ഏഷ്യാ കപ്പിന് ശനിയാഴ്ച്ച തുടക്കമാവും
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ളവരില്ലാതെയാണ് ടീം ഇന്ത്യ എത്തുന്നത്
ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെൻറിന് ശനിയാഴ്ച തുടക്കം. ദുബൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. അഞ്ച് തവണ ഏഷ്യ കപ്പ് നേടിയ ശ്രീലങ്കയും അന്താരാഷ്ട്ര ഏകദിന റാങ്കിങ്ങിൽ ശ്രീലങ്കക്ക് മുന്നിലെത്തിയ ബംഗ്ലാദേശും ഏറ്റുമുട്ടുേമ്പാൾ വാശിയേറിയ മത്സരത്തിന് ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം സാക്ഷിയാകും.
ശ്രീലങ്കയുടെ യു.എ.ഇയിലെ അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദിൽരുവാൻ പെരേരയിലാണ് ശ്രീലങ്കൻ ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ച പെരേരക്ക് സമാന പ്രകടനം കാഴ്ചവെക്കാനായാൽ ശ്രീലങ്കക്ക് കാര്യങ്ങൾ എളുപ്പമാകും. കൈവിരലിനേറ്റ പരിക്ക് കാരണം ടെസ്റ്റ് ക്യാപ്റ്റൻ ദിനേശ് ചാണ്ഡിമൽ ടീമിലില്ലാത്തത് ശ്രീലങ്കക്ക് തിരിച്ചടിയാണ്. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ നിരോഷൻ ഡിക്വെല്ലയാണ് ദിനേശിന് പകരം ടീമിലെത്തിയിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് ഏഷ്യകപ്പ് ടൂർണമെൻറിൽനിന്നായി രണ്ട് റണ്ണേഴ്സപ് നേട്ടം കരസ്ഥമാക്കിയ ബംഗ്ലാദേശും ഏറെ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്. ടീമിലുണ്ടാകുമോയെന്ന് സംശയമുയർന്നിരുന്ന ഓൾ റൗണ്ടർ ഷാകിബ് ഹസൻ യു.എസിൽ നിന്നെത്തി ടീമിനോട് ചേർന്നത് ബംഗ്ലാദേശിന് കരുത്താകും.
ഇന്ത്യയും പാകിസ്താനുമുൾപ്പെടെ ആറ് ടീമുകൾ മത്സരിക്കുന്ന ടൂർണമെൻറ് ദുബൈയിലും അബൂദബിയിലുമായാണ് നടക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനലും ദുബൈയിലാണ്. സെപ്റ്റംബർ 19നാണ് ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം ദുബൈയിൽ നടക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളുടെയും മത്സരത്തിന് ദുബൈ ആതിഥ്യം വഹിക്കുന്നത്.
ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഉൾപ്പെടെ ചില കളിക്കാർ ടൂർണമെൻറിന് എത്താത്തത് ഇന്ത്യൻ ആരാധകരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താനും ഹോങ്കോങ്ങുമാണ് ടൂർണമെൻറിലെ മറ്റു ടീമുകൾ.