ബാങ്കുകളുടെ പ്രവര്‍ത്തന സമയം മാറ്റിയത് നടപ്പിലാകുന്നില്ല; മാനേജ്മെന്‍റിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍
ഇടപാടുകൾ അവസാനിച്ചിട്ടും ജീവനക്കാരെ മാനേജ്മെൻറ് വിടുന്നില്ലെന്നാണ് പരാതി.
ബാങ്കുകളുടെ പ്രവര്‍ത്തന സമയം രണ്ടു മണി വരെയാക്കിയ തീരുമാനം നടപ്പിലാകുന്നില്ലെന്ന് പരാതി. അഞ്ചു മണി വരെ ജീവനക്കാർ തുടരണമെന്നാണ് മാനേജ്മെൻറുകളുടെ വാദം. ബാങ്കിംങ്ങ് ഇടപാടുകൾ അവസാനിച്ചിട്ടും മാനേജ്മെൻറ് വിടുന്നില്ലെന്നാണ് ജീവനക്കാര്‍ പരാതിപ്പെടുന്നത്.
മാനേജ്മെന്‍റുകളുടെ നടപടിയില്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം മാനേജ്മെന്‍റുകളെ അറിയിച്ചെങ്കിലും മാനേജ്മെന്‍റിന്‍റെ നടപടിയില്‍ മാറ്റം വന്നിട്ടില്ല.
കോവിഡ് വ്യാപനം തടയാനായിരുന്നു ബാങ്കുകളുടെ പ്രവര്‍ത്തന സമയം രണ്ടു മണിവരെ മതിയെന്ന തീരുമാനമുണ്ടായത്. സ്റ്റേറ്റ് ലെവല്‍ ബാങ്കേര്‍സ് കമ്മിറ്റി (എസ്.എല്‍.ബി.സി)യാണ് തീരുമാനമെടുത്തത്. പ്രവര്‍ത്തന സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തിരുന്നു. പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചു ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.