അദാനി വിഷയം ഇന്ത്യക്കെതിരെയുള്ള ആക്രമണമല്ല: കേന്ദ്രസർക്കാർ
സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന കമ്പനിയാണ് അദാനി എന്ന ആരോപണം കേന്ദ്രധനമന്ത്രി തള്ളി
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇന്ത്യക്കെതിരെയുള്ള ആക്രമണമായി കരുതാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അത് ആ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണെന്നും അവർ പറഞ്ഞു. ടൈംസ് നൗ ചാനലുമായി സംസാരിക്കവെയാണ് നിർമല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
'ഈ പ്രത്യേക സംഭവം ഇന്ത്യക്കെതിരെയുള്ള ആക്രമണമല്ല. ഇന്ത്യയിലെ വിശ്വാസം, ഇന്ത്യയിലെ നേതൃത്വത്തിലുള്ള വിശ്വാസം, കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥയെ മുമ്പോട്ടു പോയതിലുള്ള ഇന്ത്യയുടെ പങ്ക് എന്നിവ കണ്ടാണ് ആളുകൾ നിക്ഷേപം നടത്തുന്നത്. ഈ പാർട്ടിക്ക് (അദാനി) ഭൂമിയും തുറമുഖവും നൽകിയത് മുഴുവൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളല്ല. ഇത്ര പെട്ടെന്ന് അക്കാര്യം മറക്കുന്നതെന്താണ്? തെറ്റായ തീരുമാനമാണ് എടുത്തത് എന്നു പറഞ്ഞ് ആരെങ്കിലും അതെല്ലാം തിരികെ വാങ്ങിയിട്ടുണ്ടോ?' - അവർ ചോദിച്ചു.
നേരത്തെ തങ്ങൾക്കെതിരെ യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് ഇന്ത്യക്കെതിരെയുള്ള ആക്രമണമാണ് എന്നാണ് അദാനി ആരോപിച്ചിരുന്നത്. റിപ്പോർട്ടിന് പിന്നാലെ ആറു ദിവസം കൊണ്ട് 58 ബില്യൺ ഡോളറാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായത്. ആഗോള ശതകോടീശ്വരപ്പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി 21-ാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തു.
സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന കമ്പനിയാണ് അദാനി എന്ന ആരോപണവും നിർമല തള്ളി. എല്ലാ വൻകിട പദ്ധതികളും പ്രധാനമന്ത്രിക്കു കീഴിൽ തുറന്ന ടെൻഡർ നടപടിക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എല്ലാം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ്. ഞങ്ങൾ ആർക്കും ഒത്താശ ചെയ്യാറില്ല. ഇത് അടിസ്ഥാന രഹിതമായ ആരോപണമാണ്- അവർ കൂട്ടിച്ചേർത്തു.
ഓഹരിത്തകർച്ചയ്ക്ക് പിന്നാലെ അദാനിക്കെതിരെ കേന്ദ്ര ധനമന്ത്രാലയം അന്വേഷണം പ്രഖ്യാപച്ചിരുന്നു. സെബിയും ആർബിഐയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. അതേസമയം, ഹിൻഡൻബർഗിനെതിരെ അദാനി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.