ആസ്ത്രേലിയ പിടിക്കാന്‍ സെവാഗ് പറഞ്ഞ് തരും തന്ത്രം
മികച്ച കളി പുറത്തെടുക്കാന്‍ കഴിവുള്ള രോഹിത്തിനെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനോട് സെവാഗ് അതൃപ്തി പ്രകടിപ്പിച്ചു.
ട്വന്റി20 പരമ്പര സമനിലയില്‍ പിരിഞ്ഞ ശേഷം ടെസ്റ്റ് സീരീസിനായുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മൂന്ന് ഓപ്പണര്‍മാരുമായി ഇറങ്ങുന്ന ഇന്ത്യന്‍ സ്ക്വാഡിന്, ആസ്ത്രേലിയന്‍ പരീക്ഷ നേരിടാനുള്ള തന്ത്രം പറഞ്ഞു കൊടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. തുടക്കം മുതല്‍ക്കേ ആക്രമിച്ച് കളിക്കുക എന്നതാണ് ആസ്ത്രേലിയ പിടിക്കാനുള്ള മാര്‍ഗമെന്നാണ് വീരുവിന്റെ ഉപദേശം.
ഓപ്പണര്‍മാരായി മുരളി വിജയ്, കെ.എല്‍ രാഹുല്‍, പൃഥ്വി ഷാ എന്നീ മൂന്ന് പേരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഇതില്‍ മുരളി വിജയിയും, കെ.എല്‍ രാഹുലും സ്ഥിരതയില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ പൃഥ്വി ഷാ, ആദ്യ മത്സരത്തിലൂടെ തന്റെ കഴിവ് തെളിയിക്കുകയുണ്ടായിരുന്നു. അക്രമോത്സുക കളി കാഴ്ച്ച വെക്കുന്ന പൃഥ്വി ഷായും, രാഹുലും ആസ്ത്രേലിയക്കെതിരെ ഓപ്പണിങ്ങിനിറങ്ങണമെന്നാണ് സെവാഗ് അഭിപ്രായപ്പെടുന്നത്. റണ്‍സ് കണ്ടെത്തുന്നതിലെ സ്ഥിരതയാണ് ആസ്ത്രേലിയക്കെതിരെ സ്വീകരിക്കേണ്ടതെന്നും സെവാഗ് പറഞ്ഞു.
മികച്ച കളി പുറത്തെടുക്കാന്‍ കഴിവുള്ള രോഹിത്തിനെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനോട് സെവാഗ് അതൃപ്തി പ്രകടിപ്പിച്ചു. അവസരത്തിനൊത്ത കളി പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് രോഹിത്ത്. ഏകദിനത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറി സ്വന്തം പേരിലുള്ള രോഹിത്തിനെ ആസ്ത്രേലിയക്കെതിരായ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ല. ഇതേ കുറിച്ച് വളരെ മുമ്പേ തന്നെ താന്‍ പരാതി പറഞ്ഞിരുന്നതാണെന്നും സെവാഗ് പറഞ്ഞു.
ഡിസംബര്‍ ആറിന് അഡ്ലെയിഡിലാണ് ആദ്യ ടെസ്റ്റ് മത്സരം. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടും.