'ഇടപാടുകളില്‍ സംശയം': അദാനി പോർട്സിന്‍റെ ഓഡിറ്റർ സ്ഥാനമൊഴിഞ്ഞ് ഡിലോയിറ്റ്

അദാനി ഗ്രൂപ്പിന്റെ വിപണി ഇടപാടുകളെക്കുറിച്ച് ആഗസ്ത് 14നകം റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു

Update: 2023-08-13 07:55 GMT
Advertising

മുംബൈ: അദാനി പോർട്സിന്‍റെ ഓഡിറ്റർ സ്ഥാനമൊഴിഞ്ഞ് അക്കൗണ്ടിങ്‌ സ്ഥാപനമായ ഡിലോയിറ്റ്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ഡിലോയിറ്റ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ വിപണി ഇടപാടുകളെക്കുറിച്ച് ആഗസ്ത് 14നകം റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു, റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഡിലോയിറ്റിന്റെ രാജി. എം.എസ്.കെ.എ & അസോസിയേറ്റ്സാണ് അദാനി പോർട്സിന്‍റെ പുതിയ ഓഡിറ്റർമാർ.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താൻ അദാനി പോർട്സിനോട് ഡിലോയിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദാനി പോർട്സ് ഈ ആവശ്യം അംഗീകരിച്ചില്ല. അദാനി പോര്‍ട്സിന്‍റെ ഇടപാടുകളെ കുറിച്ച് പല സംശങ്ങളും ഡിലോയിറ്റ് ഉന്നയിച്ചു. ഹിൻഡൻബർഗ് പരാമർശിച്ച കക്ഷികളുമായി അദാനി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ഡിലോയിറ്റിന്‍റെ നിഗമനം. അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് കമ്പനികളുടെ വിവരങ്ങളും ഓഡിറ്റിങ് കമ്പനി ആരാഞ്ഞു. എന്നാൽ ഓരോ കമ്പനിക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ആ നീക്കം തടഞ്ഞു. ഇതോടെയാണ് ഡിലോയിറ്റിന്‍റെ പിന്മാറ്റം.

2018ലാണ് അദാനി പോർട്ട്‌സിന്റെ ഓഡിറ്ററായി ഡിലോയിറ്റിനെ നിയമിച്ചത്. 2022ൽ അഞ്ച് വർഷത്തേക്ക് പുനഃനിയമിച്ചു. ഓഡിറ്റർ സ്ഥാനം രാജിവയ്ക്കാൻ ഡിലോയിറ്റ് നൽകിയ കാരണങ്ങൾ പര്യാപ്തമോ ബോധ്യപ്പെടുന്നതോ അല്ലെന്ന് അദാനി പോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. ഓഡിറ്റർ സ്ഥാനത്ത് നിന്ന് ഡിലോയിറ്റ് പിന്മാറിയത് അദാനി ഗ്രൂപ്പിന്റെ ആഗോള തലത്തിലെ പ്രതിച്ഛായയെ ബാധിക്കാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നേരത്തെ ബൈജൂസിന്‍റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റ് പിന്മാറിയിരുന്നു. പിന്നാലെയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഡിലോയിറ്റ് പിൻമാറിയത്.

ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിന്‍ഡൻബർഗിന്റെ കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻതുക വായ്പ എടുത്തു. അദാനി കുടുബത്തിന് വിദേശത്ത് ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും ഹിന്‍ഡൻബർഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News