നഷ്ടം പത്തു ലക്ഷം കോടി; ആഗോള സമ്പന്നപ്പട്ടികയിൽ 24-ാം സ്ഥാനത്തേക്ക് വീണ് അദാനി

ജനുവരി 24ന് അദാനിയുടെ ആസ്തി 19.2 ലക്ഷം കോടിയായിരുന്നു.

Update: 2023-02-14 10:19 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ബ്ലൂംബർഗിന്റെ ആഗോള സമ്പന്നപ്പട്ടികയിൽ ഇരുപത്തിനാലാം സ്ഥാനത്തേക്ക് വീണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഫെബ്രുവരി 14ന് 52.4 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ ആസ്തി. ഫോബ്‌സ് റിയൽ ടൈം ബില്യണയർ സൂചിക പ്രകാരം 53 ബില്യൺ ഡോളറും.

യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരിയിൽ തുടർച്ചയായ ഇടിവുണ്ടായത്. കമ്പനികളുടെ വിപണി മൂല്യത്തിൽനിന്ന് 120 ബില്യൺ ഡോളറിലേറെയാണ് ഒലിച്ചു പോയത്. ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിപണനം നടക്കുന്നത് എന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്.

റിപ്പോർട്ട് പുറത്തുവന്ന ജനുവരി 24 മുതൽ ഇന്നേവരെ പത്തു ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിൽനിന്ന് നഷ്ടപ്പെട്ടത്. ഒമ്പത് ലക്ഷം കോടി രൂപയ്ക്ക് താഴെയാണ്, നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത പത്ത് അദാനി കമ്പനികളുടെ ആകെ മൂല്യം. ജനുവരി 24ന് ഇത് 19.2 ലക്ഷം കോടിയായിരുന്നു.

അദാനി ടോട്ടൽ ഗ്യാസിന്റെ വിപണി മൂല്യം എഴുപത് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. അദാനി ഗ്രീൻ എനർജിയുടെ മൂല്യം മൂന്നിലൊന്നായി കുറഞ്ഞു. ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസിന്റെ മൂല്യം പാതിയായും അദാനി ട്രാൻസ്മിഷന്റെ മൂല്യം 60 ശതമാനവും ഇടിഞ്ഞു. 22% മുതൽ 44% വരെയാണ് മറ്റു കമ്പനികൾക്ക് നേരിട്ട ഇടിവ്. 

Summary: Gautam Adani, has gone down to the 24th spot in the global billionaires' list amid the ongoing row over the scathing report by the US-based short seller Hindenburg റിസർച്ച്





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News