ഗോൾഡ് ലോണോ പേഴ്‌സണൽ ലോണോ: നിങ്ങൾക്ക് യോജിക്കുന്ന വായ്പ ഏത്?
ഫിൻടെക് ആപ്പുകളുടെ വരവോടെ വായ്പാ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സെക്കന്റുകൾക്കുള്ളിൽ നമുക്ക് ആവശ്യമുള്ള പണം അക്കൗണ്ടിലെത്തുന്ന വായ്പാ സംസ്‌കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് വന്നാലാണ് നമ്മൾ എളുപ്പം കിട്ടുന്ന വായ്പകളെ കുറിച്ച് ആലോചിക്കുക. മുൻകൂട്ടി തീരുമാനിക്കാത്ത പല ആവശ്യങ്ങളും വന്നു ചേരുമ്പോൾ വേണ്ട പണം കണ്ടെത്താൻ വ്യക്തിഗത വായ്പകളും ഗോൾഡ് ലോണുമൊക്കെയാണ് ഓപ്ഷൻ. ഇതിൽ ഏത് ലോണായിരിക്കും എടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും നിങ്ങൾ മനസിലാക്കിയിരിക്കണം.
ഗോൾഡ് ലോൺ
'സ്വർണം വീട്ടിൽവെച്ചിട്ട് എന്തിന് കാശും തേടി നടപ്പൂ..'' ഈ പരസ്യം അറിയാത്തവർ ഇന്ന് ചുരുക്കമാണ്. ഒരു സ്വകാര്യ ധനസ്ഥാപനത്തിന്റെ സ്വർണവായ്പാ പദ്ധതിയുടെ പരസ്യമാണിത്. നിമിഷ നേരങ്ങൾ കൊണ്ട് പണം വായ്പയായി ലഭിക്കുന്ന കൊളാറ്ററൽ സെക്യൂരിറ്റിയാണ് സ്വർണം.
സ്വർണ ആഭരണങ്ങൾ ഈടായി നൽകി ആവശ്യമുള്ള പണം വായ്പയായി കണ്ടെത്തുന്ന സ്‌കീമിനെയാണ് ഗോൾഡ് ലോണുകൾ എന്ന് വിളിക്കുന്നത്. ബാങ്ക് ,എൻബിഎഫ്‌സികൾ എന്നിവയൊക്കെ ഗോൾഡ് ലോൺ അനുവദിക്കുന്നു. മറ്റ് വായ്പകളെ അപേക്ഷിച്ച് പല ഗുണങ്ങളും ഗോൾഡ് ലോണിനുണ്ട്. സ്വർണം ആഭരണങ്ങളായി അണിയുന്ന ശീലമുള്ളതിനാൽ എപ്പോഴും നമ്മുടെ പക്കൽ പണമാക്കി മാറ്റാൻ സാധിക്കുന്ന ഒരു ആസ്തിയാണിത്. അതുകൊണ്ട് തന്നെ വിപണിയിൽ എന്നും മൂല്യം കൂടുതലുള്ള ഈ വസ്തു ഈടായി നൽകിയാൽ അധിക നടപടിക്രമങ്ങളോ പരിശോധനകളോ കൂടാതെ ഉടനടി വായ്പ ലഭിക്കും. നിലവിലുള്ള വിപണി വിലയുടെ 75 %ത്തോളം വായ്പയായി ലഭിക്കും. നിമിഷനേരം കൊണ്ട് സ്വർണം ഈടായി നൽകിയാൽ വായ്പ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. നിങ്ങൾ നൽകുന്ന ആഭരണത്തിന്റെ മൂല്യവും പരിശുദ്ധിയും പരിശോധിക്കാൻ ധനകാര്യസ്ഥാപനങ്ങൾക്ക് നിമിഷങ്ങൾ മാത്രം മതി. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത ഈ വായ്പ ലഭിക്കാൻ തടസ്സമാകില്ല. കുറഞ്ഞ ക്രെഡിറ്റ് യോഗ്യതയുള്ളവർക്കും വായ്പ തിരിച്ചടവ് ശേഷി കുറഞ്ഞവർക്കും സ്വർണം ഈടായി നൽകിയാൽ മറ്റൊന്നും ആലോചിക്കാതെ സ്ഥാപനങ്ങൾ വായ്പ അനുവദിക്കും. തിരിച്ചടവ് ഫ്‌ളക്‌സിബിളാണ്. ഇനി വായ്പാതുക തിരിച്ചടക്കാൻ സാധിക്കാതെ വന്നാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകിയ സ്വർണം ജപ്തി ചെയ്ത് വായ്പാ സ്ഥാപനം വായ്പ തിരിച്ചുപിടിക്കും.
വ്യക്തിഗത വായ്പകൾ
സുരക്ഷിതമല്ലാത്ത വായ്പകളിലാണ് വ്യക്തിഗത വായ്പകൾ ഉൾപ്പെടുന്നത്. ഈ വായ്പക്ക് അപേക്ഷിക്കുമ്പോൾ പ്രത്യേകിച്ച് കൊളാറ്ററൽ സെക്യൂരിറ്റിയൊന്നും നൽകേണ്ടതില്ല. വളരെ ലളിതമാണ് കാര്യങ്ങൾ. വ്യക്തിഗത വായ്പ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രം മതി . ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് മനസിലാക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ ഉടൻ വായ്പ ലഭിക്കും. വായ്പാ തിരിച്ചടവ് ശേഷി മനസിലാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ പരിഗണിക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണ് ക്രെഡിറ്റ് സ്‌കോർ. മുമ്പ് നടത്തിയ സാമ്പത്തിക ഇടപാടുകൾ നിങ്ങൾ പുലർത്തിയ കൃത്യനിഷ്ടയും വായ്പകൾ വീഴ്ചയില്ലാതെ അടച്ചുതീർത്തിട്ടുണ്ടോ എന്ന കാര്യങ്ങളുമൊക്കെ നോക്കിയാണ് ക്രെഡിറ്റ് ഏജൻസികൾ ക്രെഡിറ്റ് സ്‌കോർ നൽകുന്നത്. സ്ഥിര വരുമാനമുള്ളവർക്കാണ് സാധാരണ വ്യക്തിഗത വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്നത് . ഡോക്യമെന്റുകളൊക്കെ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ തന്നെ പരിശോധിക്കുകയും പാസാകുകയും ചെയ്യും. തിരിച്ചടവ് ശേഷി കണക്കിലെടുത്ത് ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിലേക്കാണ് വായ്പ അനുവദിക്കുന്നത്. ഈ വായ്പയുടെ പ്രധാന പ്രശ്‌നം പലിശ നിരക്കുകളാണ്. മറ്റ് വായ്പകളെ അപേക്ഷിച്ച് നോക്കിയാൽ വലിയ നിരക്കിലാണ് പലിശ ഈടാക്കുന്നത്. എന്നാൽ മികച്ച ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് പരമാവധി കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കും.