'എന്റെ പുതിയ കളിപ്പാട്ടമായ ഹൾക്കിനോട് ഹലോ പറയൂ'; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്
ധോണിക്ക് പിന്നാലെ നിസാൻ ജോംഗ സ്വന്തമാക്കുന്ന ക്രിക്കറ്റ് താരമാണ് സൂര്യകുമാർ യാദവ്
ധോണിക്ക് പിന്നാലെ നിസാൻ ജോംഗ എന്നറിയപ്പെടുന്ന നിസാൻ 1 ടൺ എസ്‌യുവി സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. വാഹനം സ്വന്തമാക്കുന്ന രാജ്യത്തെ ചുരുക്കം ചിലരിൽ ഒരാളാണ് സൂര്യകുമാർ. സൈന്യത്തിലെ കരുത്തന്‍ എന്ന വിശേഷണമുള്ള വാഹനമാണ് നിസാന്‍ ജോംഗ.
'എന്റെ പുതിയ കളിപ്പാട്ടമായ ഹൾക്കിനോട് ഹലോ പറയൂ' എന്ന തലക്കെട്ടുമായാണ് വാഹനം സ്വന്തമാക്കിയ സന്തോഷം സൂര്യകുമാർ യാദവ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കസ്റ്റമൈസ് ചെയ്ത ഫ്‌ളൂറസെന്റ് ഗ്രീൻ നിസാൻ ജോംഗെയാണ് താരം സ്വന്തമാക്കിയത്.
1965 ൽ നിസ്സാൻ അനുവദിച്ച എക്‌സ്‌ക്ലൂസീവ് ലൈസൻസിന് കീഴിലാണ് ജോംഗ ആദ്യം ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമിച്ചത്. 1996-ൽ ജോംഗയുടെ ഒരു സിവിലിയൻ വേരിയന്റും നിർമ്മിച്ചു. സിവിലിയൻ ജോംഗയുടെ 100 യൂണിറ്റുകൾ 1999-ൽ വാഹനം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതുവരെ വിഎഫ്‌ജെ വിറ്റിട്ടുണ്ട്. പിന്നീട് വാഹനം പിന്‍വലിയുകയും മഹീന്ദ്രയുടെ എം.എം.540 ജീപ്പ് സൈന്യത്തിന്റെ ഭാഗമാകുകയുമായിരുന്നു. പൊതു ആവശ്യത്തിനുള്ള വാഹനം, ആംബുലൻസ്, റികോയിൽലെസ് റൈഫിളുകൾക്കുള്ള തോക്ക് കാരിയർ, റീകൺ, പട്രോളിംഗ് വാഹനം എന്നീ നിലകളിൽ ജോംഗ ഇന്ത്യൻ സേനയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
110 ബിഎച്ച്പി കരുത്തിൽ 264 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3.9 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ജോംഗയ്ക്ക് തുടിപ്പേകുന്നത്. ജോൻഗ കൂടാതെ റേഞ്ച് റോവർ വെലാർ, മിനി കൂപ്പർ എസ്, ഔഡി ആർഎസ് 5, സ്‌കോഡ സൂപ്പർബ് എന്നിവയാണ് സൂര്യകുമാർ യാദവിന്റെ വാഹന ശേഖരത്തിലുള്ളത്.