല്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ചു. സെംബെനെ അച്ഛന്റെ തൊഴില്‍ സ്വീകരിക്കാതെ മെക്കാനിക്കും കല്‍പണിക്കാരനും ഒക്കെയായി പണിയെടുത്തു. 1942 ല്‍ ഫ്രഞ്ച് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് തൊഴിലാളി സംഘടനയിലും സജീവമായി പ്രവര്‍ത്തിച്ചു.
1948 ല്‍ ഫ്രാന്‍സില്‍ എത്തിയ സെംബെനെ തുറമുഖത്തൊഴിലാളിയായി ജോലി നോക്കുകയും അവിടെയുള്ള ആഫ്രിക്കന്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. 1956 ല്‍ അദ്ദേഹം ആദ്യത്തെ നോവല്‍ ' ലെ ഡോക്കര്‍ നോയര്‍ (Le Docker noir) പ്രസിദ്ധീകരിച്ചു കൊണ്ടാണ് സെംബെനെ കലാലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് വായിക്കാനറിയാത്ത ആഫ്രിക്കക്കാര്‍ക്ക് നോവലല്ല സിനിമയാണ് നല്ലത് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം മോസ്‌കോയില്‍ സിനിമാ പഠനം പൂര്‍ത്തിയാക്കിയ ശേഷം ആഫ്രിക്കയില്‍ തിരിച്ചെത്തി സിനിമയില്‍ സജീവമാവുകയായിരുന്നു. 1963 ല്‍ ''ബോറൊം സാരെ (Borom sarret)' എന്ന ചെറു സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് സെംബെനെ സിനിമയിലേക്ക് വരുന്നത്. ഒരു ആഫ്രിക്കക്കാരന്‍ സംവിധാനം ചെയ്ത ആദ്യത്തെ ആഫ്രിക്കന്‍ സിനിമയാണ് ബോറൊം സാരെ. ഒരു കുതിരവണ്ടിക്കാരന്റെ കഥ പറയുന്ന സിനിമ ലോകത്തെ മികച്ച സിനിമകളിലൊന്നായാണ് കരുതപ്പെടുന്നത്. പിന്നീട് ബ്ലാക്ക് ഗേള്‍ (Black Girl),മന്‍ഡാപി (Mandabi), സെഡ്ഡോ (Ceddo), ക്‌സാല (Xala) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രം മൂലദെ (Moolaadé-2004) യാണ്. 2007 ലാണ് അദ്ദേഹം മരിച്ചത്.
ആഫ്രിക്കന്‍ സിനിമയെ പറ്റി പറയുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യേണ്ട പേരാണ് ഈജിപ്ഷ്യന്‍ സംവിധായകനായ യൂസ്സഫ് ഷഹീന്റേത് (Youssef Chahine). ഈജിപ്ഷ്യന്‍ സിനിമയെ ലോകസിനിമയുടെ തിരുമുറ്റത്തെത്തിച്ച ഈ സംവിധാനപ്രതിഭയുടെ കെയിറോ സ്റ്റേഷന്‍(Cairo Station), ദ ലാന്റ് (The Land), അലക്‌സാന്‍ഡ്രിയ വൈ(Alexandria... Why?), അലക്‌സാന്‍ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍ (Alexandria Again and Forever) തുടങ്ങിയ സിനിമകള്‍ ലോക ക്ലാസ്സിക്കുകളായാണ് വിലയിരുത്തപ്പെടുന്നത്. അത് മാത്രമല്ല മികച്ച നടന്‍ കൂടിയാണ് ഷഹീന്‍. സിനിമയിലൂടെ വിമോചനത്തിന്റെ സന്ദേശം ഈജിപ്ഷ്യന്‍ ജനതക്ക് മുന്നില്‍ അവതരിപ്പിച്ച ഷഹീന്റെ ''കെയിറോ സ്റ്റേഷന്‍ അഥവാ അയേണ്‍ ഗെയിറ്റ്'' തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തെയാണ് മുന്നോട്ട് വെക്കുന്നതെങ്കില്‍, സ്വന്തം മണ്ണിന് വേണ്ടി പരുത്തി കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തെയാണ് ''ദ ലാന്റ്'' അവതരിപ്പിക്കുന്നത്. 1926 ജനുവരി 26 ന് ലെബനോണ്‍ വംശജനായ പിതാവിന്റെയും ഗ്രീക്കുകാരിയായ മാതാവിന്റെയും മകനായി അലക്‌സാണ്ട്രിയയില്‍ ജനിച്ച ഷഹീന്‍ അഞ്ച് ഭാഷകള്‍ സംസാരിക്കുമായിരുന്നു. ഹോളിവുഡില്‍ നിന്ന് അഭിനയം പഠിച്ച ഷഹീന്‍ ഇറ്റാലിയന്‍ ഡോക്യുമെന്ററി സംവിധായകന്‍ ജിയാന്നി വെര്‍ണൂഷ്യയുടെയും (Gianni Vernuccio), അല്‍വിസി ഓര്‍ഫനെല്ലി (Alvisi Orfanelli)യുടെയും കീഴില്‍ അപ്രന്റീസായി പണിയെടുത്ത ശേഷമാണ് സ്വന്തമായി സിനിമ നിര്‍മിക്കാന്‍ തുടങ്ങിയത്. 1950 ല്‍ പുറത്തിറങ്ങിയ ബാബ അമീന്‍ (Baba Amine) ആയിരുന്നു ആദ്യ ചിത്രം. പിന്നീട് അന്‍പതിലധികം ചിത്രങ്ങള്‍ ചെയ്ത അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രം ഖലീദ് യൂസഫുമായി ചേര്‍ന്ന് സംവിധാനം ചെയ്ത 2007 ലെ ചിത്രം ''കയോസ്, ദിസ് ഈസ് (Chaos, This Is) ആണ്. ഈജിപ്ഷ്യന്‍ ജനാധിപത്യ പോരാട്ടങ്ങളുടെ കണ്ണാടിയാണ് ഷഹീന്‍ എന്ന് പറയാം.
Youssef Chahine
ആദ്യകാല ആഫ്രിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തകരില്‍ പ്രശസ്തനായ മറ്റൊരു സംവിധായകനാണ് ഒമറൂ ഗാന്‍ഡ (Oumarou Ganda). നൈജീരിയയിലെ നിയാമെയില്‍ ജനിച്ച ഗാന്‍ഡ, ജെര്‍മ എന്ന ഗോത്രത്തില്‍ പെട്ട ആളാണ്. 16 ആം വയസ്സില്‍ സെംബെനെയെ പോലെ പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം രണ്ട് വര്‍ഷം കഴിഞ്ഞ് നൈജീരിയയിലേക്ക് തന്നെ തിരിച്ച് വന്നു. പിന്നീട് ജോലി തേടി ഐവറി കോസ്റ്റില്‍ എത്തിയ ഗാന്‍ഡ അവിടെ വെച്ച് ഫ്രഞ്ച് സംവിധായകനായ ഴാന്‍ റൂഷിനെ (Jean Rouch) പരിചയപ്പെട്ടതോടെയാണ് സിനിമയില്‍ വന്നത്. 1958 ല്‍ റൂഷിന്റെ ''മൊയ് അണ്‍ നോയിര്‍ (Moi un Noir)' എന്ന ചിത്രത്തില്‍ മുഖ്യ കഥപാത്രത്തെ അവതരിപ്പിച്ചത് ഗാന്‍ഡ ആയിരുന്നു. 1969 ല്‍ കബാസ്‌കാബോ (Cabascabo) എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് ഗാന്‍ഡ സംവിധായകനാവുന്നത്. പിന്നീട് ലോക പ്രശസ്തങ്ങളായ നാല് ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി വന്നു. 1981 ല്‍ മരിക്കുന്നതിന്റെ തൊട്ട് മുന്‍പ് അദ്ദേഹം സംവിധാനം ചെയ്ത എല്‍ എക്‌സിലോ (L'éxilé) പ്രസിദ്ധമാണ്.
Cabascabo
ഇതേ കാലയളവില്‍ സിനിമയിലേക്ക് ചുവട് വെച്ച മറ്റൊരു ആഫ്രിക്കന്‍ രാജ്യമാണ് കാമറൂണ്‍. 1975 ല്‍ തന്നെ കാമറൂണ്‍ ആദ്യ മുഴുനീള സിനിമ പുറത്തിറക്കി. ഴാന്‍ പിയറി ദികോങു പീപ (Jean-Pierre Dikongué Pipa) സംവിധാനം ചെയ്ത മുന മോടോ (Muna Moto) ആയിരുന്നു ആ ചിത്രം. അക്കാലത്ത് കാമറൂണില്‍ നിലനിന്ന സ്ത്രീധന സമ്പ്രദായത്തിന് എതിരായതായിരുന്നു ഈ സിനിമ. 1940 ല്‍ ജനിച്ച പീപ ഫ്രാന്‍സില്‍ നിന്നാണ് സിനിമ പഠിച്ചത്. അദ്ദേഹം ആദ്യം നാടക പ്രവര്‍ത്തകനായിരുന്നു. മനുഷ്യബന്ധങ്ങളിലെ വൈരുധ്യങ്ങളാണ് പീപ യുടെ പ്രധാന വിഷയം. 1965 മുതല്‍ ചെറു സിനിമകള്‍ സംവിധാനം ചെയ്ത പീപ 1984 ല്‍ ' ദ ബുക്ക് ഫെയര്‍ ഇന്‍ ഹരാരെ (The Book Fair in Harare)' എന്ന സിനിമയാണ് അവസാനം സംവിധാനം ചെയ്തത്. 2019 ല്‍ മരിക്കുമ്പോള്‍ അദ്ദേഹം ''റൂബന്‍ ഉം ന്യോബെ ' എന്ന കാമറൂണ്‍ സ്വാതന്ത്ര്യ സമര പോരാളിയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിലായിരുന്നു.
ആഫ്രിക്കന്‍ സിനിമയില്‍ സ്വന്തമായ സ്ഥനം ഉറപ്പിച്ച മറ്റൊരു സംവിധായകനാണ് മൊഹമ്മദ് ലാഖ്ദാര്‍ ഹമീന (Mohammed Lakhdar-Hamina). 1930 ല്‍ ജനിച്ച ഹാമിന അള്‍ജീരിയയുടെ വിമോചനപ്പോര്‍ട്ടത്തില്‍ നേരിട്ട് പങ്കെടുത്തിട്ടൂള്ള ആളാണ്. കൃഷിയിലും നിയമത്തിലും പഠനം നടത്തിയ അദ്ദേഹം ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കുകയും ശേഷം അള്‍ജീരിയന്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടില്‍ അംഗമാവുകയു ചെയ്തു. അദ്ദേഹത്തെ സിനിമ പഠിക്കാന്‍ അള്‍ജീരിയന്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടാണ് ചെക്ക് റിപ്പബ്ലിക്കിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്‌കൂളിലേക്ക് അയച്ചത്. പക്ഷെ, അദ്ദേഹം പഠനം പൂര്‍ത്തിയാക്കാതെ ബറാന്‍ഡോവ് സ്റ്റുഡിയോവില്‍ ചേര്‍ന്നു. 1959 ല്‍ അള്‍ജീരിയന്‍ പ്രവാസ സര്‍ക്കാരില്‍ അംഗമായ അദ്ദേഹം അവരുടെ നിര്‍ദേശപ്രകാരം അള്‍ജീരിയന്‍ വിമോചനപ്പോരാട്ടത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിനിമ-ഔര്‍ അള്‍ജീരിയ പുറത്തിറക്കുകയും ചെയ്തു. 1962 വരെ പ്രവാസത്തിലായിരുന്ന അദ്ദേഹം അള്‍ജീരിയയുടെ വിമോചനത്തിന് ശേഷം നാട്ടിലേക്കു തിരിച്ചു വന്നു. മുഹമ്മദ് ലഖ്താര്‍ ഹമിനയുടെ 'ക്രോണിക്കിള്‍ ഓഫ് ദി ഇയേഴ്‌സ് ഓഫ് ഫയര്‍ ' പ്രശസ്തമാണ്. ഈ ചിത്രത്തിന് 1975 ലെ പാം ഡി ഓര്‍ ലഭിച്ചിട്ടുണ്ട്. അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമര പോരാടത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. ദ വിന്‍ഡ്‌സ് ഓഫ് ഓറസ് (The Winds of the Aures), സാന്റ് സ്റ്റോം (Sand Storm), ദ ലാസ്റ്റ് ഇമേജ്ജ് (The Last Image) എന്നിവയാണ് മികച്ച ചിത്രങ്ങള്‍.
ആഫ്രിക്കന്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ട പേരാണ് മൗഫിദ തലാറ്റ്‌ലി (MoufidaTlatli). ആഫ്രിക്കയില്‍ നിന്നുള്ള ഏറ്റവും മികച്ച വനിതാ സംവിധായികയാണ് തലാറ്‌ലി. 1947 ല്‍ ജനിച്ച മൗഫിദ തലാറ്റ്‌ലി ഫ്രാന്‍സിലെ പ്രശസ്തമായ ''ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ സിനിമാട്ടോഗ്രാഫിക് സ്റ്റഡീസ് ( Institut des haute sétudes cinématographiques) ല്‍ നിന്നാണ് സിനിമയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയത്-1968 ല്‍. അതിനു ശേഷം പല പ്രശസ്ത സംവിധായകരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അവരുടെ ആദ്യചിത്രം ' ദ സൈലന്‍സ് ഓഫ് ദ പാലസ് (The Silences of the Palace)' നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. അവരുടെ രണ്ടാമത്തെ ചിത്രമാണ് ''ദി സീസണ്‍ ഓഫ് മെന്‍ (The Season of Men )' . ഇതും കാന്‍ ഫിലിം ഫെസ്റ്റിവല്‍ (2000) ലെ ഒഫീഷ്യല്‍ എന്‍ട്രി ആയിരുന്നു. കടുത്ത സാമൂഹ്യ വിമര്‍ശനവും ഉയര്‍ത്തുന്ന സ്രീരുപക്ഷ രചനകളാണ് തലാറ്‌ലിജനയുടെ സിനിമകള്‍.
The Silences of the Palace
സുലൈമാന്‍ സീസ്സെ (Souleymane Cissé) യാണ് മറ്റൊരു പ്രശസ്തനായ ആഫ്രിക്കന്‍ സംവിധായകന്‍. മാലിയിലെ അറിയപ്പെടുന്ന സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ യീലെന്‍ (Yeelen), വാടി (Waati), ദെന്‍ മുസോ (Den muso) മുതലായ ചിത്രങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. ഇവ മിക്ക അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെട്ടവയും പുരസ്‌കാരങ്ങള്‍ നേടിയവയുമാണ്. 1960 ല്‍ മാലിയിലെ ബമകോയില്‍ ജനിച്ച സിസ്സെ മോസ്‌കോ സ്‌കൂള്‍ ഓഫ് സിനിമ ആന്റ് ടെലിവിഷനില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം മാലിയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ കാമറാമാനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1972ല്‍ ആദ്യത്തെ സിനിമ ''ഫൈവ് ഡെയ്‌സ് ഇന്‍ എ ലൈഫ്'' സംവിധാനം ചെയ്തു. ആദ്യത്തെ മുഴുനീള ചിത്രം ' ദ ഗേള്‍'' 1974ല്‍ പുറത്തിറങ്ങി. ഈ ചിത്രത്തിനു ഫ്രഞ്ച് സഹായം സ്വീകരിച്ചതിന് അദ്ദേഹത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഈ ചിത്രം മാലിയില്‍ നിരോധിക്കുകയും ചെയ്തു (പഴയ ഫ്രഞ്ച് അധീന പ്രദേശമായിരുന്നു മാലി). 1980കളില്‍ നടന്ന മാലിയന്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിസ്ഥാനപ്പെടുത്തി സിസ്സെ സംവിധാനം ചെയ്ത ചിത്രമാണ് ''ദ വിന്റ്(Finye)'. മാലിയിലെ ജനാധിപത്യപോരാട്ടങ്ങളുടെ പൊള്ളുന്ന അധ്യായങ്ങളിലൊന്നാണ് ഈ വിദ്യാര്‍ഥി പ്രക്ഷോഭം. പ്രക്ഷോഭം അധികൃതര്‍ അടിച്ചമര്‍ത്തിയെ ങ്കിലും പിന്നീട് മാലിയില്‍ ഉയര്‍ന്ന് വന്ന അനേകം പ്രക്ഷോഭങ്ങള്‍ക്ക് തീക്കൊളുത്തിയ ഈ പ്രക്ഷോഭമായിരുന്നു. സുപ്രസിദ്ധ സംവിധായകന്‍ ഉസ്മാന്‍ സെംബെനെയെ കുറിച്ച് സീസ്സെ സംവിധാനം ചെയ്ത ''ഓ സെംബെനെ (O Sembene!)' എന്ന ഡോക്യുമെന്ററി ലോക പ്രസിദ്ധമാണ്.
O Sembene!
കറുത്തവരുടെ സിനിമക്ക് ഒരേ സമയം അവരുടെ ചരിത്രത്തിന്റെ ഭാരവും ദാരിദ്ര്യവും പേറേണ്ടതുണ്ടായിരുന്നു. സ്വതവേ ദരിദ്രമായ പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും സിനിമാ നിര്‍മാണത്തിനാവശ്യമായ പണം കണ്ടെത്തുക മാത്രമല്ല സിനിമക്ക് വിപണി കണ്ടെത്തുക എന്ന വലിയ വെല്ലുവിളി കൂടി നേരിടേണ്ടതായിട്ടുണ്ടായിരുന്നു. ഹോളിവുഡ് തട്ട്‌പൊളിപ്പന്‍ സിനിമകള്‍ അടക്കി വാഴുന്ന ലോക വിപണിയില്‍ സ്വന്തം മാര്‍ക്കറ്റ് ഉണ്ടാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്, ഇന്നും. എന്നാല്‍, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ നിര്‍മിക്കുന്ന രാജ്യം ഒരു ആഫ്രിക്കന്‍ രാജ്യമാണ്-നൈജീരിയ. എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഇത് മികവില്‍ ഒട്ടും തന്നെ പ്രതിഫലിക്കുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ നിന്ന് പക്ഷെ വളരെ മികവുള്ള ചിത്രങ്ങള്‍ പുറത്ത് വരുന്നുമുണ്ട്.
ഈ കാലയളവില്‍ കറുത്തവരുടെ സിനിമക്ക് വലിയ നേട്ടങ്ങള്‍ അമേരിക്കയില്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് നല്‍കുന്ന ''അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ (Academy of Motion Picture Arts and Sciences) ഗവേണിങ്ങ് ബോഡില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരി വനിത- ചെറില്‍ ബൂണ്‍ ഐസാക് (Cheryl Boone Isaacs) ഉള്‍പ്പെട്ടു എന്നത് വലിയ കാര്യമാണ്. ആഫ്രിക്കന്‍ കറുത്ത സിനിമ ഇപ്പോഴും പോരാട്ടത്തിന്റെ പാതയില്‍ തന്നെയാണ്. സ്വന്തം വിപണി പിടിക്കാന്‍ ന്യൂയോര്‍ക്കില്‍ ഒരു സ്ഥിരം ഫെസ്റ്റിവല്‍ തന്നെ നടത്തുന്നുണ്ട്-ആഫ്രിക്കന്‍ ഫിലിം ഫെസ്റ്റിവല്‍. ഇന്ന് ആഫ്രിക്കന്‍ സിനിമ ലോക സിനിമയുടെ അഭേദ്യഭാഗമായി മാറിയിട്ടുണ്ട്.