ദിവസവും 14 കാറുകള്‍ കഴുകി, ഇന്ന് സ്വന്തമുള്ളത് 13 ആഡംബര വാഹനങ്ങള്‍; ഗുരുവായൂരിലെ ഥാര്‍ സ്വന്തമാക്കിയ യുവവ്യവസായി വിഘ്‌നേഷ് വിജയകുമാർ എന്ന വിക്കിയുടെ ജീവിത കഥ
'ദുബൈ പോലുള്ള വലിയ നഗരത്തിൽ അന്ന് വരെ കൂടെയുണ്ടായിരുന്ന എല്ലാവരും കൈവിട്ടു. അത് വലിയ വേദനയാണ് തന്നത്. അന്ന് ഉപദേശിക്കാൻ പോലും ആരുമില്ലായിരുന്നു'
''രാവിലെ നാല് മണി തൊട്ട് ഏഴ് മണി വരെയുള്ള സമയത്തിനുള്ളിൽ ഏകദേശം 14 കാറുകൾ കഴുകിയിരുന്നു. ജീവിതത്തിൽ എന്നെങ്കിലും 14 വാഹനങ്ങൾ സ്വന്തമാക്കണമെന്ന് അന്നേ മനസിൽ കുറിച്ചിട്ടിരുന്നു. ഇപ്പോൾ ദൈവം സഹായിച്ച് 13 വാഹനങ്ങൾ എന്റെ പക്കലുണ്ട്. ഒരു വാഹനം കൂടി വാങ്ങിയാൽ ഞാൻ ആ ആഗ്രഹം സാധിക്കും''...പറയുന്നത് വേറെയാരുമല്ല, ഗുരുവായൂരപ്പനു കാണിക്കയായി ലഭിച്ച ഥാർ ജീപ്പ് മോഹവില നൽകി ലേലത്തിലൂടെ സ്വന്തമാക്കിയ ദുബായിലെ മലയാളി വ്യവസായി വിഘ്‌നേഷ് വിജയകുമാർ മേനോനാണ്. ഇന്ന് സ്വന്തമാക്കിയതെല്ലാം കഠിനാധ്വാനം കൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറയുന്നു. കടന്നുവന്ന കനൽവഴികളെ കുറിച്ച് വിക്കിയെന്ന് ആളുകൾ സ്‌നേഹത്തോടെ വിളിക്കുന്ന വിഘ്‌നേഷ് വിജയകുമാർ മേനോന്‍ ഓർക്കുന്നു.
19ാം വയസിൽ പ്രവാസ ലോകത്തിലേക്ക്
ഏതൊരു പ്രവാസിയെയും പോലും ഒരുപാട് സ്വപ്‌നങ്ങളും മോഹങ്ങളുമായിട്ടാണ് വിക്കിയും കടൽകടക്കുന്നത്. 2005 വാണ് ആദ്യമായി ദുബൈയിലേക്കെത്തുന്നത്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലാണ് സ്വന്തം നാട്. പെരിന്തൽമണ്ണ ഭവൻസിലാണ് പഠിച്ചതെല്ലാം. പ്ലസ്ടു പഠനത്തിന് ശേഷം എസ്.എൻ കോളജിൽ ബി.ബി.എയ്ക്ക് ചേർന്നു. അച്ഛന്റെയും അമ്മയുടെയും ഏക മകനാണ്. 19 ാം വയസിലാണ് ദുബൈയിലെത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ മിൽക്ക് പ്രാഡ്യൂസിങ് കമ്പനിയായ ന്യൂസിലാൻഡ് ഡയറി ബോൾ എന്ന കമ്പനിയാലാണ് ആദ്യമായി ജോലിക്ക് കയറുന്നത്. റിസപ്ക്ഷനിസ്റ്റ്, അഡ്മിസ്‌ട്രേഷൻ അസിസ്റ്റന്‍റ് പോസ്റ്റിലേക്കായിരുന്നു നിയമനം. 3200 ദിർഹമായിരുന്നു ശമ്പളം. അവിടുന്നിങ്ങോട്ട് 18 കൊല്ലത്തെ നീണ്ടയാത്രയിൽ നിന്നാണ് ഇന്ന് കാണുന്നതെല്ലാം സ്വന്തമാക്കിയതെന്നും വിക്കി ഓർക്കുന്നു.
ബോട്ട് യാത്രയിൽ നിന്ന് മനസിലുദിച്ച ബിസിനസ്
'അന്ന് വിസിറ്റിങ് വിസയ്ക്കാണ് എല്ലാവരും ദുബൈയിലേക്ക് വരുന്നത്. അത് സമയമാകുമ്പോൾ പുതുക്കണം. ആദ്യമായി ഞാൻ വിസ പുതുക്കാനായി പോകുന്നത് ഒമാനിലെ കസബിലേക്കായിരുന്നു. അവിടെയാണ് ഏറ്റവും ചുരുങ്ങിയ ചെലവിൽ വിസ മാറ്റം ചെയ്തുകൊടുക്കുന്നത്.
ഇവിടുന്ന് അങ്ങോട്ട് പോകുന്നത് ചെറിയൊരു ബോട്ടിലാണ്. ആ ബോട്ട് യാത്രയിൽ നിന്നാണ് ബിസിനസ് ഐഡിയ മനസിലേക്ക് ഉദിച്ചത്. അവിടെ ഒരുപാട് ആളുകൾ വിസ ചേഞ്ചിങ്ങിനായി എത്തുന്നുണ്ടായിരുന്നു. എന്നാൽ അവർക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും അവിടെയില്ലായിരുന്നു. ഇവിടെ എന്തെങ്കിലും ബിസിനസിന് സാധ്യതയുണ്ടെന്ന് മനസിൽ തോന്നി. അങ്ങനെയാണ് 2006ൽ ഇറാനിയൻ കമ്പനി യുമായി സഹകരിച്ച് ബിസിനസ് ആരംഭിക്കുന്നത്. വിസ മാറാനായി വരുന്നവർക്ക് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു ബിസിനസിലൂടെ ലക്ഷ്യമിട്ടത്. ഒരു അധിക വരുമാന മാർഗം എന്ന നിലയിലാണ് ഈ ബിസിനസും മുന്നോട്ട് പോയത്' വിക്കി പറയുന്നു.
ആദ്യമൂലധനം 100 ദിർഹം, വാങ്ങിയത് ഒരു ബക്കറ്റും മൂന്ന് തുണികളും
ചെറുപ്പം മുതൽ അമ്മ അതിരാവിലെ എഴുന്നേൽപ്പിച്ച് അമ്പലത്തിൽ കൊണ്ടുപോകുമായിരുന്നു. നേരത്തെ എഴുന്നേൽക്കുന്നത് അങ്ങനെയാണ് ശീലമായത്. ദുബൈയിലെത്തിയിട്ടും ആ ശീലം തുടർന്നു. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് പുറത്തേക്കിറങ്ങുമ്പോൾ കാണുന്നത് രണ്ടുകാര്യങ്ങളായിരുന്നു. ഒന്ന് ന്യൂസ് പേപ്പർ വിതരണം ചെയ്യുന്നത്. മറ്റൊന്ന് കാറുകൾ കഴുകുന്നവരെ. പേപ്പർ വിതരണം ചെയ്യുന്നവരോട് അതിന്റെ കാര്യങ്ങൾ ചോദിച്ചുമനസിലാക്കി. ദിവസം 30 ദിർഹമാണ് അവർക്ക് ലഭിക്കുന്നത്. കണക്കുകൂട്ടിയപ്പോൾ ലാഭമായി കാര്യമായി ഒന്നും കിട്ടില്ല.
വണ്ടികൾ കഴുകുന്നവരോടും അന്വേഷിച്ചു. ചെറിയ വണ്ടികഴുകിയാൽ 100ഉം വലിയ വണ്ടികൾ കഴുകിയാൽ 150 ദിർഹം ലഭിക്കും. ആഴ്ചയിൽ മൂന്ന് നാല് ദിവസം ജോലിയെടുത്താൽ മതി. കണക്കുകൂട്ടിയപ്പോൾ പേപ്പർ വിതരണം ചെയ്യുന്നതിനേക്കാൾ നല്ലത് വണ്ടികഴുകുന്നതാണ് എന്ന് തോന്നി. അങ്ങനെയാണ് വണ്ടു കഴുകുന്നത് ആരംഭിക്കുന്നത്. ജീവിതത്തിലെ ആദ്യത്തെ നിക്ഷേപം എന്നുപറയുന്നത് വണ്ടി കഴുകി കിട്ടിയ നൂറ് ദിർഹം ആയിരുന്നു. ആ പണം കൊണ്ട് വാങ്ങിയത് ഒരു ബക്കറ്റ്, മൂന്ന് തുണി, ഷൈനിങ് ലിക്വിഡ് എന്നിവയാണ്. അതുവെച്ച് വണ്ടികൾ കഴുകാൻ തുടങ്ങി.
ഓഫീസിൽ പോകുന്നതിന് തൊട്ടുമുമ്പ് വരെ ഏകദേശം 14 കാറുകൾ കഴുകി. എന്തുകൊണ്ടാണ് ഇത്രയധികം വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. ചിലരൊക്കെ കരുതുന്നത് പൊങ്ങച്ചത്തിനാണ് വാഹനങ്ങൾ എടുക്കുന്നത് എന്നാണ്. അതിനുള്ള ഉത്തരമാണ് ഇത്. അന്ന് 14 വാഹനങ്ങൾ കഴുകുമ്പോൾ എന്നെങ്കിലും ഇതുപോലെ 14 വാഹനങ്ങൾ സ്വന്തമാക്കണം എന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. വിക്കി ഓര്‍മിച്ചെടുക്കുന്നു.
വിവാഹവും വെല്ലുവിളികളും...
ബിസിനസുമായി മുന്നോട്ട് പോകുന്നതിനിടെ 2015 ലാണ് വിക്കിയുടെ ജീവിതത്തിലെ മറ്റൊരു വലിയ മാറ്റം സംഭവിക്കുന്നത്. ഇന്ത്യക്കാരനും നാട്ടിലെ അറിയിപ്പെടുന്ന മേനോൻ കുടുംബത്തിലെ ഒറ്റ മകന്‍ കല്യാണം കഴിച്ചത് ഒരു പാക്കിസ്ഥാൻ സ്വദേശിനിയെയാണ്. ഇത് എല്ലാവരെയും ഞെട്ടിച്ചു. എതിര്‍പ്പുകള്‍ ഉണ്ടായി. അത് തന്നെയും പിടിച്ചുകുലുക്കിയെന്ന് വിക്കി പറഞ്ഞു.
'അത് വലിയൊരു കോളിളക്കം തന്നെ സൃഷ്ടിച്ചു. കുട്ടി ജനിച്ചപ്പോഴും വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കി. ജാതി,മതം,രാജ്യം എല്ലാം പ്രശ്നമായി ഉയര്‍ന്നു. ആ സമയങ്ങളിലാണ് നമ്മളോട് അധികമായി അടുപ്പം കാണിക്കുന്നവരുടെ യഥാർഥ മുഖങ്ങൾ തിരിച്ചറിഞ്ഞത്. ആരെങ്കിലും നമ്മളോട് ഏതെങ്കിലും തരത്തിൽ ബന്ധം വെക്കുന്നുണ്ടെങ്കിൽ അത് സാമ്പത്തികമായ ലാഭമോ മറ്റ് നേട്ടമോ ലക്ഷ്യം വെച്ചായിരിക്കുമെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയത് അന്നുമുതലായിരുന്നെന്ന് വിക്കി പറഞ്ഞു.
ആരുമില്ലാത്തവർക്ക് ദൈവമുണ്ടെന്ന് മനസിലാക്കിയ നിമിഷം
ഈ പ്രശ്‌നങ്ങൾക്കിടയിലാണ് എന്റെ പേരിൽ 18 ഓളം പൊലീസ് കേസുകൾ വരുന്നത്. അതും ചെക്ക് കേസ്. കൂടെയുണ്ടായിരുന്ന ഒരാള്‍ ഞാന്‍ ഒപ്പിട്ട ചെക്ക് ദുരുപയോഗം ചെയ്തു. അന്ന് ശരിക്കും ഞാൻ ഈ ബന്ധങ്ങളുടെ വില മനസിലായി. വിഘ്നേഷ് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്തെ കുറിച്ച് പറഞ്ഞു.
'ദുബൈ പോലുള്ള വലിയ നഗരത്തിൽ അന്ന് വരെ കൂടെയുണ്ടായിരുന്ന എല്ലാവരും കൈവിട്ടു. അത് വലിയ വേദനയാണ് തന്നത്. അന്ന് നമ്മളെ ഉപദേശിക്കാൻ പോലും ആരുമില്ലായിരുന്നു. വക്കീലിന്റെ അടുത്തുപോയാൽ പണം മാത്രം അവർക്ക് മതി. കുടുംബക്കാരോട് പോലും പണം ചോദിച്ചാൽ ആരും തരാൻ തയ്യാറായില്ല. എന്താ ചെയ്യേണ്ടത് എന്നറിയാതെ വളരെയധികം കഷ്ടപ്പെട്ടു.
ആ സമയത്താണ് സഹായവുമായി ബിസിനസുകാരിയായ ചൈനീസ് യുവതി മുന്നിലേക്ക് എത്തുന്നത്. അവർ 20,000 ദിർഹം കയ്യിൽ തന്നു. 'നിങ്ങള്‍ നല്ല മനസിനുടമയാണ്, ഒരിക്കലും തളരരുത്' എന്ന് പറഞ്ഞാണ് അവർ മടങ്ങിയത്. രണ്ടര മില്യനോളം കടങ്ങളാണ് ചെക്കുകേസില്‍ അന്നുണ്ടായിരുന്നത്. ആ സ്ത്രീ തന്നെ പണവുമായി ഞാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനായി പോയി. അന്ന് തൊട്ടാണ് ആരുമില്ലാത്തവനാണ് ദൈവമുണ്ടാകും എന്ന് മനസിലാകുന്നത്. പൊലീസ് സ്റ്റേഷനിലിരുന്ന ഒരു ഓഫീസർ എന്റെ കഥകളൊക്കെ ചോദിച്ചുമനസിലാക്കി. ഞാൻ തെറ്റുകാരനല്ല എന്ന് അദ്ദേഹത്തിന് തോന്നി. ആ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തവരെയെല്ലാം അദ്ദേഹം നേരിട്ട് വിളിപ്പിച്ചു. അവരിൽ പലരും എന്നെ കണ്ടിട്ടുപോലുമില്ലായിരുന്നു. നടന്നത് ചതിയാണെന്ന് അറിഞ്ഞതോടെ പലരും കേസ് പിൻവലിച്ചു. ചിലർ കുറച്ചെങ്കിലും പണം കിട്ടണം എന്നുപറഞ്ഞു. അവർക്ക് പണം നൽകി കേസ് സെറ്റിൽ ചെയ്തു'.
അത് വിക്കിക്ക് ജീവിതത്തില്‍ കിട്ടിയ വലിയ പാഠമായിരുന്നു. തുടർന്നാണ് ആര്‍മിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ സഹായത്തോടെ 2010 ൽ ഗ്ലോബൽ സ്മാർട്ട് എന്ന ബിസിനസ് തുടങ്ങുന്നത്. ഇന്നത് 11 കമ്പനികളായി വളർന്നു. ശ്രീ ഗ്ലോബൽ കമ്പനിയുടെ പ്രസിഡന്റും സി.ഒ.ഒയുമാണ് വിഘ്‌നേഷ്. ഇപ്പോഴിതാ ഗുരുവായൂരപ്പന് കാണിക്ക വെച്ച ഥാറും സ്വന്തമാക്കിയിരിക്കുന്നു. ആദ്യത്തെ ലേലം നടക്കുമ്പോൾ കോവിഡ് കാരണം പങ്കെടുക്കാൻ പറ്റിയില്ലെന്നും വിഘ്‌നേഷ് എന്ന വിക്കി പറയുന്നു. പിതാവും കമ്പനിയിലെ മാനേജരുമാണ് ലേലത്തിൽ പങ്കെടുത്തത്. വാഹനം വിട്ടുകിട്ടാനുള്ള നടപടികൾ പൂർത്തിയായാൽ നാട്ടിൽ പോയി അത് ഏറ്റുവാങ്ങാനിരിക്കുകയാണ് ഈ യുവ വ്യവസായി.