ഒന്നും ചെയ്തില്ല; എന്നിട്ടും ആദില്‍ റാഷിദിന് റെക്കോര്‍ഡ് 

വിചിത്രമായൊരു റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ആദില്‍ റാഷിദ്. 

Update: 2018-08-13 10:22 GMT
Advertising

ഇന്ത്യ ഇന്നിങ്‌സിനും 159 റണ്‍സിനും തോറ്റ ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിചിത്രമായൊരു റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ആദില്‍ റാഷിദ്. സാധാരണ ബാറ്റുകൊണ്ടോ പന്ത് കൊണ്ടോ അല്ലെങ്കില്‍ ഫീല്‍ഡിങ്ങിലൊ ഒക്കെയാണ് റെക്കോര്‍ഡുകള്‍ പിറക്കാറ്. പക്ഷേ ഇതൊന്നും ചെയ്യാതെ റെക്കോര്‍ഡ് ബുക്കില്‍ കയറാവോ. റെക്കോര്‍ഡുകളുടെ കഥ അങ്ങനെയൊക്കെയാണ്. അത്തരമൊരു നേട്ടമാണ് ആദില്‍ റാഷിദിന് ലഭിച്ചിരിക്കുന്നത്.

ബൗള്‍ എറിയാതെ, ബാറ്റ് ചെയ്യാതെ, ക്യാച്ചോ റണ്‍ ഔട്ടില്‍ പോലും പങ്കാളിയാവാതെ ഒരു ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കി എന്ന അപൂര്‍വ റെക്കോര്‍ഡാണ് റാഷിദിനെ തേടിയെത്തിയത്. പക്ഷേ ഇങ്ങനെ കളി അവസാനിപ്പിക്കുന്ന ആദ്യ കളിക്കാരനൊന്നുമല്ല റാഷിദ്. ക്രിക്കറ്റ് ചരിത്രത്തില്‍ പതിനാലാമനാണ്. ഇന്ത്യ 107 റണ്‍സിന് പുറത്തായ ആദ്യ ഇന്നിങ്‌സില്‍ സ്പിന്നറായ റാഷിദിന് എറിയാന്‍ അവസരം ലഭിച്ചില്ല. ഇന്ത്യ ബാറ്റ് ചെയ്ത 35.2 ഓവര്‍ എറിത്തത് ഇംഗ്ലണ്ടിന്റെ പേസര്‍മാരായിരുന്നു. അതില്‍ തന്നെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ക്രിസ് വോക്‌സ് രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറ്റൊന്ന് റണ്‍ ഔട്ടായിരുന്നു. അതിലും പങ്കാളിയാവാനായില്ല.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് നിരയില്‍ ആദില്‍ റാഷിദിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. 396ന് ഏഴാം വിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലും റാഷിദിന് പന്തെറിയാന്‍ അവസരം ലഭിച്ചില്ല. 130 റണ്‍സിനാണ് എല്ലാവരും കൂടാരം കയറിയത്. ആദ്യ ഇന്നിങ്‌സില്‍ പന്തെറിഞ്ഞ നാല് പേര്‍ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിനായി എറിഞ്ഞത്. ഫീല്‍ഡിങ്ങില്‍ ആദിലിന്റെ സ്ഥാനം ബൗണ്ടറി ലൈനിനരികിലായിരുന്നു. സ്ലിപ്പിലല്ലാത്തതിനാല്‍ ക്യാച്ചിനും റണ്‍ഔട്ടിനുമുള്ള അവസരവും കുറവായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു സംഭാവനയും നല്‍കാത്ത താരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമുണ്ട്. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദില്‍ റാഷിദ് ടീമിലുണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 13, രണ്ടാം ഇന്നിങ്‌സില്‍ 16 എന്നിങ്ങനെയായിരുന്നു ബാറ്റുകൊണ്ടുള്ള റാഷിദിന്റെ സംഭാവന. 40 റണ്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Tags:    

Similar News