ഗുജറാത്ത് ബൗളിംഗിൽ വലഞ്ഞ് ഡൽഹി; എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്
മൂന്നു വീതം വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമിയും റാഷിദ് ഖാനും
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫുമാണ് തലസ്ഥാനത്തെ ഐ.പി.എൽ ടീമിനെ ഒതുക്കിയത്. നായകനും ഓപ്പണറുമായ ഡേവിഡ് വാർണർ (37), സർഫറാസ് ഖാൻ(30), അക്‌സർ പട്ടേൽ(36) എന്നിവരാണ് താരതമ്യേന പൊരുതിയത്. അഭിഷേക് പൊരേൽ 20 റൺസ് നേടി.
മത്സരം തുടങ്ങി മൂന്നാം ഓവറിൽ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണിരുന്നു. ഓപ്പണറായ പൃഥ്വി ഷായെ മുഹമ്മദ് ഷമിയുടെ പന്തിൽ അൽസാരി ജോസഫ് പിടികൂടി. അഞ്ച് പന്തിൽ ഏഴ് റൺസാണ് താരം നേടിയത്. അഞ്ചാം ഓവറിൽ ഷമി അടുത്ത വിക്കറ്റും വീഴ്ത്തി. മിച്ചൽ മാർഷിനെ ബൗൾഡാക്കിയാണ് തിരിച്ചയച്ചത്. നാലു പന്തിൽ ഒരു ഫോറുമായി നാല് റണ്ണായിരുന്നു നേട്ടം. ഡേവിഡ് വാർണർ ഒമ്പതാം ഓവറിൽ അൽസാരി ജോസഫിന്റെ പന്തിൽ ബൗൾഡായി. അടുത്ത പന്തിൽ തന്നെ റിലീ റൂസ്സോയും തിരിച്ചുനടന്നു. ജോസഫിന്റെ പന്തിൽ തേവാട്ടിയ പിടിച്ചാണ് പുറത്തായത്. പൂജ്യം റൺസായിരുന്നു സമ്പാദ്യം. 13ാം ഓവറിൽ അഭിഷേക് പൊരേലിനെ റാഷിദ് ഖാൻ ബൗൾഡാക്കി. പൊരുതിക്കളിഞ്ഞ സർഫറാസിനെയും അമാൻ ഹകീം ഖാനെയും റാഷിദ് പുറത്താക്കി. അക്‌സറിനെ മുഹമ്മദ് ഷമി മില്ലറുടെ കൈകളിലെത്തിച്ചു.
അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് സംഘമെത്തിയത്. എന്നാൽ ലഖ്നൗ സൂപ്പർ ജയൻറ്സിനോട് 50 റൺസിന് തോറ്റാണ് ഡൽഹി രണ്ടാം മത്സരം കളിക്കുന്നത്. ഗുജറാത്തിനോട് തോറ്റ സി.എസ്.കെ ഡൽഹിയോട് ജയിച്ച ലഖ്നൗവിനെ കഴിഞ്ഞ ദിവസം ദിവസം തോൽപ്പിച്ചിരുന്നു.
ഡൽഹി ഇലവൻ
പൃഥ്വി ഷാ, ഡേവിഡ് വാർണർ(നായകൻ), മിച്ചൽ മാർഷ്, റിലീ റൂസ്സോ, സർഫറാസ് ഖാൻ(വിക്കറ്റ് കീപ്പർ), അക്‌സർ പട്ടേൽ, അഭിഷേക് പൊരേൽ, കുൽദീപ് യാദവ്, അമാൻ ഖാൻ, മുകേഷ് കുമാർ, ആൻട്രിച് നോർജെ.
അഭിഷേക് പൊരേലിന്റെ ഐ.പി.എൽ അരങ്ങേറ്റമാണ് ഗുജറാത്തിനെതിരെയുള്ള മത്സരം.
ഇംപാക്ട് താരങ്ങൾ: ലളിത് യാദവ്, റോവൻ പവൽ, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, മനീഷ് പാണ്ഡ്യേ.
ഗുജറാത്ത് ഇലവൻ:
വൃദ്ധിമാൻ സാഹ (വിക്കറ്റ്കീപ്പർ), ശുഭ്മാൻ ഗിൽ, ഹർദിക് പാണ്ഡ്യ(നായകൻ), സായ് സുദർശൻ, രാഹുൽ തേവാട്ടിയ, ഡേവിഡ് മില്ലർ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ്.
ഇംപാക്ട് താരങ്ങൾ:
സായ് കിഷോർ, വിജയ് ശങ്കർ, ജയന്ത് യാദവ്, അഭിനവ് മനോഹർ, ശ്രീകാർ ഭരത്.
Delhi Capitals scored 162 runs for the loss of eight wickets in the allotted 20 overs against Gujarat Titans in the Indian Premier League.