ടെസ്‌ല ഇന്ത്യയിലേക്ക്? വാഹനപ്രേമികളെ ‘ഞെട്ടിക്കുന്ന’ തീരുമാനവുമായി മസ്ക്
ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ ഈ വർഷം ആദ്യം ടെസ്‌ല താൽക്കാലികമായി നിർത്തിവെച്ചിരുന്നു
ന്യൂ ഡൽഹി: പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഇലോൺ മസ്കിന്റെ ടെസ്‌ല ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിൽ ഷോറൂം സ്ഥാപിക്കാനുള്ള സ്ഥലത്തിനായി തിരച്ചിൽ പുനരാരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ ഈ വർഷം ആദ്യം ടെസ്‌ല താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
നാഷണൽ ക്യാപിറ്റൽ റീജിയണിൽ (എൻസിആർ) ഒരു സ്ഥലം കണ്ടെത്തുന്നതിനായി ടെസ്‌ല റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ദക്ഷിണ ഡൽഹിയിലെ ഡിഎൽഎഫിന്റെ അവന്യൂ മാൾ, ഗുരുഗ്രാമിലെ സൈബർ ഹബ് സമുച്ചയം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ കമ്പനി പരിഗണിക്കുന്നുണ്ട്.
3,000-5,000 ചതുരശ്ര അടി സ്ഥലമാണ് നിലവിൽ കമ്പനി തേടുന്നത്. ഡെലിവറിക്കും സേവനത്തിനുമായി ഇതിനേക്കാൾ മൂന്നിരട്ടി വലിയ സ്ഥലം ആവശ്യമാണ്. ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്‌ലയുടെ പ്രവേശനം 2024 ന്റെ തുടക്കം മുതൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ തന്റെ ഇന്ത്യ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തുമെന്ന് മസ്‌ക് സൂചന നൽകിയിരുന്നു.
ഇലക്ട്രിക് കാറുകൾക്കായി ഒരു പ്രാദേശിക നിർമ്മാണ, അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിന് 2-3 ബില്യൺ ഡോളറിന്റെ നിക്ഷേപം ടെസ്‌ല പ്രഖ്യാപിക്കുമെനന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ വിൽപ്പന കുറയുന്നതിനാൽ ആഗോള തൊഴിലാളികളിൽ 10% പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതിനെത്തുടർന്ന് മസ്‌ക് പദ്ധതികൾ ഉപേക്ഷിക്കുകയായിരുന്നു.