ജോലി തേടിച്ചെന്ന നാരായണ മൂർത്തിയെ തിരിച്ചയച്ച വിപ്രോ, അസീം പ്രേംജിയുടെ അബദ്ധം; ഇൻഫോസിസ് ഉദയത്തെക്കുറിച്ച് നാരായണ മൂർത്തി

1981ൽ ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂർത്തി നൽകിയ 10,000 രൂപ കൊണ്ടാണ് നാരായണ മൂർത്തി ഇൻഫോസിസിനു തുടക്കമിടുന്നത്

Update: 2024-01-14 16:23 GMT
Editor : Shaheer | By : Web Desk

നാരായണ മൂര്‍ത്തി, അസീം പ്രേംജി

Advertising

മുംബൈ: ബഹുരാഷ്ട്ര കുത്തക ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ ഉദയത്തിലേക്കു നയിച്ച കൗതുകമുണർത്തുന്ന കഥ പറഞ്ഞ് സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തി. ഇന്ത്യൻ ഐ.ടി കമ്പനികളിൽ മുൻനിരക്കാരായ വിപ്രോയിൽ ഒരിക്കൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും അന്നു നിരാശപ്പെടേണ്ടിവന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിനുശേഷമാണ് സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും നാരായണ മൂർത്തി പറഞ്ഞു.

സി.എൻ.ബി.സി ടി.വി18ന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വിപ്രോ സ്ഥാപകനും മുൻ ചെയർമാനുമായ അസീം പ്രേംജി ഇതേക്കുറിച്ച് ഒരിക്കൽ തന്നോട് സംസാരിച്ചിരുന്നുവെന്നും നാരായണ മൂർത്തി പറഞ്ഞു. ''ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായിരുന്നു എന്നെ അന്ന് ജോലിയിലെടുക്കാതിരുന്നതെന്ന് അസീം പ്രേംജി ഒരിക്കൽ സമ്മതിച്ചിരുന്നു. നേരെ തിരിച്ചു സംഭവിച്ചിരുന്നെങ്കിൽ വിപ്രോയ്ക്ക് വലിയ മത്സരമൊന്നും നേരിടേണ്ടിവരുമായിരുന്നില്ല.''-നാരായണ മൂർത്തി കൂട്ടിച്ചേർത്തു.

1981ൽ ആറു സുഹൃത്തുക്കൾക്കൊപ്പമാണ് നാരായണ മൂർത്തി ഇൻഫോസിസിനു തുടക്കമിടുന്നത്. ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂർത്തി നൽകിയ 10,000 രൂപയിൽനിന്നായിരുന്നു കമ്പനിയുടെ തുടക്കം. നിലവിൽ വിപ്രോയെയും മറികടന്ന് ഇന്ത്യൻ ഐ.ടി കമ്പനികളിൽ മുൻനിരയിലേക്ക് കുതിക്കുകയാണ് ഇൻഫോസിസ്. 2024 ജനുവരി 12ന് 6.65 ലക്ഷം കോടി രൂപയാണ് ഇൻഫോസിസിന്റെ വിപണിമൂല്യം. വിപ്രോയുടേത് 2.43 ലക്ഷം കോടിയും.

അഹ്മദാബാദ് ഐ.ഐ.എമ്മിൽ റിസർച്ച് അസോഷ്യേറ്റ് ആയാണ് നാരായണ മൂർത്തിയുടെ കരിയറിനു തുടക്കം. ഇതിനുശേഷം ചീഫ് സിസ്റ്റംസ് പ്രോഗ്രാമറായി ജോലി ചെയ്തു. പിന്നീട് സോഫ്‌ട്രോണിക്‌സ് എന്ന പേരിൽ സ്വന്തമായൊരു ഐ.ടി കമ്പനി ആരംഭിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ഇൻഫോസിസ് എന്ന വിജയകരമായ പരീക്ഷണത്തിനിറങ്ങിയത്.

Summary: When Wipro rejected Narayana Murthy's job application: Infosys founder reveals untold story

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News