ക്യാപ്റ്റൻ അയ്യർ; റൺമല താണ്ടാതെ ഗുജറാത്ത്

പഞ്ചാബിന് 11 റൺസ് ജയം

Update: 2025-03-25 18:03 GMT
ക്യാപ്റ്റൻ അയ്യർ; റൺമല താണ്ടാതെ ഗുജറാത്ത്
AddThis Website Tools
Advertising

അഹ്മദാബാദ്: പഞ്ചാബ് കിങ്‌സിന്റെ നായകപദവിയിൽ ശ്രേയസ് അയ്യർക്ക് സമ്മോഹന തുടക്കം. അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞ അയ്യരും അവസാന ഓവറുകളിൽ ഫിനിഷറുടെ റോളിൽ നിറഞ്ഞാടിയ ശശാങ്ക് സിങ്ങും ചേർന്ന് പടുത്തുയർത്തിയ റൺമല കടക്കാൻ ഗുജറാത്തിനായില്ല. പഞ്ചാബ് ഉയർത്തിയ 244 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് 232 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഗുജറാത്തിനായി അർധ സെഞ്ച്വറികളുമായി ഓപ്പണർ സായ് സുദർശനും പിന്നീടെത്തിയ ജോസ് ബട്‌ലറും പൊരുതി നോക്കിയെങ്കിലും ആ പോരാട്ടങ്ങളൊക്കെ വിഫലമായി. അവസാന ഓവറുകളിൽ തകർത്തടിച്ച ഷെർഫാനെ റുഥർഫോഡിനും ഗുജറാത്തിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞില്ല. റുഥർഫോർഡ് 28 പന്തിൽ 46 റൺസെടുത്തു.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി പ്രിയാൻഷ് ആര്യയും ശ്രേയസ് അയ്യരും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ തന്നെ പ്രഭ്‌സിംറാൻ സിങ്ങിനെ പഞ്ചാബിന് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച പ്രിയാംഷ്- അയ്യർ ജോഡി സ്‌കോറുയർത്തി. പ്രിയാംഷ് പുറത്തായ ശേഷം ക്രീസിലെത്തിയവരൊക്കെ പെട്ടെന്ന് കൂടാരം കയറി. അസ്മത്തുല്ലാ ഒമർ സായി 16 റൺസെടുത്ത് മടങ്ങിയപ്പോൾ മാക്‌സ്വെൽ സംപൂജ്യനായി കൂടാരം കയറി. 20 റൺസായിരുന്നു മാർകസ് സ്‌റ്റോയിനിസിന്റെ സമ്പാദ്യം. ഈ സമയത്തൊക്കെ മറുവശത്ത് ക്യാപ്റ്റൻ അയ്യർ കൂറ്റനടികളുമായി സ്‌കോറുയർത്തിക്കൊണ്ടിരുന്നു.

പിന്നീടാണ് ശശാങ്ക് വെടിക്കെട്ടിൽ നരേന്ദ്ര മോദി സ്‌റ്റേഡിയം ആവേശക്കൊടുമുടിയേറിയത്. ഒരുവശത്ത് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന അയ്യർ ടീം സ്‌കോറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ശശാങ്കിന് ഇരട്ടിയൂർജമായി. അവസാന ഓവറിൽ നാല് തവണയാണ് മുഹമ്മദ് സിറാജിനെ ശശാങ്ക് അതിർത്തി കടത്തിയത്. 42 പന്തിൽ ഒമ്പത് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 97 റൺസുമായി അയ്യർ പുറത്താവാതെ നിന്നു. 16 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം ശശാങ്ക് സിങ് 44 റൺസെടുത്തു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News