സിം കാർഡ് വിറ്റുനടന്നവന്‍, ഇപ്പോൾ ആസ്തി 16,000 കോടി; ആഗോള അതിസമ്പന്നരുടെ പട്ടികയിലേക്ക് ഒരു ഇന്ത്യൻ യുവാവ്
അച്ഛനും അമ്മയും എൻജിനീയറാക്കാൻ ഡൽഹിയിലേക്കയച്ച ബാലൻ പഠനം പാതിവഴിയിൽ നിർത്തി സ്വന്തം സ്വപ്‌നങ്ങൾക്കു പിന്നാലെ ഓടിയതിന്റെ വിജയസാക്ഷാത്ക്കാരമാണിന്ന് ഒയോയും റിതേഷും. സ്വന്തം അധ്വാനത്തിൽനിന്ന് ശതകോടീശ്വരന്മാരായി മാറിയ യുവാക്കളുടെ പട്ടികയിൽ ലോകത്ത് രണ്ടാമനാണിന്ന് ഈ 29കാരന്‍
ന്യൂഡൽഹി: പൂജ്യത്തിൽനിന്നു തുടങ്ങി 16,000 കോടിയുടെ ആസ്തിയിലേക്ക്.. അതും വെറും പത്തു വർഷംകൊണ്ട്! വിശ്വസിക്കാനാകുന്നുണ്ടോ!? റിതേഷ് അഗർവാൾ എന്നൊരു ഒഡിഷക്കാരന്റെ നിശ്ചയദാർഢ്യത്തിന്റെ കഥയാണ് പറയുന്നത്. ഒന്നുമില്ലായ്മയിൽനിന്ന് സ്വയം അധ്വാനിച്ച് ശതകോടീശ്വരന്മാരായി മാറിയ യുവാക്കളുടെ പട്ടികയിൽ ലോകത്ത് രണ്ടാമനാണ് ഈ 29കാരനിപ്പോൾ.
ഹോട്ടൽ, ഹോസ്പിറ്റാലിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒയോ റൂംസ് റിതേഷിന്റെ ബുദ്ധിയിൽ ഉദിച്ച ആശയമാണ്. റിതേഷ് തന്നെ ഇച്ഛാശക്തികൊണ്ട് വിജയത്തിലേക്ക് നയിച്ച ആശയം. അച്ഛനും അമ്മയും എൻജിനീയറാക്കാൻ ഡൽഹിയിലേക്കയച്ച ബാലൻ പഠനം പാതിവഴിയിൽ നിർത്തി സ്വന്തം സ്വപ്‌നങ്ങൾക്കു പിന്നാലെ ഓടിയതിന്റെ വിജയസാക്ഷാത്ക്കാരമാണിന്ന് ഒയോയും റിതേഷും. രണ്ടു ബില്യൻ ഡോളർ(ഏകദേശം 16,413 കോടി രൂപ) ആണ് റിതേഷിന്റെ ആസ്തി.
ഇന്ത്യയിൽ സ്വന്തം അധ്വാനത്തിൽനിന്ന് ശതകോടീശ്വരന്മാരായി മാറിയ യുവാക്കളുടെ പട്ടികയിൽ ഒന്നാമനാണ് റിതേഷ്. പിന്നിലുള്ളത് ബൈജൂസിന്റെ രവീന്ദ്രനും(11,523 കോടി) ഫ്‌ളിപ്കാർട്ട് സ്ഥാപകരായ ബിന്നി, സച്ചിൻ ബൻസാൽ സഹോദരന്മാരും(8,231) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നത്.
എൻജിനീയറാകാൻ ഡൽഹിയിലിറങ്ങിയവൻ
കൊച്ചിലേ ബിസിനസാണ് തൻരെ രക്തത്തിലുള്ളതെന്ന് മറ്റാർക്കുംമുൻപേ റിതേഷ് അഗർവാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 13-ാം വയസിൽ, രാജസ്ഥാനിലെ കോട്ടയിലുള്ള സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ പഠനം തുടരുമ്പോൾ തന്നെ സിം കാർഡ് വിറ്റ് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കണ്ടെത്തുകയായിരുന്നു റിതേഷ്.
ഒഡിഷയിലെ റായാഗഢിലെ ചെറിയൊരു പട്ടണമാണ് ജന്മനാട്. അച്ഛൻ രമേശ് അഗർവാളിനു മറ്റു പദ്ധതികളായിരുന്നു. മകനെ എൻജിനീയറാക്കണമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചത്. അങ്ങനെയാണ് ഐ.ഐ.ടി-ജെ.ഇ.ഇ കൂടി ലക്ഷ്യമിട്ട് പത്താം ക്ലാസ് പഠനത്തിനായി ഡൽഹിയിലേക്ക് മകനെ പറഞ്ഞയച്ചത്. എന്നാൽ, ഡൽഹിയിലെത്തിയ റിതേഷിനു മറ്റു പദ്ധതികളുണ്ടായിരുന്നു. എൻജിനീയറിങ് സ്വപ്‌നങ്ങൾ ഒരുഭാഗത്തുവച്ച് സ്വന്തം ബിസിനസുകളെക്കുറിച്ച് ആലോചിച്ചുതുടങ്ങി. കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പുറത്തിറങ്ങി.
തലവര പോലെ ബിസിനസ് സ്വപ്‌നങ്ങളുമായി പെരുവഴിയിലിറങ്ങിയ റിതേഷിനെ തേടി ലോകത്തെ തന്നെ വിലയേറിയ ഫെലോഷിപ്പുകളൊന്ന് എത്തി. യു.എസ്-ജർമൻ ശതകോടീശ്വരൻ പീറ്റർ തീലിന്റെ ഫൗണ്ടേഷൻ നൽകുന്ന തീൽ ഫെലോഷിപ്പ് ആയിരുന്നു അത്. ക്ലാസ്‌റൂമുകളുടെ ചുമരുകൾക്കു പുറത്തിറങ്ങി സ്വന്തവും ക്രിയാത്മകവുമായ പുത്തൻ ആശയങ്ങൾ നടപ്പാക്കാൻ സ്വപ്‌നം കണ്ടിറങ്ങുന്ന യുവാക്കളെ പിന്തുണയ്ക്കാനായാണ് പീറ്റർ ഈ ഫെലോഷിപ്പിനു തുടക്കമിട്ടത്.
19-ാം വയസിലാണ് റിതേഷ് ഫെലോഷിപ്പിനു തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് ഒരു ലക്ഷം യു.എസ് ഡോളർ(ഏകദേശം 82 ലക്ഷം രൂപ) ആണ് ഫെലോഷിപ്പ് തുകയായി ലഭിച്ചത്. കിട്ടിയ അവസരം മുതലെടുത്ത് 'ഒറാവൽ സ്റ്റേയ്‌സ്' എന്ന പേരിൽ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. ചെലവ് കുറഞ്ഞ ലോഡ്ജുകളും ഹോട്ടൽ മുറികളും തിരയുന്ന യാത്രക്കാരെ ലക്ഷ്യമിട്ടുള്ള 'വൺ സ്‌റ്റോപ്പ്' പോർട്ടലായിരുന്നു ഇത്. 2012 സെപ്റ്റംബറിലാണ് ഹോസ്പിറ്റാലിറ്റി രംഗത്ത് റിതേഷ് ആദ്യ ചുവടുവയ്പ്പ് വയ്ക്കുന്നത്.
ഒറാവലെന്ന കൊച്ചുസ്വപ്‌നം, ഒയോ എന്ന വിപ്ലവം
ഒറാവൽ അധികം വൈകാതെ 'ഒയോ റൂംസ്' ആയി. 2013 മേയിലാണ് പിൽക്കാലത്ത് ഹോട്ടൽ, ഹോസ്പിറ്റാലിറ്റി രംഗത്തെ കുത്തകകളായി മാറിയ ഒയോയ്ക്കു തുടക്കമിടുന്നത്. ഒയോ ഹിറ്റാകാൻ അധികം വേണ്ടിവന്നില്ല. അതിവേഗത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി മാറി. 2018 സെപ്റ്റംബർ ആകുമ്പോഴേക്കും കമ്പനിയുടെ ആസ്തി 8,000 കോടി രൂപയായി കുതിച്ചുയർന്നു.
ഈ കുതിച്ചുചാട്ടത്തിനു പിന്നിൽ ഒരൊറ്റപ്പേര്; റിതേഷ് അഗർവാൾ. ഒരു യുവാവിന്റെ നിശ്ചയദാർഢ്യം, സമർപ്പണം, ധീരത... ഇതെല്ലാം ചേർന്നാണ് ഒയോ ഒരു വന്മരമായി മാറുന്നത്. ലോകത്തെ ഒന്നാം നമ്പർ ഹോട്ടൽ ശൃംഖലയാകാനുള്ള യാത്രയിലാണിപ്പോൾ ഒയോ. 2016ൽ മലേഷ്യയും നേപ്പാളും വഴി ദക്ഷിണേഷ്യയിലും ദക്ഷിണ പൂർവേഷ്യയിലും ചുവടുറപ്പിച്ചു. 2018ൽ ബ്രിട്ടൻ, യു.എ.ഇ, ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ വഴി വലിയ മാർക്കറ്റുകളിലും പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 35 രാജ്യങ്ങളിലായി 1.57 ലക്ഷത്തിലേറെ ഹോട്ടലുകളാണ് ഒയോയ്ക്കു കീഴിലുള്ളത്. 500 നഗരങ്ങളിലായി 3.30 ലക്ഷം മുറികൾ.
2013ൽ സോഫ്റ്റ്ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ഒയോ ആരംഭിക്കുന്നത്. ഇന്നിപ്പോൾ 82,307 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടൽ ശൃംഖലയായി മാറിക്കഴിഞ്ഞു ഒയോ. ഈ വർഷം തന്നെ മേഖലയിലെ മറ്റു കരുത്തരെയെല്ലാം പിന്തള്ളി ലോകത്തെ ഒന്നാമന്മാരാകുകയാണ് റിതേഷ് അഗർവാളും സംഘവും ലക്ഷ്യമിടുന്നത്.
Summary: Oyo Rooms' Ritesh Agarwal, world's second youngest self-made billionaire with net worth Rs 16,462 crore