അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം ആശ ശോഭന; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

Update: 2024-05-06 16:39 GMT
Editor : safvan rashid | By : Sports Desk
Advertising

ധാക്ക: ബംഗ്ലദേശിനെതിരായ നാലാം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 56 റൺസിന്. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മലയാളി താരം ആശ ശോഭന മൂന്നോവറിൽ 18 റൺസ് മാത്രം വിട്ടുനൽകി രണ്ടുവിക്കറ്റുകളുമെടുത്തു. തിരുവനന്തപുരം സ്വദേശിയായ ആശ വനിത ഐ.പി.എല്ലിൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമംഗമായിരുന്നു. വയനാട് സ്വദേശിനിയായ എസ്. സജനയും മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. അഞ്ചുപന്തിൽ എട്ടുറൺസുമായി സജന മത്സരത്തിൽ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കായി 39 റൺസെടുത്ത ഹർമൻ പ്രീത് കൗർ, 24 റൺസെടുത്ത റിച്ച ഘോഷ്, 22റൺസ് വീതമെടുത്ത ഹേമലത, സ്മൃതി മന്ദാന എന്നിവർ തിളങ്ങിയപ്പോൾ 14 ഓവറിൽ കുറിച്ചത് 122 റൺസ്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 125 റൺസായി പുനർ നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് 7 വിക്കറ്റ് നഷ്ടത്തിൽ 68 റൺസെടുക്കാനേ ആയുള്ളൂ.

രണ്ടുവിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമ, ആശ ശോഭന, ഒാരോ വിക്കറ്റുകൾ വീഴ്ത്തിയ പൂജ വസ്ത്രാകർ, രാധ യാദവ് എന്നിവരെ അതിജീവിക്കാൻ ബംഗ്ലാദേശിനായില്ല. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ഇന്ത്യയുടെ നാലാം ജയമാണിത്. അഞ്ചാം മത്സരം മെയ് 9ന് നടക്കും.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News