നിര്‍ഭയ കേസിലെ വീഴ്ച മറക്കാന്‍ ശ്രീശാന്തിനെ ബലിയാടാക്കി; ഗുരുതര ആരോപണവുമായി ശ്രീശാന്തിന്റെ ഭാര്യ 

നിര്‍ഭയ കേസില്‍ സംഭവിച്ച വീഴ്ച മറയ്ക്കാനും രാജിവെയ്ക്കാനുള്ള സമര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണ് വാതുവയ്പ്പ് കേസെന്ന് ഭുവനേശ്വരി ആരോപിക്കുന്നു. 

Update: 2018-11-28 11:14 GMT
Advertising

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുടെ വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിന് പിന്തുണയുമായി ഭാര്യ ഭുവനേശ്വരി. കേസ്, ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ഭുവനേശ്വരി ആരോപിക്കുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലൂടെയായിരുന്നു ഭുവനേശ്വരിയുടെ മറുപടി. ഇതാദ്യമായാണ് കേസിലും വിലക്കിലും ഭുവനേശ്വരി പരസ്യമായി പ്രതികരിക്കുന്നത്. നിര്‍ഭയ കേസില്‍ സംഭവിച്ച വീഴ്ച മറയ്ക്കാനും രാജിവെയ്ക്കാനുള്ള സമര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണ് ശ്രീശാന്തിനെതിരെയുള്ള വാതുവയ്പ്പ് കേസെന്ന് ഭുവനേശ്വരി കത്തില്‍ ആരോപിക്കുന്നു. ശ്രീയെ ബലിയാടാക്കുകയായിരുന്നു.

ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച ഭുവനേശ്വരി, ആ ഓവറില്‍ ശ്രീ എറിഞ്ഞ പന്തുകളെപ്പറ്റി കമന്‍റേറ്റര്‍മാര്‍ പറഞ്ഞ വീഡിയോ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. എപ്പോഴത്തെയും പോലെ ആവേശത്തോടെയാണ് ശ്രീ അന്നും പന്തെറിഞ്ഞത്. അന്ന് മത്സരം നടക്കുമ്പോള്‍ 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. അതുകൊണ്ടുതന്നെ വിയര്‍പ്പ് തുടയ്ക്കാന്‍ എല്ലാവരും തന്നെ ടവ്വല്‍ ധരിച്ചിരുന്നു. വാതുവെയ്പ്പുകാരനാണെന്ന് പോലീസ് പറയുന്ന ജിജു, ഒരു പ്രഫഷണല്‍ രഞ്ജി ട്രോഫി താരവും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിച്ചിരുന്നയാളുമാണ്. അതിനായി ശ്രീ സഹായം നല്‍കുകയും ചെയ്തിരുന്നു. ഇരുവരും എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ ആയിരുന്നതിനാല്‍ സുഹൃത്തുക്കളുമായിരുന്നുവെന്നും കത്തില്‍ പറയുന്നു.

കേസില്‍ കോടതി ശ്രീക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണ്. എന്നിട്ടും ബി.സി.സി.ഐ ഇപ്പോഴും കാര്യങ്ങള്‍ പിടിച്ചുവെയ്ക്കുകയാണ്. ശ്രീയേപ്പോലൊരാള്‍, രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തലത്തിലേക്ക് താഴില്ലെന്നും കുറച്ചു ലക്ഷങ്ങള്‍ക്കായി സ്വന്തം കരിയര്‍ നശിപ്പിക്കില്ലെന്നും ഭുവനേശ്വരി വ്യക്തമാക്കുന്നു. കേസില്‍ കോടതി ശ്രീയെ വെറുതെ വിട്ടിട്ടും ബിസിസിഐ അയയാതെ നില്‍ക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് ശ്രീ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്. അഴിമതിക്കെതിരെയാണ് ബിസിസിഐ എങ്കില്‍ മുഗ്ധല്‍ കമ്മിറ്റി സീല്‍ ചെയ്ത് കവറിലിട്ട് കൊടുത്ത 13 പേരുടെ പേര് വെളിപ്പെടുത്തണമെന്നും ഭുവനേശ്വരി ആവശ്യപ്പെടുന്നുണ്ട്.

ബിഗ് ബോസ് മത്സരാര്‍ഥിയായ ശ്രീശാന്ത് താന്‍ കേസിന്‍റെ കാലത്ത് അനുഭവിച്ച ദുരന്തങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. വീണ്ടും ശ്രീശാന്ത് വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണ് ബിസിസിഐയുടെ നിലപാടിനെ ചോദ്യം ചെയ്തും ഡല്‍ഹി പൊലീസിനെതിരെ ആരോപണം ഉന്നയിച്ചും ശ്രീശാന്തിന്‍റെ ഭാര്യ എത്തിയിരിക്കുന്നത്.

Tags:    

Similar News