ഓഫീസിലെത്തണം, വയ്യെങ്കിൽ പോകാം; വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഇലോൺ മസ്‌ക്

"വീട്ടിലിരുന്നുള്ള ജോലി ഒരു തരത്തിലും അനുവദിക്കാനാകില്ല"

Update: 2022-06-02 13:01 GMT
Editor : abs | By : Web Desk
Advertising

കാലിഫോർണിയ: കോവിഡ് കാലത്ത് പ്രഖ്യാപിച്ച വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ആഴ്ചയിൽ നാൽപ്പത് മണിക്കൂറെങ്കിലും ഓഫീസിൽ വന്ന് ജോലി ചെയ്യണമെന്നും അല്ലാത്തവർക്ക് രാജി വയ്ക്കാമെന്നും മസ്‌ക് ജീവനക്കാർക്കയച്ച സന്ദേശത്തിൽ അറിയിച്ചു. 

സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാൽപ്പത് മണിക്കൂർ എന്നത് ഫാക്ടറി തൊഴിലാളികളുടെ ജോലി സമയത്തേക്കാൾ കുറവാണ്. ചില അപവാദങ്ങൾ ഉണ്ടായേക്കാം. അത് പരിശോധിച്ച് നേരിട്ടു തന്നെ അറിയിക്കും. ജീവനക്കാർ വിദൂര ഓഫീസുകളിലല്ല ജോലിക്കെത്തേണ്ടത്. പ്രധാന ഓഫീസിൽ തന്നെയാണ്. വീട്ടിലിരുന്നുള്ള ജോലി ഒരു തരത്തിലും അനുവദിക്കാനാകില്ല- ഇ മെയിലിൽ പറയുന്നു.

കോവിഡിന്റെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിൽ പല ബഹുരാഷ്ട്ര കമ്പനികളും ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചുവിളിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ആപ്പിളും ഗൂഗ്‌ളും മുതിര്‍ന്ന  ഉദ്യോഗസ്ഥരോട് ഓഫീസിൽ ജോലിക്കെത്താൻ ഈയിടെ ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡിന് ശേഷം എല്ലാ ജീവനക്കാരോടും തിരികെ ഓഫീസിലെത്താൻ ആവശ്യപ്പെടുന്ന ആദ്യത്തെ ബഹുരാഷ്ട്ര കമ്പനിയാണ് ടെസ്‌ല.  



'ഞാൻ ജീവിച്ചത് ഫാക്ടറിയിൽ'

ജോലിയോടുള്ള സമീപനത്തിൽ വ്യത്യസ്തത സൃഷ്ടിച്ച സംരംഭകനാണ് ഇലോൺ മസ്‌ക്. അപൂർവമായി അവധിയെടുക്കുന്ന അദ്ദേഹം നിർണായക സമയങ്ങളിൽ ഓഫീസ് തറയിലാണ് കിടന്നുറങ്ങാറുള്ളത്. 'നിങ്ങൾ എത്ര സീനിയർ ആകുന്നോ സാന്നിധ്യം കൊണ്ട് അത്രയും ദൃശ്യമായിരിക്കണം' - എന്നാണ് തൊഴിൽ നയത്തെ കുറിച്ച് അദ്ദേഹം ജീവനക്കാർക്ക് എഴുതിയ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്. 

'അതു കൊണ്ടാണ് ഞാൻ ഫാക്ടറിയിൽ താമസിക്കുന്നത്. അതുകൊണ്ട് ജോലിയെടുക്കുന്നവർക്ക് അവരുടെ കൂടെ എന്നെ കാണാം. ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ടെസ്‌ല പാപ്പരായേനെ'- അദ്ദേഹം പറയുന്നു. 

അതിനിടെ, ഇറക്കുമതി ചെയ്ത കാർ വിൽക്കാനും സർവീസിന് സൗകര്യവും അനുവദിക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ ഉത്പാദനത്തിനില്ലെന്ന് മസ്‌ക് വ്യക്തമാക്കി. ഇന്ത്യയിൽ നിർമാണശാല തുടങ്ങാൻ പദ്ധതിയുണ്ടോയെന്ന് ട്വിറ്ററിൽ ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് ടെസ്‌ല സിഇഒയുടെ പ്രതികരണം. വിൽക്കാനും സർവീസ് ചെയ്യാനും അനുവദിക്കാത്ത ഒരിടത്തും ടെസ്‌ല നിർമാണശാല തുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന 30 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള കാറുകൾക്ക് 100 ശതമാനമാണ് ഇറക്കുമതി തീരുവ. അതിൽ താഴെ വിലയുള്ളതിന് 60 ശതമാനവും. ടെസ്‌ല കാറുകൾ 30 ലക്ഷംരൂപയ്ക്ക് മുകളിൽ വില വരുന്നതാണ്.

Summary: Tesla chief Elon Musk tells workers remote work 'no longer' acceptable: റിപ്പോർട്ട് 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News