സച്ചിനോ അതോ കോഹ്‌ലിയോ? ഈ കണക്കുകള്‍ നോക്കൂ...
സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് എന്നല്ല ലോക ക്രിക്കറ്റില്‍ റണ്‍സിന്റെയോ സെഞ്ച്വറികളുടെയോ കാര്യത്തില്‍ എന്തെല്ലാം റെക്കോര്‍ഡുകള്‍ ആരൊക്കെ സ്വന്തമാക്കിയിട്ടുണ്ടോ അതെല്ലാം തകര്‍ക്കുകയാണ് കോഹ്‌ലി
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ചര്‍ച്ച കേമനാരാണെന്നതിനെക്കുറിച്ചാ ണ്. ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറോ അതോ ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയോ. സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് എന്നല്ല ലോക ക്രിക്ക റ്റില്‍ റണ്‍സിന്റെയോ സെഞ്ച്വറികളുടെയോ കാര്യത്തില്‍ എന്തെല്ലാം റെക്കോര്‍ഡുകള്‍ ആരൊക്കെ സ്വന്തമാക്കിയിട്ടുണ്ടോ അതെല്ലാം തകര്‍ക്കുകയാണ് ഇന്ത്യന്‍ നായകനിപ്പോള്‍, അതും അതിവേഗത്തില്‍. ഇന്നലെ വിശാഖപ്പട്ടണം ഏകദിനത്തില്‍ കോഹ്‌ലി പതിനായിരം റണ്‍സ് നേടുമ്പോള്‍ അതൊരു നേട്ടമായി. വേഗത്തില്‍ പതിനായിരം പിന്നിടുന്ന താരം എന്ന നേട്ടമാണ് കോഹ്‌ലിയെ തേടിയെത്തിയത്. മറികടന്നത് സച്ചിനെയും. 259 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്റെ പതിനായിര മെങ്കില്‍ കോഹ്‌ലി ഈ നേട്ടത്തിലെത്തിയത് വെറും 205 ഇന്നിങ്‌സുകളില്‍ നിന്നായി. അതായത് സച്ചിന്‍ കളിച്ചതിനേക്കാള്‍ 54 ഇന്നിങ്‌സ് കുറവ്.
സച്ചിന്‍ നേരിട്ടതിനേക്കാള്‍ മാരക ബൗളര്‍മാരെയാന്നും കോഹ്‌ലി നേരിട്ടില്ലെന്നും ബാറ്റ്‌സ്മാന് ഇത്രയും അനുകൂലമായ നിയമങ്ങള്‍ സച്ചിന് ഉണ്ടായിരുന്നില്ലെന്നുമുള്ള ചര്‍ച്ചകളും ഒപ്പം നടക്കുന്നുണ്ട്. സച്ചിന്റെയും കോഹ്‌ലിയുടെയും ബാറ്റിങ് ശൈലികള്‍ തന്നെ വ്യത്യസ്തമാണ്. ഇറങ്ങിയ പൊസിഷനില്‍ വരെ മാറ്റമുണ്ട്. 66 ഇന്നിങ്‌സുകള്‍ വരെ സച്ചിന്‍ കളത്തിലെത്തിയത് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനെന്ന നിലയിലാണ്. അതിന് ശേഷമാണ് സച്ചിന്‍ ഓപ്പണര്‍ സ്ഥാനത്ത് എത്തുന്നത് തന്നെ. എന്നാല്‍ കോഹ്ലി 153 ഇന്നിങ്‌സുകള്‍ കളിച്ചത് മൂന്നാം നമ്പറിലാണ്. അഞ്ച് തവണ ഇന്നിങ്‌സ് ഓപ്പണും ചെയ്തു. അതായത് കോഹ്‌ലിക്ക് ബാറ്റിങില്‍ ലഭിച്ച അവസരങ്ങളത്രയും സച്ചിന് ലഭിച്ചിട്ടില്ലെന്ന്. പതിനായിരത്തിലേക്ക് കോഹ്ലിക്ക് എളുപ്പത്തില്‍ എത്തിയത് അതൊരു കാരണമാവാം.
അതേസമയം ഇങ്ങനയൊരു അവസരം കോഹ്‌ലിക്ക് ലഭിച്ചിട്ടുണ്ട് എന്നിരിക്കെ തന്നെ അദ്ദേഹത്തിന്റെ കഴിവിനെ കുറച്ചുകാണിക്കാനാവില്ല. മൂന്നാം നമ്പറിലും ഒന്നാമനായും ഇറങ്ങിയിട്ടും കാര്യമില്ല, നന്നായി കളിക്കണം. 24 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 1000 റണ്‍സ് കണ്ടെത്തുന്നത്. സച്ചിനത് നേടാന്‍ 34 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നു. എന്നാല്‍ വേഗത്തില്‍ ആയിരം കടന്നുവെന്ന നേട്ടം കോഹ്‌ലിയുടെ പേരിലല്ല. പാകിസ്താന്റെ ഓപ്പണര്‍ ഫഖര്‍ സമാനാണ് വെറും 18 ഇന്നിങ്‌സുകളില്‍ നിന്ന് അടുത്ത കാലത്ത് നേട്ടം സ്വന്തമാക്കിയത്. ഫഖര്‍ സമാന് മുമ്പ് വെസ്റ്റ്ഇന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലായിരുന്നു ഈ നേട്ടം. 21 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നു, റിച്ചാര്‍ഡ്സിന്. എന്നാല്‍ വേഗത്തില്‍ 8000, 9000, എന്നിവ നേടിയത് കോഹ്‌ലിയാണ്.
കോഹ്‌ലി അവസാനത്തെ ആയിരം റണ്‍സ് കണ്ടെത്തിയത് വെറും പതിനൊന്ന് ഇന്നിങ്‌സുകളില്‍ നിന്നാണെന്ന് അറിയുമ്പോഴാണ് കോഹ്‌ലി ശരിക്കും അല്‍ഭുതപ്പെടുത്തുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ കോഹ്‌ലിയുടെ പേരിലാണ് ഈ നേട്ടം. സച്ചിന്‍ 8000 റണ്‍സ് നേടാന്‍ 210 ഇന്നിങ്‌സുകള്‍ എടുത്തെങ്കില്‍ കോഹ്ലി നേടിയത് 175 ഇന്നിങ്‌സുകളില്‍. 9000 റണ്‍സ് നേടാന്‍ കോഹ്‌ലി 194 ഇന്നിങ്‌സുകളെ എടുത്തുള്ളൂവെങ്കില്‍ സച്ചിന് 235 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നു. അതേസമയം കോഹ്‌ലി അവസാനത്തെ ആയിരം റണ്‍സ് കണ്ടെത്തിയത് വെറും പതിനൊന്ന് ഇന്നിങ്‌സുകളില്‍ നിന്നാണെന്ന് അറിയുമ്പോഴാണ് കോഹ്‌ലി ശരിക്കും അല്‍ഭുതപ്പെടുത്തുന്നത്. ഇതൊരു ലോക റെക്കോര്‍ഡാണ്. മറ്റൊരു താരത്തിന് ഇങ്ങനെയാരു നേട്ടം സ്വന്തമാക്കാനാവുമോ? സംശയമാണെന്ന് പറയേണ്ടിവരും.
ഇനി കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് നോക്കുക, 92.5 ആണ്. അതായത് വേഗത്തില്‍ പതിനായിരം കടന്ന ബാറ്റ്‌സ്മാന്മാരില്‍ തന്നെ ഉയര്‍ന്നത്. ഇവിടെയാണ് കോഹ്‌ലിയുടെ ബാറ്റിങ് ശൈലി വിലയിരുത്തേണ്ടത്. സച്ചിനെപ്പോലെ പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ് അല്ല കോഹ്‌ലിയുടെ ത്. ആക്രമണ ശൈലിയാണ്. അതില്‍ തന്നെ നല്ല നിയന്ത്രണവുമുണ്ട്. നല്ല പന്തുകളെപ്പോലും ഫീല്‍ഡര്‍ക്കിടയിലൂടെ പായിക്കുന്ന കോഹ്ലി വ്യത്യസ്തനുമാണ്. ഈ അറ്റാക്കിങ് ബാറ്റിങ് ശൈലിയാണ് ടെസ്റ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലിക്ക് തകര്‍ക്കാനാവില്ലെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ സച്ചിനുമായുള്ള താരതമ്യം കോഹ്‌ലി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം അത് പലകുറി വ്യക്തമാക്കിയതുമാണ്. സച്ചിനെ കണ്ട്, അദ്ദേഹത്തിന്റെ ബാറ്റിങില്‍ പ്രചോദനം ഉള്‍കൊണ്ട് ബാറ്റേന്തുന്ന കോഹ്‌ലിക്ക്, താന്‍ സച്ചിനെക്കാള്‍ കേമനെന്ന ചര്‍ച്ചകള്‍ എങ്ങനെ ഇഷ്ടപ്പെടാനാണ്. കളിക്കളത്തില്‍ റെക്കോര്‍ഡുകള്‍ എന്നത് തകര്‍ക്കപ്പെടാനുള്ളതാണ്. ഇന്നലെ അത് സച്ചിനാണെങ്കില്‍ ഇന്നത് കോഹ്‌ലി നാളെയത് വേറൊരു ബാറ്റ്‌സ്മാനായിരിക്കും. അത്രയുള്ളൂ. എന്നിരുന്നാലും റെക്കോര്‍ഡിലേക്ക് എത്താനുള്ള സമയം ഏവരെയും അമ്പരപ്പിക്കും.