സെലക്ടര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ പേസര്‍മാര്‍

എല്‍ ശിവരാമകൃഷ്ണന്‍, അബി കുരുവിള, ചേതന്‍ ശര്‍മ്മ, നയന്‍ മോംഗിയ തുടങ്ങിയ പ്രമുഖരും ദേശീയ സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്...

Update: 2020-01-25 05:54 GMT
Advertising

ഇന്ത്യക്കുവേണ്ടി ദീര്‍ഘകാലം കളിച്ച് പരിചയമുള്ള പേസ് ബൗളര്‍മാരായ അജിത് അഗാര്‍ക്കറും വെങ്കിടേഷ് പ്രസാദും അടക്കം എട്ട് പേര്‍ ദേശീയ സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചു. എം.എസ്.കെ പ്രസാദിനും ദേവാങ് ഗാന്ധിക്കും പകരക്കാരെ കണ്ടെത്തുന്നതിനാണ് ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്. വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി കഴിഞ്ഞിരുന്നു.

ബി.സി.സി.ഐ തലപ്പത്തുള്ള മുന്‍ ക്യാപ്റ്റന്‍ ഗാംഗുലിയുമൊത്ത് ദീര്‍ഘകാലം കളിച്ച് പരിചയമുള്ളവരാണ് പ്രസാദും അഗാര്‍ക്കറും. ഇത് ഇവര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം പരിചയസമ്പത്തിന് പ്രാധാന്യം നല്‍കിയാല്‍ എല്‍ ശിവരാമകൃഷ്ണനും പ്രസാദിനുമാകും സാധ്യത. ക്രിക്കറ്റ് ഉപദേശക സമിതിയെ ഇതുവരെ ബി.സി.സി.ഐ നിയമിച്ചിട്ടില്ല. സി.എ.സിയുടെ വരവോടെ കാര്യങ്ങള്‍ കൂടുതല്‍ മാറി മറിയാനും സാധ്യതയുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്

ദേശീയ ജൂനിയര്‍ സെലക്ടറായി മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു പരിചയമുണ്ട് വെങ്കിടേഷ് പ്രസാദിന്. അഗാര്‍ക്കറാകട്ടെ മുംബൈ സെലക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാനായി രണ്ട് വര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിന്റെ അവസാനത്തില്‍ പ്രസാദ് ഇന്ത്യയുടെ ബൗളിംങ് പരിശീലകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ജൂനിയര്‍ ടീമിന്റെ സെലക്ടറായി 2012കാലത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട് അബി കുരുവിള. അക്കാലത്ത് അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ നേടിയതും അബി കുരുവിളക്ക് അനുകൂലമാണ്.

ദേശീയ സെലക്ടര്‍ സ്ഥാനത്തേക്കുള്ള പ്രധാന അപേക്ഷകര്‍

അജിത്ത് അഗാര്‍ക്കര്‍, വെങ്കിടേഷ് പ്രസാദ്, ചേതന്‍ ശര്‍മ്മ, നയന്‍മോംഗിയ, അബി കുരുവിള, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, രാജേഷ് ചൗഹാന്‍, അമയ് ഖുറേസിയ.

Tags:    

Similar News