ഡിസംബറിൽ വമ്പൻ ഡിസ്കൗണ്ട്; 2025ൽ വില വർധിപ്പിക്കാൻ വാഹന കമ്പനികൾ

പുതുവർഷത്തിൽ നാല് ശതമാനം വരെയാണ് വില വർധിപ്പിക്കുക

Update: 2024-12-10 07:21 GMT
Advertising

മാരുതിക്കും ഹ്യുണ്ടായിക്കും മഹീന്ദ്രക്കും പിന്നാലെ വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ ടാറ്റ മോട്ടോഴ്സും. 2025 ജനുവരി മുതൽ വിവിധ മോഡലുകൾക്ക് മൂന്ന് ശതമാനം വരെയാണ് വില വർധിപ്പിക്കുക. പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് പുറമെ ഇവികളുടെ വിലയും വർധിക്കും. വർധിച്ചുവരുന്ന നിർമാണച്ചെലവും പണപ്പെരുപ്പവും മറികടക്കാനാണ് വില വർധനവെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ടാറ്റാ മോട്ടോഴ്സിന് നിലവിൽ ടിയാഗോ, ആൾട്രോസ് എന്നിവയാണ് ഹാച്ച്ബാക്കായിട്ടുള്ളത്. കോംപാക്ട് സെഡാനായി ടിഗോറുണ്ട്. മൈക്രോ എസ്‍യുവി സെഗ്മെന്റിൽ പഞ്ചും കോംപാക്സ് എസ്‍യുവിയായിട്ട് നെക്സോണും ലഭ്യമാണ്. ഹാരിയറും സഫാരിയും ടാറ്റയുടെ പ്രീമിയം എസ്‍യുവികളാണ്. ഇത് കൂടാതെ എസ്‍യുവി കൂപ്പെയായ ടാറ്റ കർവും ഈയിടെ കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിൽ കർവ്, പഞ്ച്,​ നെക്സോൺ, ടിയാഗോ, ടിഗോർ എന്നിവക്ക് ഇലക്ട്രിക് വകഭേദവുമുണ്ട്. കൂടാതെ സിയറ ഇവിയും ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് വിവരം.

കഴിഞ്ഞദിവസങ്ങളിലാണ് രാജ്യത്തെ മറ്റു പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും മാരുതി സുസുക്കിയും മഹീ​ന്ദ്രയുമെല്ലാം വില വർധനവ് പ്രഖ്യാപിച്ചത്. നാല് ശതമാനം വരെ വില വർധനവാണ് മാരുതി പ്രഖ്യാപിച്ചിട്ടുള്ളത്. 25,000 രൂപ വരെ വില വർധനവുണ്ടാകുമെന്ന് ഹ്യൂണ്ടായിയും അറിയിച്ചു. മൂന്ന് ശതമാനം വരെയാണ് മഹീന്ദ്ര തങ്ങളുടെ എസ്‍യുവികളുടെ വില വർധിപ്പിക്കുന്നത്.

ഇത് കൂടാതെ ആഡംബര വാഹന നിർമാതാക്കളായ ഔഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് എന്നിവയും വില വർധിപ്പിക്കുന്നുണ്ട്. നിർമാണ-പ്രവർത്തന ചെലവിന്റെ വർധനവാണ് ഇതിന് കാരണമായി ഈ കമ്പനികൾ പറയുന്നത്.

അതേമസയം, ഈ ഡിസംബറിൽ വിവിധ കമ്പനികൾ തങ്ങളുടെ വാഹനങ്ങൾക്ക് വലിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി 25,000 രൂപ മുതൽ 75,000 രൂപ വരെയാണ് ഇളവ് നൽകുന്നത്. ഫ്രഞ്ച് കമ്പനിയായ റെനോയുടെ വാഹനങ്ങൾക്ക് 85,000 രൂപ വരെ ഇളവുണ്ട്. ഹ്യുണ്ടായിയുടെ വിവിധ മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.

ജാപ്പനീസ് കമ്പനികളായ ടൊയോട്ടയുടെയും ഹോണ്ടയുടെയും വാഹനങ്ങൾ ഒരു ലക്ഷം രൂപയോളം ഇളവിൽ ഇപ്പോൾ വാങ്ങാം. സ്കോഡയും ഫോക്സ്‍വാഗണും 1.5 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് നൽകുമ്പോൾ ടാറ്റ രണ്ട് ലക്ഷം വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. അതുപോലെ 2023ൽ നിർമിച്ച ഹാരിയർ, സഫാരി എന്നിവക്ക് 3.70 ലക്ഷം രൂപയും ഫേസ് ലിഫ്റ്റിന് മുമ്പുള്ള നെക്സോണിന് 2.85 ലക്ഷവും ഇളവുണ്ട്.

ഇത് കൂടാതെ മഹീന്ദ്രയും വലിയ ഓഫറുകളാണ് നൽകുന്നത്. ജനപ്രിയ എസ്‍യുവിയായ ഥാറിന് 3.06 ലക്ഷം വരെ ഡിസ്കൗണ്ട് ലഭിക്കും.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News