ഗൗതം ഗംഭീറിന്റെ ബാറ്റിംഗില്‍ അടിതെറ്റി കേരളം

ഗൗതം ഗംഭീറിന്റെ ഗംഭീര സെഞ്ചുറി(151)യുടേയും ധ്രുവ് ഷോറെയുടെ(99*) മിന്നല്‍ ഇന്നിംങ്‌സിന്റേയും സഹായത്തില്‍ ഡല്‍ഹിക്ക് കേരളത്തിനെതിരെ 165 റണ്‍സിന്റെ ജയം

Update: 2018-09-28 14:23 GMT
Advertising

ഗൗതം ഗംഭീറിന്റെ ഗംഭീര സെഞ്ചുറി(151)യുടേയും ധ്രുവ് ഷോറെയുടെ(99*) മിന്നല്‍ ഇന്നിംങ്‌സിന്റേയും സഹായത്തില്‍ ഡല്‍ഹിക്ക് കേരളത്തിനെതിരെ 165 റണ്‍സിന്റെ ജയം. വിജയ് ഹസാരെ ട്രോഫിയിലാണ് ഡല്‍ഹി കേരളത്തിനെതിരെ കൂറ്റന്‍ ജയം നേടിയത്. സ്‌കോര്‍ ഡല്‍ഹി 50 ഓവറില്‍ 3ന് 392. കേരളം 50 ഓവറില്‍ 8ന് 227.

ടോസ് നേടി ഡല്‍ഹിയെ ബാറ്റിംങിനയച്ച തീരുമാനം മുതലേ കേരളത്തിന് പിഴച്ചു. തകര്‍ത്തടിച്ച ഡല്‍ഹി ഓപ്പണിംങ് സഖ്യം പിരിഞ്ഞത് 172 റണ്‍സിലെത്തിയപ്പോഴാണ്. 88 പന്തില്‍ 69 റണ്‍സെടുത്ത ഉന്മുക് ചന്ദാണ് ജഗദീശിന് വിക്കറ്റ് നല്‍കി മടങ്ങിയത്. അപ്പോഴും ഗൗതം ഗംഭീര്‍ തകര്‍ത്തടിക്കുകയായിരുന്നു. 18 ബൗണ്ടറിയും നാല് സിക്‌സറുകളുമാണ് ഗംഭീര്‍ കേരളത്തിനെതിരെ അടിച്ചുകൂട്ടിയത്. ഒടുവില്‍ 39.6 ഓവറില്‍ താരം റിട്ടയേഡ്ഔട്ടായി മടങ്ങിയപ്പോഴാണ് കേരളം ആശ്വസിച്ചത്. 69 പന്തില്‍ 99 റണ്‍ അടിച്ചുകൂട്ടിയ ധ്രുവ് ഷേണായിയുടെ ബാറ്റിംങും ഡല്‍ഹി സ്‌കോറിംങിന് വേഗത കൂട്ടി. ഏഴ് സിക്‌സറുകളും നാല് ബൗണ്ടറിയും ധ്രുവ് നേടി. വിഎ ജഗദീഷ് ഒഴികെയുള്ള കേരളത്തിന്റെ എല്ലാ ബൗളര്‍മാരും ഓവറില്‍ ഏഴ് റണ്‍സിലേറെയാണ് വഴങ്ങിയത്. എട്ട് പേര്‍ ബൗളര്‍മാരെ സച്ചിന്‍ ബേബി പരീക്ഷിക്കുകയും ചെയ്തു.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളത്തിന് കളിയുടെ ഒരവസരത്തിലും മേല്‍ക്കൈ ലഭിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ കേരളം 165 റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു. സഞ്ജു സാംസണ്‍(47) സച്ചിന്‍ ബേബി(47) വിഎ ജഗദീശ്(59*) എന്നിവര്‍ മാത്രമാണ് കേരളത്തിന്റെ പരാജയ ആഘാതം കുറക്കാന്‍ ശ്രമിച്ചത്. ഡല്‍ഹിക്ക് വേണ്ടി പവന്‍ നേഗി മൂന്നുവിക്കറ്റും നവ്ദീപ് സൈനി, നിധീഷ് റാണ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

Tags:    

Similar News