സിക്സുകളുടെ എണ്ണത്തിൽ ക്രിസ് ഗെയിലിനൊപ്പം’; അവസാന മത്സരത്തിൽ ‘അവിശ്വസനീയമായ’ റെക്കോർഡുമായി ടിം സൗത്തി
വെല്ലിങ്ടൺ: തന്റെ അവസാന ടെസ്റ്റ് മത്സരത്തിൽ പുതിയ റെക്കോർഡുമായി ന്യൂസിലാൻഡ് പേസ് ബൗളർ ടിം സൗത്തി. ടെസ്റ്റ് മത്സരങ്ങളിലെ സിക്സുകളുടെ എണ്ണത്തിൽ ലോകക്രിക്കറ്റിലെ എക്കാലത്തെയും വിനാശകാരിയായ ബാറ്റർമാരിൽ ഒരാളായ ക്രിസ് ഗെയിലിനൊപ്പം സൗത്തിയും എത്തി. ഇംഗ്ലണ്ടിനെതിരെ നടന്നുവരുന്ന മൂന്നാം ടെസ്റ്റിൽ നേടിയ മൂന്ന് സിക്സറുകളോടെയാണ് സൗത്തി ഗെയിലിനൊപ്പമെത്തിയത്. 98 സിക്സറാണ് ഇരുവരും നേടിയത്. ഇത് തന്റെ അവസാന ടെസ്റ്റാകുമെന്ന് സൗത്തി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ബെൻ സ്റ്റോക്ക്സ് (133), ബ്രൻഡൻ മക്കല്ലം (107), ആഡം ഗിൽക്രിസ്റ്റ് (100) എന്നീ മൂന്ന് പേർ മാത്രമാണ് ഇനി സൗത്തിക്ക് മുന്നിലുള്ളത്. 36കാരനായ സൗത്തി 107 ടെസ്റ്റുകളിൽ നിന്നാണ് സൗത്തി ഇത്രയും സിക്സറുകൾ കുറിച്ചത്. അവസാന ടെസ്റ്റിനായി കളത്തിലിറങ്ങിയ സൗത്തി 10 പന്തുകളിൽ 23 റൺസാണെടുത്തത്. മൂന്ന് സിക്സറുകളും ഇതിലുൾപ്പെടും. അവസാന മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ സൗത്തിയെ ഇംഗ്ലീഷ് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.
പേസ്ബൗളറായ സൗത്തി മറ്റുള്ള താരങ്ങളേക്കാൾ അതിവേഗത്തിലാണ് സിക്സറുകൾ നേടിയത്. ഉദാഹരണമായി ക്രിസ്ഗെയിൽ 98 സിക്സറുകൾ നേടാൻ 11915 പന്തുകൾ നേരിട്ടിട്ടുണ്ട്. എന്നാൽ ടിം സൗത്തി വെറും 2708 പന്തുകളിൽ നിന്നാണ് ഇത്രയും സിക്സറുകൾ അടിച്ചത്. ടെസ്റ്റിൽ 389 വിക്കറ്റുകളും ആകെ 2220 റൺസുമാണ് സൗത്തിയുടെ സമ്പാദ്യം. ഏഴ് അർധ സെഞ്ച്വറികൾ നേടിയുടെ സൗത്തിയുടെ ഉയർന്ന സ്കോർ 77 ആണ്.