രൂപ ഇനിയുമിടിയും, ഇന്ധനവില കുതിക്കും; ഫെഡ് റിസർവ് തീരുമാനത്തിന്റെ ആഘാതത്തിൽ ഇന്ത്യൻ വിപണി
1994ന് ശേഷം ആദ്യമായാണ് യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് ഇത്രയും വർധിപ്പിക്കുന്നത്.
ന്യൂഡൽഹി: പണപ്പെരുപ്പം പിടിച്ചുനിർത്താൻ അടിസ്ഥാന പലിശ നിരക്കുകൾ 75 പോയിന്റ് ഉയർത്തിയ യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനം ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങൾക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. വികസ്വര വിപണികളിൽനിന്ന് കൂടുതൽ വിദേശനിക്ഷേപം പിൻവലിക്കാൻ ഇട വരുത്തുന്നതാണ് ഫെഡ് ബാങ്ക് നടപടി. ഡോളർ കൂടുതൽ കരുത്താർജ്ജിക്കുമെന്നും യുഎസ് കറൻസിക്കെതിരെയുള്ള രൂപയുടെ വിനിമയത്തിൽ ഒരു രൂപയുടെ കുറവു വരെ പ്രതീക്ഷിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
1994ന് ശേഷം ആദ്യമായാണ് യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് ഇത്രയും വർധിപ്പിക്കുന്നത്. നാണയപ്പെരുപ്പം നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കായ 8.6 ശതമാനത്തിലെത്തിയതോടെയാണ് ഫെഡ് റിസർവ് നിർണായക തീരുമാനമെടുത്തത്. നിരക്കുകൾ ഇനിയും വർധിപ്പിക്കുമെന്ന സൂചനയാണ് ഫെഡ് ചെയർ ജെറോം പവൽ വാർത്താ സമ്മേളനത്തിൽ നൽകിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകൾ അവരുടെ നിരക്കുകൾ തീരുമാനിക്കുന്നയും ധനനയം ആവിഷ്‌കരിക്കുന്നതും ഫെഡ് റിസർവിന്റെ പോളിസി കൂടി നോക്കിയാണ്. ജൂണിലെ ധനനയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകൾ അമ്പത് ബേസിസ് പോയിന്റ് (ഇപ്പോൾ 4.90%) വർധിപ്പിച്ചിരുന്നു. ഇനിയും ഇതിൽ മാറ്റമുണ്ടായേക്കാം. പ്രതിമാസ വായ്പാ തിരിച്ചടവുകാരെയാണ് ഇത് കൂടുതൽ ബാധിക്കുക.
ഡോളർ കരുത്തു നേടുന്നതോടെ ഇന്ത്യൻ വിപണിയിൽനിന്ന് കൂടുതൽ വിദേശ നിക്ഷേപം പുറത്തു പോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. റിപ്പോ നിരക്ക് വർധന പ്രഖ്യാപിക്കവെ ഇക്കാര്യം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടിയിരുന്നു. 'സുരക്ഷിത നിക്ഷേപമായ യുഎസ് ഡോളറിനു വേണ്ടിയുള്ള ഡിമാൻഡ് വർധിച്ചു' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ഈ വർഷം ജനുവരി മുതൽ ഡോളറിനെതിരെയുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ ഇടിയുന്ന പ്രവണതയാണുള്ളത്. ഈ വർഷമാദ്യം വിനിമയം 74.25ൽ നിന്ന് 78.17 രൂപയായി മാറി. വിപണിയിൽനിന്ന് വിദേശ നിക്ഷേപം പിൻവലിക്കപ്പെടുന്ന പ്രവണതയും നിലവിലുണ്ട്. ഈ വർഷത്തെ ആദ്യത്തെ അഞ്ചു മാസത്തിൽ മാത്രം 1.92 ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്ന് പിൻവലിക്കപ്പെട്ടത്. ഫെഡ് റിസർവ് നിരക്കുവർധന കൂടുതൽ നിക്ഷേപം പിൻവലിക്കപ്പെടാനുള്ള സാധ്യതയൊരുക്കും.
രൂപയുടെ മൂല്യമിടിയുന്നത് ആഭ്യന്തര എണ്ണവിലയെയും പ്രതികൂലമായി ബാധിക്കും. നിലവിൽ 120 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില. ഡോളറിൽ പണം നൽകിയാണ് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത്. മൂല്യമിടിയുന്നതോടെ ഇതിനായി കൂടുതൽ ഡോളർ മുടക്കേണ്ടി വരും. ഇത് പെട്രോൾ-ഡീസൽ വില വർധനയ്ക്ക് കാരണമാകും. വിപണിയിൽ വിലക്കയറ്റത്തിനുള്ള സാഹചര്യവുമുണ്ടാകും. വില പിടിച്ചു നിർത്താൻ ഈയിടെ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇന്ധനത്തിന്റെ ഇറക്കുമതിച്ചെലവ് ഏറുന്നത് രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി കൂട്ടും. ഇത് സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കും.