മൂല്യം 50 ശതമാനം കുറച്ച് 11.5 ബില്യൺ ഡോളറാക്കി; ബൈജൂസിന് തിരിച്ചടിയായി ബ്ലാക്ക് റോക്ക് നടപടി
യുഎസ് നിക്ഷേപകരായ ഇൻവെസ്‌കോ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയിലെ നിക്ഷേപം 23 ശതമാനമായി കുറച്ചതായി റിപ്പോർട്ട്
ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ ഭീമനായ ബൈജൂസിന്റെ മൂല്യം കുറച്ച് അമേരിക്കൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്‌മെൻറ് കമ്പനിയായ ബ്ലാക്ക് റോക്ക്. മൂല്യം മുമ്പുണ്ടായിരുന്നതിൽനിന്ന് ഏകദേശം 50 ശതമാനം കുറച്ച് 11.5 ബില്യൺ ഡോളറാക്കുകയായിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസിന് 2022-ൽ അവസാനമായി വിലയിട്ടത് 22 ബില്യൺ ഡോളറായിരുന്നു. ഇതിൽനിന്ന് കുത്തനെ ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്നാണ് ടെക് മീഡിയ പ്ലാറ്റ്ഫോമായ ദി ആർക്ക് ആക്സസ് പറയുന്നത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം കുറക്കുന്നുണ്ട്. ഈ സംഭവവികാസവുമായി ബന്ധപ്പെട്ട അഭിപ്രായത്തിന് ബൈജൂസിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് വാർത്ത റിപ്പോർട്ട് ചെയ്ത ബിസിനസ് സ്റ്റാന്റേർഡ്‌സ് പറഞ്ഞത്.
2020-ലാണ് ബ്ലാക്ക്റോക്ക് 12 ബില്യൺ ഡോളർ മൂല്യത്തിൽ ബൈജൂസിന്റെ ക്യാപ് ടേബിളിൽ (കമ്പനിയുടെ ഉടമസ്ഥതയെ കുറിച്ചുള്ള രേഖ) ചേർന്നത്. 2022 ഏപ്രിലിൽ ബ്ലാക്ക്റോക്ക്, ബൈജൂസിന്റെ ഓഹരികൾ യൂണിറ്റിന് ഏകദേശം 4,660 ഡോളറായി കണക്കാക്കി. കമ്പനിയുടെ മൂല്യം ഏകദേശം 22 ബില്യൺ ഡോളറായും കണക്കുകൂട്ടി. എന്നാൽ 2022 ഡിസംബർ അവസാനത്തോടെ ബൈജൂസിന്റെ ഓഹരികളുടെ മൂല്യം ഒരു ഷെയറിന് 2,400 ഡോളറായി ബ്ലാക്ക്റോക്ക് കുറച്ചു.
ലഭ്യമായ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ട് അനുസരിച്ച്, 2021 സാമ്പത്തിക വർഷത്തിൽ ബൈജുവിന്റെ നഷ്ടം 4,588 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 19 മടങ്ങ് കൂടുതലാണിത്. കുട്ടികളുടെ കോഡിംഗ് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏറ്റെടുത്തതിലൂടെ മൊത്തം നഷ്ടത്തിന്റെ 26.73 ശതമാനവുമുണ്ടായത്. ഫെബ്രുവരിയിൽ, ബൈജൂസ് 1,000 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് കൈമാറിയതായി റിപ്പോർട്ടുണ്ട്. നഷ്ടം കുറയ്ക്കുന്നതിനും കമ്പനിയെ ലാഭത്തിലാക്കുന്നതുമായാണ് ഈ നടപടി.
അതേസമയം, യുഎസ് നിക്ഷേപകരായ ഇൻവെസ്‌കോ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയിലെ നിക്ഷേപം 23 ശതമാനമായി കുറച്ചതായി റിപ്പോർട്ട് പുറത്തുവന്നു. 2022 ജനുവരിയിൽ, ഇൻവെസ്‌കോയുടെ നേതൃത്വത്തിലുള്ള പുതിയ ഫണ്ടിംഗിൽ സ്വിഗ്ഗി 700 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതുവഴി കമ്പനിയുടെ മൂല്യം 10.7 ബില്യൺ ഡോളറാക്കിയിരുന്നു. മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം ഇരട്ടിയായിരുന്നു ഈ മൂല്യം. ബിസിനസ് രംഗത്തെ വെല്ലുവിളിയും മാന്ദ്യവും ചൂണ്ടിക്കാട്ടി സ്വിഗ്ഗി ഈ വർഷമാദ്യം 6,000 തൊഴിലാളികളിൽ നിന്ന് 380 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
2021 സാമ്പത്തിക വർഷത്തിലുണ്ടായിരുന്ന 1,616.9 കോടി രൂപ നഷ്ടം 2022ൽ 2.24 മടങ്ങ് വർധിച്ച് 3,628.9 കോടി രൂപയായതായും വാർത്തയിൽ പറയുന്നു. ചെലവിൽ 227 ശതമാനം വർധനവാണുണ്ടായത്. മുൻ വർഷം 4,292.8 കോടിയാണ് ചെലവെങ്കിൽ 2022 സാമ്പത്തിക വർഷത്തിൽ ഇത് 9,748.7 കോടി രൂപയായി. സ്വിഗ്ഗി 5,704.9 കോടിയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടും ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടി വർധനവാണ്.
Black Rock's action is a setback for Byjus, which saw its value drop 50 percent to $11.5 billion.