തൊണ്ണൂറുകളില്‍ വീണ്ടും വീണ് പന്ത്; രാഹുല്‍ ദ്രാവിഡിന് ശേഷം ആദ്യം
തുടര്‍ച്ചയായ രണ്ടാം മത്സരത്തിനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷബ് പന്തിന് സെഞ്ച്വറി നഷ്ടം.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷബ് പന്തിന് സെഞ്ച്വറി നഷ്ടം. ഹൈദരാബാദ് ടെസ്റ്റില്‍ 92 റണ്‍സാണ് താരം നേടിയത്. രാജ്‌കോട്ട് ടെസ്റ്റിലും പന്ത് 92 റണ്‍സിലാണ് പുറത്തായത്. രണ്ടിലും അര്‍ഹിച്ച സെഞ്ച്വറിയാണ് ഇന്ത്യയുടെ ഈ ഭാവി വിക്കറ്റ് കീപ്പര്‍ക്ക് നഷ്ടമായത്. ഗബ്രിയേലാണ് പന്തിനെ പുറത്താക്കിയത്. ഹെറ്റ്മയര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ഈ പുറത്താവലിനൊരു പ്രത്യേകത കൂടിയുണ്ട്. തുടര്‍ച്ചയായ രണ്ട് ഇന്നിങ്‌സുകളില്‍ 90ല്‍ പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്നതാണത്.
ഇന്ത്യക്കായി രാഹുല്‍ ദ്രാവിഡ് 1997ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്. 92,93 എന്നിങ്ങനെയായിരുന്നു ദ്രാവിഡിന്റെ സ്‌കോര്‍. എന്നാല്‍ ഒരെ സ്‌കോറില്‍ രണ്ട് ഇന്നിങ്‌സിലും പുറത്തായി എന്നത് പുതിയതാണ്. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ സെഞ്ച്വറി നേടിയ പന്ത് ടെസ്റ്റില്‍ മികച്ച ഫോം തുടരുകയാണ്. അന്ന് 114 റണ്‍സാണ് താരം നേടിയത്. പിന്നാലെ വന്ന രണ്ട് ടെസ്റ്റുകളായിരുന്നു രാജ്‌കോട്ടിലേതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹൈദരാബാദിലേതും. സെഞ്ച്വറി നേടാനായില്ലെങ്കിലും ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ പന്തിനായി.