'മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയും രണ്ട് വീടുകളുമുണ്ട്'; ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച വയോധികക്ക് നേരെ സി.പി.എം സൈബർ ആക്രമണം
ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്ന ആരോപണം തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് മറിയക്കുട്ടിയും രംഗത്തെത്തി
ഇടുക്കി: അടിമാലിയിൽ പെൻഷൻ കിട്ടാത്തതിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച വയോധികയെ സിപിഎം പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതായി പരാതി.
മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും കോൺഗ്രസ് സി.പി.എമ്മിനെതിരെ മറിയക്കുട്ടിയെ ആയുധമാക്കുകയാണെന്നുമാണ് സി.പി.എം അനൂകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സി.പി.എം മുഖപത്രത്തിലടക്കം ഇത്തരത്തിലുള്ള വാർത്തകള്‍ വന്നിരുന്നു.
മറിയക്കുട്ടിയുടെ ബന്ധുക്കള്‍ വിദേശത്താണെന്നും സ്വന്തമായി ഇവർക്ക് രണ്ട് വീടുണ്ടെന്നും ഇതിലൊന്ന് വാടകക്ക് കൊടുത്തിരിക്കുകയുമാണെന്നാണ് ആരോപണം. അതേ സമയം ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്ന ആരോപണം തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് മറിയ കുട്ടിയും രംഗത്തെത്തി. തനിക്ക് അങ്ങനെ ഒരു വീടുണ്ടെങ്കിൽ സി.പി.എം അതിന്‍റെ പട്ടയം നൽകണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.
ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും പൊലീസിൽ പരാതിപ്പെടുമെന്നും മറിയക്കുട്ടി പറഞ്ഞു. എന്നാൽ മറിയക്കുട്ടിയുടെ ആരോപണങ്ങൾ സി.പി.എം നിഷേധിച്ചു.
ഏക വരുമാനമാർഗമായ പെൻഷൻ മുടങ്ങിയതോടെയാണ് 85 പിന്നിട്ട മറിയയും അന്നയും ഭിക്ഷയാചിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സർക്കാർ ഓഫീസുകളിൽ നിന്നാണ് ഇവർ ആദ്യം ഭിക്ഷയാചിക്കാൻ ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അടിമാലിയിലെ വിവിധ ഭാഗങ്ങളിൽ ഇവർ ഇത്തരത്തിൽ പ്രതിഷേധിക്കുന്നുണ്ട്.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇരുവരെയും അനുകൂലിച്ചും സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചും നിരവധിപേർ രംഗത്തുവന്നിരുന്നു.