പരിക്ക് വകവെക്കാതെ ടീമിനായി ഒറ്റക്കൈ കൊണ്ട് ബാറ്റ് വീശി ബംഗ്ലാദേശ് താരം

ബംഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റും നഷ്ടമായപ്പോള്‍ തമീംവീണ്ടും ക്രീസിലെത്തി. ഗുരുതരമായി പരിക്കേറ്റിട്ടും അത് വകവെക്കാതെയാണ് താരം ടീമിനായി കളത്തിലിറങ്ങിയത്

Update: 2018-09-16 02:40 GMT
Advertising

ബംഗ്ലാദേശ് -ശ്രീലങ്ക മത്സരം അത്യപൂര്‍വമായ ഒരുകാഴ്ചക്കും വേദിയായി. കൈത്തണ്ടക്ക് പരിക്കേറ്റ് മടങ്ങിയ ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍ പിന്നീട് ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്യാനെത്തിയതാണ് ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്.

രണ്ട് റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് തമീം ഇഖ്ബാലിന്‍ പരിക്കേല്‍ക്കുന്നത്. സുരന്‍ഗ ലക്ഷ്മണന്റെ പന്ത് നേരിടുന്നതിനിടയില്‍ കൈത്തണ്ടക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് റിട്ടയര്‍ഡ് ഹര്‍ട്ട് പ്രഖ്യാപിച്ച് കളിയില്‍ നിന്നും പിന്മാറി.

എന്നാല്‍ ബംഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റും നഷ്ടമായപ്പോള്‍ തമീംവീണ്ടും ക്രീസിലെത്തി. ഗുരുതരമായി പരിക്കേറ്റിട്ടും അത് വകവെക്കാതെയാണ് താരം ടീമിനായി കളത്തിലിറങ്ങിയത്. ഇടത് കൈതണ്ടയിലാണ് തമീമിന് പരിക്കേറ്റത്. ഇടംകൈയ്യന്‍ ബാറ്റസ്മാനായ തമീം വലത് കൈയ്യില്‍ ബാറ്റേന്തി ഒരു പന്ത് നേരിട്ടു. അവസാനവിക്കറ്റില്‍ മുഷ്ഫിക്കുര്‍ റഹ്മുമിന് മികച്ച പിന്തുണയാണ് താരം നല്‍കിയത്.

Full View

തമീം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പുറത്താവാതെ നിന്നത്. പരിക്കിനെ വകവെക്കാതെ ടീമിനായി കളത്തിലിറങ്ങിയ തമീമിനെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും. പരിക്ക് ഗുരുതരമായതിനാല്‍ തമീം ഇഖ്ബാലിന് ഇനിയുള്ള ഏഷ്യാകപ്പ് മത്സരങ്ങള്‍ നഷ്ടമാകും. താരം ഞായറാഴ്ച നാട്ടിലേക്ക് മടങ്ങും. ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച റണ്‍വേട്ടകാരിലൊരാളായ തമീമിന്റെ അസാന്നിദ്ധ്യം ടൂര്‍ണമെന്റില്‍ ടീമിന്റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിക്കാനാണ് സാധ്യത. നസമുല്‍ ഹൊസൈന്‍ ഷാന്റോ ആണ് തമീമിന് പകരക്കാരനായി അടുത്ത കളികളില്‍ ഇറങ്ങുക.

മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശ് 137 റണ്‍സിന് ജയിച്ചു. മുഷ്ഫിക്കുര്‍ റഹീമിന്റെ(144) സെഞ്ചുറി മികവില്‍ 261 റണ്‍സാണ് ബംഗ്ലാദേശ് എടുത്തത്. ശ്രീലങ്കയുടെ മറുപടി 124 റണ്‍സില്‍ ഒതുങ്ങി.

Tags:    

Similar News